ചരല്‍ക്കുന്ന് ക്യാമ്പിൽ മുന്നണിമാറ്റം ചര്‍ച്ച ചെയ്യുമെന്ന് കേരള കോണ്‍ഗ്രസ് എം

കോട്ടയം: ചരല്‍ക്കുന്ന് ക്യാമ്പില്‍ മുന്നണിമാറ്റം ചര്‍ച്ചചെയ്യുമെന്ന് കേരള കോണ്‍ഗ്രസ് എം. നിയമസഭയില്‍ പ്രത്യേക ബ്ലോക്കും ചര്‍ച്ചാവിഷയമാകും. ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി നിലപാടെടുക്കുമെന്ന് മാണി ഗ്രൂപ്പ് നേതാവ് ജോയി എബ്രഹാം എം.പി അറിയിച്ചു. എം.എൽ.എമാരുടെയും എം.പിമാരുടെയും അഭിപ്രായങ്ങള്‍ക്ക് പ്രധാന്യം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തിൽ മാണിയും നിർദേശം നൽകിയിട്ടുണ്ട്. കേരള കോൺഗ്രസ് എം.എൽ.എമാർക്ക് മാണി നിർദേശം നൽകി. പാർട്ടിയിലെ ചതിയൻ ചന്തുമാരെല്ലാം പുറത്തായെന്നും ജോയ് എബ്രഹാം വ്യക്തമാക്കി.

ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ എം.എൽ.എമാർ അടക്കമുള്ളവരുമായി പാർട്ടി ചെയർമാൻ കെ.എം മാണി കൂടിക്കാഴ്ച നടത്തുന്നുണ്ട്.  ഇതിന് ശേഷമാകും മുന്നണി വിടുന്ന കാര്യത്തിൽ തീരുമാനം എടുക്കുക. ഇതിനു ശേഷം പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും ചേരും.

അതേസമയം, പാർട്ടി തീരുമാനത്തിനൊപ്പം നിൽക്കുമെന്നാണ് പി.ജെ ജോസഫ് വ്യക്തമാക്കിയിട്ടുള്ളത്. പാർട്ടിയെ പിളർത്താനോ ദുർബലമാക്കാനോ തയാറാകില്ലെന്നും ഭൂരിപക്ഷ അഭിപ്രായത്തിനൊപ്പം നിൽക്കുമെന്നും ജോസഫും വ്യക്തമാക്കി. അതേസമയം, യു.ഡി.എഫ് വിട്ടാലും ഇടതു മുന്നണിയുടെ ഭാഗമാകാനോ ബി.ജെ.പിക്കൊപ്പം ചേരാനോ താനില്ലെന്നും ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ കെ.എം മാണിയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് എമ്മും യു.ഡി.എഫ് വിടില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍ വ്യക്തമാക്കി. മുന്നണിയിലെ മുതിര്‍ന്ന നേതാവായ മാണി യു.ഡി.എഫിന്‍റെ അവിഭാജ്യ ഘടകമാണ്. ഉമ്മന്‍ചാണ്ടിയും മാണിയുമായി ചര്‍ച്ച നടത്തിയതില്‍ അസ്വാഭാവികതയൊന്നും ഇല്ല. ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ കഴിയാത്ത ഒരു പ്രശ്‌നവും യുഡിഎഫില്‍ ഇല്ലെന്നും സുധീരന്‍ വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.