കലയുടെ നെഞ്ചത്ത്; അല്ളെങ്കില്‍ കളരിക്കു പുറത്ത് -പരമ്പര

തിരുവനന്തപുരത്തും തൃശൂരിലും ഇപ്പോള്‍ വലിയ ചൂടാണ്. സാഹിത്യ അക്കാദമിയില്‍ ഇടംപിടിക്കാനുള്ളവരുടെ തിരക്ക്. പേരുകള്‍ ചിലതൊക്കെ അന്തരീക്ഷത്തിലുണ്ട്. യു.ഡി.എഫ് ഭരിക്കുമ്പോള്‍ ‘അക്കാദമിക ഇടി’ വലിയ തമാശയാണ്. വ്യക്തികള്‍ നേരിട്ടാണ് ‘ഓപറേഷന്‍’.
യു.ഡി.എഫ് ഭരിക്കുമ്പോള്‍ അക്കാദമിയില്‍ കയറിപ്പറ്റാന്‍ പത്രത്തില്‍ പ്രതികരണങ്ങളിലേക്ക് കത്തെഴുതിയാലും മതി. അങ്ങനെയാണ് ഗുരുവായൂര്‍ കഥാകാരന്‍െറ മകന്‍ കഴിഞ്ഞ സര്‍ക്കാറിന്‍െറ അവസാന കാലത്ത് ഒറ്റ ദിവസംകൊണ്ട് ജനറല്‍ കൗണ്‍സിലിലും എക്സിക്യൂട്ടിവിലും കയറിക്കൂടിയത്. ഇദ്ദേഹത്തിന്‍െറ സാഹിത്യ സംഭാവനയെന്താ, ഒറ്റ ദിവസംകൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാമോ, മാനദണ്ഡമില്ളേ എന്നൊക്കെ ചോദിച്ചാല്‍ അതൊക്കെ അങ്ങനെയാണ് എന്നേ പറയാനുള്ളൂ.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത അക്കാദമി ജനറല്‍ കൗണ്‍സിലില്‍ മാവേലിക്കരക്കാരന്‍ ജെന്നിസ് ജേക്കബ് എന്നൊരാള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന് ഒരു നോട്ടീസെഴുതിപ്പോലും പരിചയമില്ളെന്ന് കാണിച്ച് അക്കാദമിയുടെ മുന്‍ പബ്ളിക്കേഷന്‍ ഓഫിസര്‍ ലോകായുക്തക്ക് പരാതി നല്‍കി. രണ്ടു വര്‍ഷം ‘പരിശോധിച്ചപ്പോള്‍’ ലോകായുക്ത കണ്ടുപിടിച്ചു, അത് സാരമില്ല. അഴിമതി നടന്നുവെന്ന് പരാതിക്കാരന് തെളിയിക്കാനായിട്ടില്ലല്ളോ എന്ന്.
എം.പി. നാരായണപ്പിള്ളയുടെ ‘പരിണാമം’ എന്ന നോവല്‍ കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡിന് എത്തിയപ്പോള്‍ വിധികര്‍ത്താക്കളില്‍ ഒരാള്‍ കോവിലന്‍ എന്ന അയ്യപ്പനായിരുന്നു. അന്ന് കോവിലന്‍ പരിണാമത്തിന് കൊടുത്ത മാര്‍ക്ക് പൂജ്യം. ആ വര്‍ഷത്തെ അവാര്‍ഡ് കിട്ടിയത് പരിണാമത്തിന്. അക്കാദമി അവാര്‍ഡിന്‍െറ മാനദണ്ഡമെന്താണ്? അക്കാദമി 10 പുസ്തകങ്ങള്‍ തെരഞ്ഞെടുക്കും. അത് മൂന്ന് വിധികര്‍ത്താക്കള്‍ക്കു കൊടുക്കും. അവര്‍ തോന്നിയപോലെ മാര്‍ക്കിടും. ഇഷ്ടക്കാരെ വളര്‍ത്തുന്ന കാലമായതുകൊണ്ട് മൂല്യവും മൗലികതയുമൊക്കെ കയ്യാലപ്പുറത്ത്. ഇഷ്ടക്കാരനോടുള്ള ഇഷ്ടം മാത്രം മാനദണ്ഡമാക്കും.
മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് കഥക്ക് കിട്ടിയ അവാര്‍ഡ് ഒരു പ്രത്യുപകാരത്തിന്‍െറ കഥ പറയുന്നതാണ്. രാജകൃഷ്ണനും ആഷാമേനോനുമൊക്കെ വിധികര്‍ത്താക്കളായിരുന്ന സമിതിയില്‍ ഒരാള്‍ പരമാവധി മാര്‍ക്കിട്ട് ഒരാള്‍ക്ക് അവാര്‍ഡ് സംഘടിപ്പിച്ചുകൊടുത്തു. അതിന്‍െറ പിന്നാമ്പുറം പരിശോധിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്. ഒരു പുസ്തകപ്രസാധന സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഈ വിധികര്‍ത്താവിന് മുമ്പ് ഒരു ബാങ്കിന്‍െറ സാഹിത്യ അവാര്‍ഡ് വാങ്ങിക്കൊടുക്കാന്‍ മുന്‍കൈയെടുത്തതിന്‍െറ ഉപകാരസ്മരണയായിരുന്നു. കഴിഞ്ഞ, അഥവാ ഇപ്പോഴും തുടരുന്ന ഭരണസമിതി ഒരു പ്രശസ്ത കഥാകാരന് അവാര്‍ഡ് കൊടുത്തപ്പോള്‍ മൂന്ന് വിധികര്‍ത്താക്കളും കൊടുത്തത് ഫുള്‍ മാര്‍ക്ക്. പണ്ട് അക്കിത്തത്തിന് ഇങ്ങനെ ഫുള്‍ മാര്‍ക്കിട്ട് അവാര്‍ഡ് കൊടുത്തത് കേട്ടപ്പോള്‍ സുകുമാര്‍ അഴീക്കോട് പറഞ്ഞതാണ് ചിലര്‍ ഓര്‍ത്തത്; ഞാനാണെങ്കില്‍ കാളിദാസനു പോലും നൂറു മാര്‍ക്ക് കൊടുക്കില്ലായിരുന്നു.
സാഹിത്യസംഭാവന മാത്രമല്ല, കുറച്ചൊക്കെ പ്രായവും അക്കാദമിയുടെ വിശിഷ്ടാംഗമാകാന്‍ നല്ലതാണ് എന്നാണ് വെപ്പ്. നവതിയോടടുക്കുന്ന എം.ആര്‍. ചന്ദ്രശേഖരനും 80ല്‍ എത്തിയ യു.എ. ഖാദറിനും വിശിഷ്ടാംഗമാകാന്‍ യോഗമുണ്ടായില്ല. തോമസ് മാത്യുവും എന്‍.എസ്. മാധവനുമൊക്കെ ആവുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.