തിരുവനന്തപുരം: ഗീതാഗോപിനാഥിനെ നിയമിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. ആധുനിക കാലഘട്ടത്തിനു ചേരുന്ന തരത്തിലേക്ക് ചിന്തകളും നിലപാടുകളും മാറ്റാന്‍ തയാറാണെന്ന പിണറായിയുടെ സമീപനം നല്ലതാണ്. നരേന്ദ്ര മോദി സര്‍ക്കാറിനെ പ്രകീര്‍ത്തിക്കുന്ന ഗീതയെ കൊണ്ടുവരുന്നത് ഇടതു സാമ്പത്തികനയങ്ങള്‍ കാലഹരണപ്പെട്ടെന്ന തിരിച്ചറിവുകൊണ്ടാണോയെന്ന് അദ്ദേഹം വ്യക്തമാക്കണം.
ഈ തീരുമാനത്തെക്കുറിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക് അഭിപ്രായം പറയണം. സഹപ്രവര്‍ത്തകനില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണോ ഉപദേശകയെ വെച്ചതെന്ന സംശയം ദൂരീകരിക്കേണ്ടത് മുഖ്യമന്ത്രിയാണ്. ഇത്രകാലം ഇടതുപക്ഷം പിന്തുടര്‍ന്നുവന്ന സാമ്പത്തിക നയങ്ങള്‍ കേരളത്തിന്‍െറ പുരോഗതിയെ പിറകോട്ടടിക്കാന്‍ മാത്രമാണ് സഹായിച്ചത്. ഇതു തിരിച്ചറിഞ്ഞാണ് പിണറായി പുതിയ തീരുമാനം എടുത്തതെന്ന് വേണം കരുതാന്‍.
ഭരണകക്ഷി ചെയ്യുന്നതിനെയെല്ലാം എതിര്‍ക്കുകയെന്ന മൗഢ്യം ബി.ജെ.പിക്കില്ല. ഗീതാഗോപിനാഥ് നല്‍കുന്ന ഉപദേശങ്ങള്‍ സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കണം. നാടിന് നന്മയുണ്ടാക്കുന്ന ഉപദേശങ്ങള്‍ മാത്രമേ സ്വീകരിക്കപ്പെടുകയുള്ളൂവെന്ന് ഉറപ്പാക്കാനുള്ള ബാധ്യത മുഖ്യമന്ത്രി നിറവേറ്റണം.
ലോകത്തിലെ ഏറ്റവും നല്ല ഉപദേശങ്ങള്‍ കിട്ടുന്ന ആളായി മുഖ്യമന്ത്രി മാറട്ടെ എന്ന് ആശംസിക്കുകയാണ്. ആ ഉപദേശങ്ങള്‍ ജനാധിപത്യം പുലരാന്‍ സാമൂഹിക രംഗത്തും ഉപയോഗിക്കണം. രാഷ്ട്രീയ എതിരാളികള്‍ ഉന്മൂലനം ചെയ്യപ്പെടേണ്ടവരാണെന്ന ഫാഷിസ്റ്റ് ചിന്താഗതി അവസാനിപ്പിക്കാനും പിണറായി തയാറായാല്‍ കേരളത്തിന്‍െറ പുരോഗതി സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
വിമര്‍ശം അനവസരത്തില്‍ –ജോസ് കെ.മാണി
മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതയായ ഗീതാ ഗോപിനാഥിനെതിരെയുള്ള വിമര്‍ശങ്ങള്‍ അനാവശ്യവും അനവസരത്തിലുള്ളതുമാണെന്ന് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി ജോസ് കെ.മാണി എം.പി. ആഗോള പ്രശസ്തയായ മലയാളിയായ അവരുടെ കാഴ്ചപ്പാടുകളും ബന്ധങ്ങളും സംസ്ഥാനത്തിന്‍െറ വികസനത്തിന് ഉപകരിക്കുമെങ്കില്‍ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. നല്‍കുന്ന ഉപദേശങ്ങളുടെ ഗുണദോഷങ്ങള്‍ വിലയിരുത്തിവേണം തള്ളണോ കൊള്ളണോ എന്നു തീരുമാനിക്കേണ്ടത്.
അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവസരം ഉണ്ടാകുന്നതിനു മുമ്പേയുള്ള വിമര്‍ശങ്ങളും വിവാദങ്ങളും അനവസരത്തിലുള്ളതാണ്. വിദഗ്ധരായവരുടെ ആശയങ്ങള്‍ സംസ്ഥാന വികസനത്തിന് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.