59.46 ലക്ഷം തട്ടിയ കേസ് ട്രഷറി ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് കേസ്

തൃശൂര്‍: വ്യാജരേഖ ചമച്ച് 59.46 ലക്ഷം രൂപയുടെ പെന്‍ഷന്‍തുക തട്ടിയെടുത്ത ട്രഷറി ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് കേസ്.  മരിച്ചവര്‍ ഉള്‍പ്പെടെ 19ഓളം പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്നും വ്യാജരേഖകള്‍ ചമച്ച് അനധികൃതമായി പണം പിന്‍വലിച്ചതിന് ട്രഷറി ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കൊടുങ്ങല്ലൂര്‍ സബ് ട്രഷറിയില്‍ 2010-2014 കാലഘട്ടത്തില്‍ ജൂനിയര്‍ സൂപ്രണ്ടായിരുന്ന കെ.എം. അലിക്കുഞ്ഞിനും മറ്റു എട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസ്. ട്രഷറി ഡയറക്ടറുടെ നിര്‍ദേശം അനുസരിച്ച് വിജിലന്‍സ് ഡയറക്ടറാണ് പരിശോധനക്ക് ഉത്തരവിട്ടത്.തുടര്‍ന്ന് വിജിലന്‍സ് ഡിവൈ.എസ്.പി എ. രാമചന്ദ്രന്‍ നടത്തിയ പരിശോധനയില്‍ 2010-14 കാലഘട്ടത്തില്‍ 403 സ്പെല്ലുകളിലായി 19 പേരുടെ പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്നും ഇയാള്‍ വ്യാജ രേഖകള്‍ ചമച്ച് പണം പിന്‍വലിച്ചതായി കണ്ടത്തെുകയായിരുന്നു. വ്യാജ പി.ടി.എസ്.ബി അക്കൗണ്ടുകള്‍ ഉണ്ടാക്കിയും വ്യാജമായി ഫാമിലി പെന്‍ഷനുകള്‍ അനുവദിച്ചും തെറ്റായി പെന്‍ഷന്‍ കുടിശ്ശികകള്‍ നല്‍കിയുമാണ് തട്ടിപ്പ് നടത്തിയിരുന്നത്. മരണപ്പെട്ട പെന്‍ഷന്‍കാരുടെ പേരില്‍ വ്യാജ അപേക്ഷകള്‍ തയാറാക്കി ചെക്കുബുക്കുകള്‍ കൈവശപ്പെടുത്തി കള്ള ഒപ്പിട്ടാണ് അലിക്കുഞ്ഞി പണം തട്ടിയത്.

ജൂനിയര്‍ സൂപ്രണ്ടായിരുന്ന കെ.എം. അലിക്കുഞ്ഞാണ് തട്ടിപ്പിന്‍െറ പ്രധാന സൂത്രധാരനും ഗുണഭോക്താവുമെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. മേല്‍നോട്ടച്ചുമതലയുള്ള ഉദ്യോഗസ്ഥര്‍ മരിച്ചവരുടെ പെന്‍ഷന്‍ മാസ്റ്റര്‍ യഥാസമയം നിര്‍ത്തലാക്കാതിരിക്കുകയും പി.ടി.എസ്.ബി അക്കൗണ്ടുകള്‍ പരിശോധിക്കാതിരിക്കുകയും കേരള സര്‍വിസ് ചട്ടത്തിന് അനുസരിച്ച് നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്തതിനാലാണ് തട്ടിപ്പ് തുടരാന്‍ വഴിയൊരുങ്ങിയതെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. മറ്റ് ഉദ്യോഗസ്ഥരായ പി.കെ അബ്ദുല്‍ മനാഫ്, ടി.ജെ. സൈമണ്‍, പി.ഐ. അസീന, ജെ. സുരേഷ്കുമാര്‍, എ.കെ. ജമീല, കെ.ഐ. സുശീല, പി.എന്‍. അനില്‍കുമാര്‍, ടി.യു. മുഹമ്മദ് ബഷീര്‍ എന്നിവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.