കോട്ടയം: പൊലീസ് സേനയിലെ അഴിച്ചുപണി ഇനിയും തുടരാനിരിക്കെ ഐ.എ.എസ് തലത്തിലും വന്‍ അഴിച്ചുപണിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നു. സെക്രട്ടറിമാര്‍ മുതല്‍ അഡീ. ചീഫ് സെക്രട്ടറി വരെയുള്ള ഐ.എ.എസുകാരെ ഇളക്കി പ്രതിഷ്ഠിക്കാനാണ് തീരുമാനം. ഒപ്പം പത്തോളം ജില്ലകള്‍ക്ക് പുതിയ കലക്ടര്‍മാരും ഉണ്ടാകും. കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി, സപൈ്ളകോ അടക്കം പ്രധാന പൊതുമേഖല സ്ഥാപനങ്ങളുടെയും കോര്‍പറേഷനുകളുടെയും തലപ്പത്ത് മികച്ച ഉദ്യോഗസ്ഥരെ നിയമിക്കും. കാര്യപ്രാപ്തിയും ഭരണത്തില്‍ മികച്ച പ്രകടനവും കാഴ്ചവെച്ചവര്‍ക്ക് സുപ്രധാന തസ്തികകളില്‍ നിയമനം നല്‍കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. അഴിമതിയില്‍ മുങ്ങിനില്‍ക്കുന്ന സപൈ്ളകോയെ രക്ഷിക്കാനുള്ള നടപടിക്കാണ് മുന്‍ഗണന. അവശ്യസാധന വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ സപൈ്ളകോയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കും.
കെ.എസ്.ആര്‍.ടി.സിയെ നഷ്ടവും ലാഭവും ഇല്ലാതെ നടത്തിക്കൊണ്ടുപോകാനുള്ള നടപടിക്കും മുഖ്യമന്ത്രി പച്ചക്കൊടി വീശി. അതിനാല്‍ ഇപ്പോഴത്തെ സംവിധാനം അപ്പാടെ പൊളിച്ചെഴുതും. പ്രധാന വകുപ്പ് മേധാവികളെ മാറ്റാനും ഇക്കാര്യത്തില്‍ രാഷ്ട്രീയ താല്‍പര്യമോ മന്ത്രിമാരുടെ ഇഷ്ടമോ നോക്കരുതെന്നും കര്‍ശന നിര്‍ദേശം മുഖ്യമന്ത്രി നല്‍കിയതായാണ് വിവരം. നിയമിക്കപ്പെടേണ്ടവരുടെ പട്ടികക്ക് മുഖ്യമന്ത്രിയുടെ ഓഫിസ് അന്തിമരൂപം നല്‍കി. അടുത്ത ദിവസങ്ങളില്‍ തന്നെ ഉത്തരവ് ഇറങ്ങും.
പൊലീസ് സേനയില്‍ ഹെഡ്ക്വാര്‍ട്ടേഴ്സിലും ക്രൈംബ്രാഞ്ചിലും ഇന്‍റലിജന്‍സ് വകുപ്പിലുമാണ് ഇനി ഉടന്‍ അഴിച്ചുപണിയുണ്ടാകുക. പ്രമാദ കേസുകളുടെ അന്വേഷണത്തിനായി പ്രത്യേക വിഭാഗം രൂപവത്കരിക്കാനും നിര്‍ദേശമുണ്ട്. മേഖല എ.ഡി.ജി.പി, ഐ.ജി, എസ്.പി തലത്തിലും അടുത്ത ദിവസങ്ങളില്‍ തന്നെ മാറ്റമുണ്ടാകും. റെയ്ഞ്ച് ഐ.ജിമാരെ മാറ്റുന്നതിന് പുറമെ ജില്ലാ പൊലീസ് മേധവികളില്‍ ബഹുഭൂരിപക്ഷത്തിനും മാറ്റമുണ്ടാകും. പൊലീസിന് പുറത്ത് സേവനം അനുഷ്ഠിക്കുന്ന ഐ.പി.എസുകാരുടെ പട്ടികയും തയാറാക്കി. നിലവിലെ ഏതാനും പേരെ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റും. ക്രൈംബ്രാഞ്ച്-ഇന്‍റലിജന്‍സ് വകുപ്പില്‍ സമഗ്ര അഴിച്ചുപണിയുണ്ടാകും. വകുപ്പ് മേധാവികള്‍ക്കാണ് മാറ്റം. ഇതേവകുപ്പുകളിലെ ഐ.ജിമാര്‍ക്കും എസ്.പിമാര്‍ക്കും മാറ്റം ഉറപ്പായി.
അതേസമയം, മുന്നറിയിപ്പില്ലാതെ നടത്തിയ അഴിച്ചുപണിയില്‍ ഞെട്ടിയിരിക്കുകയാണ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍. വിരമിക്കാന്‍ ഒരുവര്‍ഷം മാത്രം ബാക്കി നില്‍ക്കെ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി ടി.പി. സെന്‍കുമാറിനെ തല്‍സ്ഥാനത്തുനിന്ന് ഒഴിവാക്കിയത് പൊലീസില്‍ വ്യാപക അതൃപ്തിക്ക് കാരണമായി. സ്ഥാനമാറ്റം സുപ്രീംകോടതി വിധിക്കും പൊലീസ് ആക്ടിനും എതിരാണെന്ന ആരോപണം ഉന്നയിച്ച സെന്‍കുമാര്‍ തുടര്‍നടപടികളുമായി ബന്ധപ്പെട്ട് ഇന്നലെ പ്രമുഖ അഭിഭാഷകരെ കണ്ട് നിയമോപദേശം തേടി. സര്‍ക്കാറിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നാണ് സെന്‍കുമാര്‍ വ്യക്തമാക്കിയത്.
അതേസമയം, സേനയുടെ തലപ്പത്ത് ഉദ്യോഗസ്ഥര്‍ തമ്മിലെ ശീതസമരം വീണ്ടും ശക്തമാവുമെന്നാണ് സൂചന. മുമ്പ് സീനിയോറിറ്റി ലംഘിച്ച് വിജിലന്‍സ് ഡയറക്ടറായി ശങ്കര്‍റെഡ്ഡിയെ നിയമിച്ചപ്പോള്‍ അവഗണന നേരിട്ട ജേക്കബ് തോമസ്, ഋഷിരാജ് സിങ്, ബെഹ്റ എന്നിവര്‍ക്കായി സേനയിലെ ഉന്നതരാരും രംഗത്തുവന്നിരുന്നില്ല. അതേസാഹചര്യമാണ് ഇപ്പോഴുണ്ടായതെന്നാണ് പുതിയ പദവിയിലത്തെുന്നവരുടെ നിലപാട്.
അതിനാല്‍, വിഷയം ഐ.പി.എസ് അസോസിയേഷനില്‍ പോലും ചര്‍ച്ചചെയ്യരുതെന്ന് വാദിക്കുന്നവരും നിരവധിയാണ്. ഫലത്തില്‍ പൊലീസ് തലപ്പത്ത് രണ്ട് ചേരി ശക്തമാവുന്നതായാണ് റിപ്പോര്‍ട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.