വര്‍ഗീയ ധ്രുവീകരണ ശ്രമം ഒറ്റക്കെട്ടായി ചെറുക്കണം –എം.ഐ. അബ്ദുല്‍ അസീസ്

തിരുവനന്തപുരം: മതസൗഹാര്‍ദവും ബഹുസ്വരതയും തകര്‍ത്ത് രാജ്യത്ത് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ തീവ്രശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഇത്തരം പ്രവണതകള്‍ ജാതിമതവ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്. ആത്മീയ വ്യതിചലനത്തിനും ഇസ്ലാമോഫോബിയക്കുമെതിരെ ജമാഅത്തെ ഇസ്ലാമി കേരളയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ നടന്ന ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിന്‍െറ പേരില്‍ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങളിലൂടെയാണ് ധ്രുവീകരണശ്രമങ്ങള്‍ നടക്കുന്നത്.  ഏതാനും ആളുകളുടെ തിരോധാനത്തിന്‍െറ പേരില്‍ കേരളത്തില്‍നിന്ന് വന്‍തോതില്‍ ഐ.എസിലേക്ക് റിക്രൂട്ട്മെന്‍റ് നടക്കുന്നെന്ന തരത്തിലാണ് പ്രചാരണങ്ങള്‍. കാണാതായവര്‍ ഐ.എസിലത്തെിയെന്ന് സര്‍ക്കാറോ ബന്ധപ്പെട്ട അധികൃതരോ സ്ഥിരീകരിച്ചിട്ടില്ല.  ശത്രുക്കള്‍ നടത്തുന്ന ഗൂഢ പദ്ധതിയാണ് ഐ.എസ്. സാമ്രാജ്യത്വ ശക്തികളുടെ പ്രവര്‍ത്തനഫലമായാണ് ഐ.എസ് ഉണ്ടായത്. അവര്‍ കൂടുതലും കൊന്നൊടുക്കുന്നത് മുസ്ലിംകളെയാണ്. ഇസ്ലാമിന്‍െറ സാങ്കേതികപദങ്ങള്‍ അറപ്പുളവാക്കുന്നതരത്തില്‍ അവതരിപ്പിക്കാന്‍ സാമ്രാജ്യത്വം നടത്തുന്ന പദ്ധതിയാണിത്.
ആത്മീയത നേടേണ്ടത് സാമൂഹിക ജീവിതത്തില്‍നിന്ന് ഒളിച്ചോടിയല്ല. ജനങ്ങള്‍ക്കിടയില്‍ ജീവിച്ചും സാമൂഹിക ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചുമാണ് അത് കൈവരിക്കേണ്ടത്. മതത്തെ സമ്പൂര്‍ണമായി പഠിപ്പിക്കലാണ് ഇതിനുള്ള പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് എച്ച്. ഷഹീര്‍ മൗലവി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്‍റ് അമീര്‍ വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി എം.കെ. മുഹമ്മദലി, ജില്ലാ സെക്രട്ടറി എ. അന്‍സാരി, സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് സി.എ. നൗഷാദ്, എസ്.ഐ.ഒ ജില്ലാ പ്രസിഡന്‍റ് ഹസന്‍ നസീഫ്, എ. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.