കോട്ടയം: സർക്കാറിന് വീടും സ്ഥലവും കൈമാറി വനാതിർത്തികളിൽനിന്ന് കുടിയിറങ്ങിയത് 805 പേർ. വന്യമൃഗശല്യമടക്കം രൂക്ഷമായതോടെയാണ് ഇവർ പണം വാങ്ങി വനംവകുപ്പിന് ഭൂമി വിട്ടുനൽകിയത്. ഇതുവരെ 155 ഹെക്ടർ ഭൂമിയാണ് വകുപ്പ് ഏറ്റെടുത്തത്. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി വനംവകുപ്പ് ആവിഷ്ക്കരിച്ച സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇവർ ഭൂമി കൈമാറിയത്. വനത്തിനകത്തും അതിർത്തിയിലുമായി താമസിക്കുന്ന ആദിവാസികളല്ലാത്ത സ്വകാര്യ വ്യക്തികളുടെ പട്ടയഭൂമി വനംവകുപ്പ് ഏറ്റെടുത്ത് പണം നൽകുന്നതാണ് പദ്ധതി. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ സ്ഥലം കൈമാറിയത്. വയനാടാണ് തൊട്ടുപിന്നിൽ. കണ്ണൂർ, കാസർകോട്, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിൽനിന്നുള്ളവരും വനംവകുപ്പിന് സ്ഥലം കൈമാറി. 4000ത്തോളം പേർ ഭൂമി വിട്ടുനൽകാനായി അപേക്ഷയും നൽകിയിട്ടുണ്ട്. എന്നാൽ, ഫണ്ടില്ലാത്തതിനാൽ പുതിയ അപേക്ഷകൾ വനംവകുപ്പ് പരിഗണിക്കുന്നില്ല.
റീബിൽഡ് കേരള പദ്ധതിയിൽപെടുത്തി ലോക ബാങ്ക്, കിഫ്ബി എന്നിവയുടെ ധനസഹായത്തോടെയുള്ള പദ്ധതിയിൽ നഷ്ടപരിഹാരമായി 110 കോടിയാണ് ഇതുവരെ കൈമാറിയത്. വന്യമൃഗശല്യം, യാത്രാപ്രശ്നങ്ങൾ, പ്രകൃതിദുരന്ത ഭീഷണി എന്നിങ്ങനെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവരുടെ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതിനായി റേഞ്ച് ഓഫിസിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. റേഞ്ച്, ഡിവിഷനൽ, റീജനൽ, വനംവകുപ്പ് ആസ്ഥാനം എന്നിങ്ങനെ നാലുതലങ്ങളിൽ പരിശോധിച്ചാണ് അപേക്ഷ അംഗീകരിക്കുക. ഒരോ തലത്തിലും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന കമ്മിറ്റിയാണ് അപേക്ഷകൾ പരിഗണിക്കുന്നത്. അപേക്ഷിക്കുന്ന എല്ലാവരുടെയും ഭൂമി ഏറ്റെടുക്കില്ല. അപേക്ഷ അംഗീകരിച്ചാൽ മൊത്തം തുകയുെട പകുതി ആദ്യഗഡുവായി നൽകും. ബാക്കി തുക ഭൂമി കൈമാറ്റ നടപടികൾ പൂർത്തിയായശേഷമാണ് നൽകുന്നത്. നിലവിൽ ഭൂമി വിട്ടുനൽകിയവരിൽ 60 പേർക്ക് രണ്ടാം ഗഡു ലഭിക്കാനുണ്ട്.
രണ്ട് ഹെക്ടർ എന്ന കണക്കിലാണ് നഷ്ടപരിഹാരം നിശ്ചയിച്ചിരിക്കുന്നത്. 15 ലക്ഷം രൂപയാണ് രണ്ട് ഹെക്ടറിന് നിശ്ചയിച്ചിരിക്കുന്ന് തുക. ഇതിനുപുറമേ കുടുംബത്തിൽ പ്രായപൂർത്തിയായവർ ഉണ്ടെങ്കിൽ ഓരോ അംഗത്തിനും 15 ലക്ഷം രൂപ വേറെയും നൽകും. വീടുണ്ടെങ്കിൽ ഇതിനും പ്രത്യേകം പണം ലഭിക്കും.
അതിനിടെ, പദ്ധതിക്കെതിരെ പ്രതിഷേധവും ഉയർന്നിരുന്നു. വകുപ്പ് ഏറ്റെടുക്കുന്ന സ്ഥലം സ്വാഭാവിക വനമായി മാറുന്നതോടെ ഒഴിഞ്ഞുപോകാത്തവരുടെ ജീവിതം കൂടുതൽ ദുഷ്കരമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. വന്യമൃഗശല്യം ചെറുക്കാന്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കാതെ കൃഷിഭൂമിയടക്കമുള്ള പട്ടയസ്ഥലങ്ങള്‍ ഏറ്റെടുത്ത് വനവിസ്തൃതി വര്‍ധിപ്പിക്കാനുള്ള നീക്കമാണ് വനം വകുപ്പ് നടത്തുന്നതെന്ന് കർഷകസംഘടനകളും ആരോപിച്ചിരുന്നു. പദ്ധതിയുടെ മറവില്‍ വനാതിര്‍ത്തികളില്‍ താമസിക്കുന്നവരെ വനം വകുപ്പ് നിശ്ശബ്ദമായി കുടിയൊഴിപ്പിക്കുകയാണെന്ന ആക്ഷേപവും ഉയർന്നിരുന്നു. ഇടുക്കിയിലെ മാങ്കുളത്തും കൊല്ലത്തെ കുളത്തൂപ്പുഴയിലും സി.പി.ഐയുടെ നേതൃത്വത്തിലായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.