വെളിച്ചെണ്ണ നികുതിയില്‍നിന്ന് സമാഹരിക്കുന്ന തുക കേരകര്‍ഷകര്‍ക്കെന്ന് തോമസ് ഐസക്

കൊച്ചി: സംസ്ഥാനത്ത് ഉപയോഗിക്കുന്ന വെളിച്ചെണ്ണയുടെ 75 ശതമാനവും കേരളത്തിന് പുറത്തുനിന്നായതുകൊണ്ടാണ് അഞ്ച് ശതമാനം നികുതിയേര്‍പ്പെടുത്തിയതെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ഇവിടെനിന്ന് തേങ്ങ കൊണ്ടുപോയാണ് മറ്റ് സംസ്ഥാനങ്ങളിലെ വ്യാപാരികള്‍ വെളിച്ചെണ്ണയായി കേരളത്തില്‍ വിറ്റഴിക്കുന്നത്. വെളിച്ചെണ്ണ നികുതി നാളികേര കര്‍ഷകരെ ബാധിക്കില്ല. ഇതില്‍നിന്ന് പ്രതീക്ഷിക്കുന്ന 150 കോടി നാളികേര കര്‍ഷകര്‍ക്കായി വിനിയോഗിക്കും. അനുഭവം നോക്കിയിട്ട് ഫലപ്രദമല്ളെങ്കില്‍ നിര്‍ദേശം പിന്‍വലിക്കും. നാളികേര കര്‍ഷക ഉല്‍പാദക കമ്പനികളുടെ കണ്‍സോര്‍ട്ട്യം സംഘടിപ്പിച്ച കേര കര്‍ഷകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാളികേര സംഭരണത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കും. കര്‍ഷകരുടെ കൂട്ടായ്മയുണ്ടെങ്കില്‍ സംഭരണത്തിനായി പുതിയ സംവിധാനവും സോഫ്റ്റ്വെയറും തയാറാക്കും. തുക ബാങ്ക് വഴി കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. നാളികേരത്തില്‍നിന്ന് നീര കൂടാതെ മറ്റ് മൂല്യവര്‍ധിത ഉല്‍പന്നങ്ങളും ഉണ്ടാക്കണം. നാളികേരം മാത്രമല്ല സംസ്കരിച്ച ചകിരി, ചകരിച്ചോറ്, തടി തുടങ്ങിയവ ഉല്‍പാദിപ്പിച്ചാല്‍ സര്‍ക്കാര്‍ സംഭരിക്കാന്‍ ഒരുക്കമാണ്. കര്‍ഷകര്‍ക്ക് ഏകപക്ഷീയമായി വിലനിശ്ചയിക്കാന്‍ കഴിയുന്ന സാഹചര്യമില്ല. വ്യവസായികളാണ് വില നിശ്ചയിക്കുന്നത്. ഇതിന് മാറ്റം വരണമെങ്കില്‍ നാളികേര കര്‍ഷക ഉല്‍പാദക കമ്പനികളുടെ പ്രവര്‍ത്തനം വിപുലീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.