ദുരിതാശ്വാസനിധി: കെ. സുധാകരന് മറുപടിയുമായി മുഖ്യമന്ത്രി; ‘ചെറിയ ശബ്ദങ്ങളെ പ്രധാനമെന്ന് കാണേണ്ട’

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുന്നത് സംബന്ധിച്ച കെ. സുധാകരന്‍റെ പ്രസ്താവനക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സുധാകരന്‍ പ്രത്യേകമായി എന്തെങ്കിലും പറഞ്ഞതായിരിക്കുമെന്നും എല്ലാവരും ദുരിതാശ്വാസനിധിയോട് സഹകരിച്ചു കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

ദുരിതാശ്വാസനിധിയുമായി സഹകരിക്കുന്ന നിലപാടാണ് പൊതുവിൽ എല്ലാവരും സ്വീകരിക്കുന്നത്. ധനസഹായ ശേഖരണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അപ്പോൾ ചെറിയ ശബ്ദങ്ങളെ പ്രധാനമെന്ന് നമ്മൾ കാണേണ്ട. ഈ വിഷയത്തിൽ ആരോഗ്യകരമായ സമീപനമാണ് എല്ലാവരും സ്വീകരിക്കുന്നത്. നാം ഒന്നിച്ച് നീങ്ങി കൊണ്ടിരിക്കുകയാണെന്നും സുധാകരന്‍റെ പ്രസ്താവനയിൽ എന്താണ് ഉണ്ടായതെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.

മുൻ പ്രതിപക്ഷ നേതാവും എം.എൽ.എയുമായ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയതിനെതിരെയാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പ്രതികരിച്ചത്. സർക്കാറിന് സംഭാവന നൽകണമെന്ന് ഇവിടെയാരും പറഞ്ഞിട്ടില്ലെന്നും ഇടതുപക്ഷത്തിന് പണം കൊടുക്കേണ്ട ആവശ്യമില്ലെന്നുമാണ് സുധാകരൻ പറഞ്ഞത്. സംഭാവന നൽകാൻ കോൺഗ്രസിന്റേതായ ഫോറങ്ങളുണ്ടെന്നും അതിലൂടെ സംഭാവന നൽകുകയായിരുന്നു വേണ്ടതെന്നും സുധാകരൻ വ്യക്തമാക്കി.

അതേസമയം, കെ. സുധാകരന്‍റെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. എല്ലാവരും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സർക്കാറിനെ വിമർശിക്കേണ്ട സമയമല്ലിത്. ദുരിതാശ്വാസനിധിയിൽ സുതാര്യത വേണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

എന്നാൽ, സുധാകരന്റെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. രമേശ് ചെന്നിത്തല ഒരു മാസത്തെ ശമ്പളമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകിയത്. ദുരിതാശ്വാസനിധിക്കെതിരെ വലിയ പ്രചാരണങ്ങൾ നടക്കുന്നതിനിടെയാണ് ചെന്നിത്തല സംഭാവന നൽകിയത്.

Tags:    
News Summary - Relief Fund: Chief Minister Pinarayi Vijayan reply to K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.