ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മൂന്നിടത്ത് പാര്‍പ്പിട പദ്ധതി

തൃശൂര്‍: സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി പാര്‍പ്പിട പദ്ധതി വരുന്നു. ഇതിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. തൊഴില്‍ വകുപ്പിന് കീഴിലുള്ള ‘ഭവനം ഫൗണ്ടേഷന്‍ കേരള’ വഴി നടപ്പാക്കുന്ന ഭവനപദ്ധതിയായ ‘അപ്നാ ഘര്‍’ പ്രകാരമാണ് ഇത് നടപ്പാക്കുന്നത്. ഹോസ്റ്റല്‍ രീതിയിലുള്ള പാര്‍പ്പിട സമുച്ചയമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. അതിന്‍െറ ആദ്യ സംരംഭം പാലക്കാട് കഞ്ചിക്കോട് കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ പുരോഗമിക്കുകയാണ്. 770 പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന നിലയില്‍ എട്ടു കോടി രൂപ ചെലവഴിച്ചാണ് പാലക്കാട്ടെ സമുച്ചയം ഒരുങ്ങുന്നത്.

ഇതേ മാതൃകയില്‍ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളില്‍കൂടി പാര്‍പ്പിട സൗകര്യം ഒരുക്കാനാണ് തീരുമാനം. സംസ്ഥാനത്ത് 30 ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. കേരള കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം കുറവാണ്. 2013ല്‍ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ നടത്തിയ പഠനത്തില്‍ 25 ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികള്‍ സംസ്ഥാനത്തുണ്ടെന്നാണ് കണ്ടത്തെിയത്.

കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ അഞ്ച് ലക്ഷം കൂടി വര്‍ധിച്ചിരിക്കാമെന്നാണ് ഒൗദ്യോഗിക വിലയിരുത്തല്‍. എന്നാല്‍ കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതിയില്‍ 53,136 പേര്‍ മാത്രമെ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ. കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വെല്‍ഫെയര്‍ ബോര്‍ഡിന്‍െറ കീഴില്‍ 2010 മാര്‍ച്ച് മുതലാണ് കേരള കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതി നടപ്പാക്കി വരുന്നത്. കേരളത്തില്‍ നിര്‍മാണ മേഖലയിലാണ് ഇതര സംസ്ഥാന തൊഴിലാളികളില്‍ അധികവും ജോലി ചെയ്യുന്നതെന്ന് പഠനത്തില്‍ കണ്ടത്തെിയെങ്കിലും അവരെ ക്ഷേമപദ്ധതിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടില്ല.

കരാറുകാര്‍ താല്‍പര്യമെടുക്കാത്തതാണ് ഇതിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അപകട മരണ ധനസഹായം, മാരക രോഗങ്ങള്‍ക്ക് ചികിത്സാ ധനസഹായം, കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം, മൃതശരീരം നാട്ടില്‍ എത്തിക്കാനുള്ള ധനസഹായം, ചികിത്സ, പ്രസവ ധനസഹായം എന്നീ ആനുകൂല്യങ്ങള്‍ ലഭിക്കും. എന്നാല്‍ ഇതര സംസ്ഥാന തൊഴിലാളികളിലേറെയും ഇതേക്കുറിച്ച് അജ്ഞരാണ്. അവരെ ഇക്കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാനുള്ള നടപടി ഉണ്ടാകാത്തതാണ് പദ്ധതിയിലെ എണ്ണക്കുറവിന് കാരണമെന്നും പറയപ്പെടുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.