ജി.വി. രാജ സ്കൂളിലെ ഭക്ഷ്യവിഷബാധ; ഹെഡ്മിസ്ട്രസിന് സസ്പെന്‍ഷന്‍

തിരുവനന്തപുരം: ജി.വി. രാജ സ്പോര്‍ട്സ് സ്കൂളിലുണ്ടായ ഭക്ഷ്യവിഷബാധയില്‍ ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും പ്രത്യേകം അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഭക്ഷ്യസുരക്ഷാ കമീഷണര്‍ക്ക് നിര്‍ദേശം നല്‍കി. സംഭവത്തില്‍ ഗുരുതര വീഴ്ച ഉണ്ടായെന്ന പ്രാഥമികാന്വേഷണത്തിന്‍െറ അടിസ്ഥാനത്തില്‍ സ്കൂള്‍ ഹെഡ്മിസ്ട്രസിനെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു.

അന്വേഷിച്ച് 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ അഡീഷനല്‍ ഡയറക്ടറെ ചുമതലപ്പെടുത്തി. ചികിത്സയില്‍ കഴിഞ്ഞ കുട്ടികളുടെ രക്തസാമ്പിളുകളും ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകളും ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധനക്ക് ശേഖരിച്ചു. ഒരാഴ്ചക്കകം ഇതിന്‍െറ റിപ്പോര്‍ട്ട് ലഭിക്കും. സംഭവം സ്കൂള്‍ എച്ച്.എം വിദ്യാഭ്യാസ വകുപ്പിലെ ബന്ധപ്പെട്ടവരെ അറിയിച്ചില്ളെന്നും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ളെന്നും അടക്കമുള്ള ഗുരുതരവീഴ്ചകള്‍ ഉണ്ടായെന്ന് ബോധ്യപ്പെട്ടു. എന്നാല്‍, സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. അതേസമയം, മെഡിക്കല്‍കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 27 വിദ്യാര്‍ഥികളില്‍ 26 പേരും ആശുപത്രി വിട്ടു. 13 കാരനായ ആസിഫ് മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

71 കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. എന്നാല്‍, 350 കുട്ടികളുള്ള ഹോസ്റ്റലില്‍ മറ്റു കുട്ടികളെല്ലാവരും സുരക്ഷിതരുമാണ്. ഈ സാഹചര്യത്തിലാണ് സ്കൂള്‍ അധികൃതര്‍ പുറത്തുനിന്നുള്ള ഇടപെടലില്‍ സംശയം പ്രകടിപ്പിച്ചത്. ഇക്കാര്യവും അന്വേഷണപരിധിയില്‍ വരും. കുടുംബശ്രീക്കാണ് സ്കൂളിലെ മെസ് നടത്തിപ്പ് ചുമതല. വിഷബാധയത്തെുടര്‍ന്ന് മെസ് താല്‍ക്കാലികമായി പൂട്ടിയിരിക്കുകയാണ്.
ശനിയാഴ്ചയാണ് ജി.വി. രാജ സ്പോര്‍ട്സ് സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.