മൈക്രോഫിനാന്‍സ് തട്ടിപ്പു കേസ്: സൈബര്‍ കാമ്പയിനുമായി എസ്.എന്‍.ഡി.പി

ആലപ്പുഴ: മൈക്രോഫിനാന്‍സ് വിഷയത്തില്‍ പ്രതിരോധത്തിലായ എസ്.എന്‍.ഡി.പി യോഗം നേതൃത്വം മുഖംരക്ഷിക്കാന്‍ സാമൂഹിക മാധ്യമങ്ങളുടെ സഹായം തേടുന്നു. യോഗത്തിന്‍െറ കീഴിലെ സൈബര്‍സേനയാണ് കാമ്പയിന്‍ ഏറ്റെടുത്തിരിക്കുന്നത്. സൈബര്‍ സേന സംസ്ഥാന ജോയന്‍റ് കണ്‍വീനര്‍മാരായ ദഞ്ചുദാസ് ചെറുവള്ളിമുക്ക്, സുരേഷ്ബാബു മാധവന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സൈബര്‍ പ്രചാരണം ശക്തമാക്കിയിരിക്കുന്നത്. വെള്ളാപ്പള്ളി നടേശന്‍ നയിച്ച സമത്വമുന്നേറ്റ യാത്രയുടെ കാലത്ത് സൈബര്‍ സേന സജീവമായിരുന്നു.

ഫേസ്ബുക്കില്‍ പ്രചരിക്കുന്ന പോസ്റ്റ് തുടങ്ങുന്നത് മൈക്രോഫിനാന്‍സ് പദ്ധതി യോഗത്തിന്‍െറ കണ്ടുപിടിത്തമല്ളെന്നു പറഞ്ഞാണ്. 1800കളില്‍ ലാറ്റിനമേരിക്കന്‍ നാടുകളില്‍ കൃഷിക്കാര്‍ക്കിടയില്‍ ചെറിയ സമ്പാദ്യ പദ്ധതിയിലൂടെയും കര്‍ഷകര്‍ക്കും ചെറുകിട കുടില്‍വ്യവസായ സംരംഭകര്‍ക്കുമിടയില്‍ വായ്പാ പദ്ധതിയിലൂടെയും മുന്നേറിയ മഹദ് സംരംഭമായിരുന്നു ഇത്. രണ്ടാം ലോകയുദ്ധ കാലഘട്ടങ്ങളില്‍ സാമ്പത്തിക പ്രതിസന്ധിയും പട്ടിണിയും പരിഹരിച്ചത് പദ്ധതിയായിരുന്നു, 1983ല്‍ മുഹമ്മദ് യൂനുസ് എന്ന സാമ്പത്തിക വിദഗ്ധന്‍ ബംഗ്ളാദേശില്‍ നടപ്പാക്കിയ സംരംഭമാണ് പിന്നീട് പടര്‍ന്നുപന്തലിച്ച് ഇന്നത്തെ മൈക്രോഫിനാന്‍സ് പദ്ധതിയായത് എന്നിങ്ങനെ പോകുന്നു പോസ്റ്റിലെ വിശദീകരണം. അതേസമയം, യൂനിയനുകളിലും ശാഖകളിലും നേരത്തേ പരിചയപ്പെടുത്തിയിരുന്നത് വെള്ളാപ്പള്ളിയാണ് മൈക്രോഫിനാന്‍സ് പദ്ധതിയുടെ ഉപജ്ഞാതാവെന്ന നിലയിലാണ്.

കേസ് മുന്നോട്ടുപോയാല്‍ ക്രമക്കേട് കാട്ടിയവരായിരിക്കും കുറ്റക്കാരെന്ന് ചൂണ്ടിക്കാട്ടി അടൂര്‍, തൃക്കരിപ്പൂര്‍, പുല്‍പ്പള്ളി തുടങ്ങിയ യൂനിയനുകളിലെ  ഭാരവാഹികളെ പോസ്റ്റില്‍ വിമര്‍ശിക്കുന്നുണ്ട്. വായ്പ എടുത്തയാള്‍ തിരിച്ചടച്ചില്ളെങ്കില്‍ ബാങ്ക് പ്രസിഡന്‍േറാ സെക്രട്ടറിയോ ഭരണസമിതിയോ കുറ്റക്കാരായി അവരെ ശിക്ഷിക്കാന്‍ സാധിക്കുമോ എന്ന ചോദ്യവും സൈബര്‍ സേന നിരത്തുന്നു. ഇതിനിടെ സൈബര്‍ സേന എന്ന പേര് സ്വീകരിച്ചതിനുപിന്നില്‍ എസ്.എന്‍.ഡി.പി സ്വീകരിച്ചുപോരുന്ന സംഘ്പരിവാര്‍ ബന്ധമാണെന്ന ആക്ഷേപം ശക്തമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.