മംഗളൂരു: പ്രധാന്‍മന്ത്രി ഗ്രാമീണ്‍ സഡക് യോജന (പി.എം.ജി.എസ്.വൈ) പദ്ധതിയില്‍ റോഡുകളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും ബന്ധപ്പെട്ട ലോക്സഭാംഗംതന്നെ നിര്‍വഹിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഇതുസംബന്ധിച്ച് കേന്ദ്ര ഗ്രാമവികസന മന്ത്രാലയ ഡയറക്ടര്‍ പി. മനോജ്കുമാര്‍ ജൂലൈ 27ന് അടിയന്തര പ്രാധാന്യത്തോടെ സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്ക് കത്തയച്ചു.
കഴിഞ്ഞ തിങ്കളാഴ്ച കേന്ദ്ര ഗ്രാമവികസനമന്ത്രി എം.പിമാരുമായി ആശയവിനിമയം നടത്തുന്നതിനിടെ ഉത്തര്‍പ്രദേശില്‍നിന്നുള്ള ലോക്സഭാംഗങ്ങള്‍ ഉന്നയിച്ച പരാതിയെ തുടര്‍ന്നാണ് ഡയറക്ടറുടെ കത്ത്. ചടങ്ങില്‍ സംസ്ഥാനമന്ത്രി, എം.എല്‍.എ എന്നിങ്ങനെ പ്രോട്ടോകോള്‍ പ്രകാരം അധ്യക്ഷത വഹിക്കാം. 2011 ജൂലൈ 28ന് ഇതുസംബന്ധിച്ച് തീരുമാനമെടുത്തിരുന്നെങ്കിലും എം.പിമാരെ അറിയിക്കാതെ സംസ്ഥാനമന്ത്രിമാരും എം.എല്‍.എമാരും മറ്റു ജനപ്രതിനിധികളും ചേര്‍ന്ന് ചടങ്ങ് നടത്തുന്നതാണ് പൊതുരീതി.
പുതിയ നിര്‍ദേശമനുസരിച്ച് ഇത്തരം ഏര്‍പ്പാടുകള്‍ പറ്റില്ല. പി.എം.ജി.എസ്.വൈ പദ്ധതിയില്‍ അപേക്ഷ സ്വീകരിക്കണമെങ്കില്‍ നേരത്തേ അനുവദിച്ച ഫണ്ട് വിനിയോഗിച്ച് നിര്‍മിച്ച റോഡ് ഉദ്ഘാടനം എം.പി നിര്‍വഹിച്ചതിന്‍െറ ഡിജിറ്റല്‍ ഫോട്ടോ ഒപ്പം സമര്‍പ്പിക്കണം. അസൗകര്യംകാരണം എം.പിക്ക് പങ്കെടുക്കാന്‍ കഴിയാത്തതാണെങ്കില്‍ ചടങ്ങ് നിര്‍വഹിക്കാന്‍ അഭ്യര്‍ഥിച്ച് അയച്ച കത്തിന്‍െറ പകര്‍പ്പ് ഹാജരാക്കേണ്ടതുണ്ട്.
പി.എം.ജി.എസ്.വൈ റോഡുകള്‍ നിര്‍ണയിക്കാനുള്ള അധികാരം അതത് മണ്ഡലം എം.പിക്ക് നല്‍കി സര്‍ക്കാര്‍ നേരത്തേ ഉത്തരവിറക്കിയിരുന്നു. എം.എല്‍.എ, തദ്ദേശസ്വയംഭരണ സ്ഥാപനം, വനിത, ദലിത് എന്നീ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതിയുടെ സഹായത്തോടെയാണ് എം.പി റോഡ് കണ്ടെത്തേണ്ടത്. ശിലാസ്ഥാപന, ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് പദ്ധതിഫണ്ടില്‍നിന്ന് വിനിയോഗിക്കാവുന്ന തുക 5000 രൂപയില്‍നിന്ന് 10,000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.
നടപ്പുവര്‍ഷത്തെ പി.എം.ജി.എസ്.വൈ പദ്ധതിനിര്‍വഹണത്തില്‍ ജൂണ്‍ 30വരെയുള്ള കണക്കുപ്രകാരം കര്‍ണാടക 30 ശതമാനം പുരോഗതി കൈവരിച്ചു. 800 കി.മീറ്റര്‍ റോഡ് അനുവദിച്ചതില്‍ 244 കി.മീറ്റര്‍ പൂര്‍ത്തിയായി. സംസ്ഥാനവിഹിതമായി നല്‍കേണ്ട തുകയില്‍ 1.49 കോടി രൂപ കുടിശ്ശികയാണ്. 18 ശതമാനമാണ് കേരളത്തിന്‍െറ പുരോഗതി. 430 കി.മീറ്റര്‍ റോഡ് അനുവദിച്ചതില്‍ ജൂണ്‍ 30വരെ പൂര്‍ത്തിയായത് 77 കി.മീറ്ററാണ്. 34 കോടി രൂപയാണ് സംസ്ഥാനവിഹിത കുടിശ്ശിക. 2010-11ല്‍ അനുവദിച്ച 97 റോഡ് പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കാന്‍ ബാക്കിയാണെന്ന് ഡയറക്ടറുടെ നിര്‍ദേശത്തിന്‍െറ അനുബന്ധപട്ടികയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.