സ്ഥാനമാറ്റത്തിനെതിരെ സെൻകുമാർ ഹരജി നൽകി

ന്യൂഡൽഹി: സ്ഥാനമാറ്റത്തിനെതിരെ ഡി.ജി.പി ടി.പി. സെൻകുമാർ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഹരജി നൽകി. അടിയന്തരമായി പരിഗ‍ണിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ഉച്ചയോടെയാണ് സെൻകുമാർ ട്രൈബ്യൂണലിനെ സമീപിച്ചത്. സീനിയോറിറ്റി മറികടന്ന് ലോക്നാഥ് ബെഹ്റയെ പൊലീസ് മേധാവിയായി നിയമിച്ച നടപടി കേരള പൊലീസ് ആക്ടിന്‍റെ ലംഘനമാണ്. ഇത് പൊതുതാൽപര്യത്തിന് എതിരാണ്. മാത്രമല്ല, തന്നെ എന്തുകൊണ്ട് മാറ്റി എന്നത് സംബന്ധിച്ച് സ്ഥലംമാറ്റ ഉത്തരവിൽ വിശദീകരണം നൽകിയിട്ടില്ല എന്നീ കാര്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സെൻകുമാർ ഹരജി നൽകിയത്.

പരാതി പരിഗണിച്ച ട്രൈബ്യൂണൽ ബന്ധപ്പെട്ടവർക്ക് നോട്ടീസ് അയക്കാൻ തീരുമാനിച്ചു. ഇക്കാര്യത്തിൽ കേന്ദ്രത്തിനോടും കേരളത്തിനോടും വിശദീകരണം ആവശ്യപ്പെടും. നിലവിലെ ഡി.ജി.പിയായ ലോക്നാഥ് ബെഹ്റയോടും പ്രത്യേക ദൂതൻ വഴി വിശദീകരണം ആവശ്യപ്പെടും.

എന്നാൽ, പുതിയ അഡ്വക്കേറ്റ് ജനറൽ സ്ഥാനമേറ്റെടുത്തതേയുള്ളൂവെന്നും അതിനാൽ വിശദീകരണം നൽകാൻ പത്ത് ദിവസത്തെ സമയം വേണമെന്നും സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ ട്രൈബ്യൂണലിനെ അറിയിച്ചു. ഈ അപേക്ഷ കണക്കിലെടുക്കാതെ അടുത്ത ചൊവ്വാഴ്ച തന്നെ കേസ് പരിഗണിക്കാൻ ട്രൈബ്യൂണൽ തീരുമാനിക്കുകയായിരുന്നു.

വിരമിക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കിയുള്ളപ്പോഴാണ് പൊലീസ് മേധാവിയുടെ സ്ഥാനത്ത് നിന്നും മാറ്റി പകരം ലോക്നാഥ് ബെഹ്റയെ എൽ.ഡി.എഫ് സർക്കാർ ആ സ്ഥാനത്ത് നിയമിച്ചത്. ഇതിനെതിരെയാണ് സെൻകുമാർ ദേശീയ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. പൊലീസ് ഹൗസിങ്ങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷൻ മേധാവിയായാണ് സെന്‍കുമാറിനെ പുതുതായി നിയമിച്ചിട്ടുളളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.