ജിഷയുടെ മാതാവ് കോണ്‍ഗ്രസ് നേതാവിന്‍െറ വീട്ടില്‍ ജോലി ചെയ്തിരുന്നുവെന്ന് പിതാവ് പാപ്പുവിന്‍െറ മൊഴി

കൊച്ചി: ജിഷ വധക്കേസില്‍ ജോമോന്‍ പുത്തന്‍പുരക്കലിന്‍െറ പരാതിയെത്തുടര്‍ന്ന് ജിഷയുടെ പിതാവ് പാപ്പുവിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍നിന്ന് ആലുവ പൊലീസ് ക്യാമ്പിലെത്തിച്ച് മൊഴിയെടുക്കല്‍ തുടരുന്നു. ജിഷയുടെ മാതാവ് രാജേശ്വരി ആരോപണവിധേയനായ കോണ്‍ഗ്രസ് നേതാവിന്‍െറ വീട്ടില്‍ ജോലിചെയ്തിരുന്നുവെന്ന് പാപ്പു ആശുപത്രിയില്‍വെച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഇയാളില്‍നിന്ന് മൊഴിയെടുക്കുന്നത്.

രാജേശ്വരി കോണ്‍ഗ്രസ് നേതാവിന്‍െറ വീട്ടില്‍ ജോലിചെയ്ത കാര്യം പാപ്പു അന്വേഷണ സംഘത്തോടും സമ്മതിച്ചു.90കളില്‍ പെരുമ്പാവൂരിലെ പെട്ടിക്കടയില്‍ താമസിച്ച കാലത്താണ് രാജേശ്വരി നേതാവിന്‍െറ വീട്ടില്‍ ജോലിക്ക് പോയിരുന്നതെന്നാണ് പാപ്പു ആശുപത്രിയില്‍നിന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. താനും ഭാര്യയും തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടര്‍ന്നാണ് പിരിഞ്ഞത്.

എങ്കിലും ജിഷ തന്നെ കാണാന്‍ വരുമായിരുന്നെന്നും എല്ലാ കാര്യങ്ങളും തന്നോട് പറഞ്ഞിരുന്നതായും പാപ്പു അന്വേഷണ സംഘത്തോട് പറഞ്ഞു. പാപ്പുവില്‍നിന്ന് രാത്രിയിലും പൊലീസ് മൊഴിയെടുക്കല്‍ തുടരുകയാണ്.ജോമോന്‍ പുത്തന്‍പുരക്കലിനെതിരെ പരാതി കൊടുത്തത് തന്‍െറ അറിവോടെയല്ലെന്നും ഒരു പൊലീസുകാരനും വാര്‍ഡ് മെംബറും തന്നെ ചതിക്കുകയായിരുന്നുവെന്നും പാപ്പു നേരത്തേ വെളിപ്പെടുത്തിയിരുന്നു. ജീവന് ഭീഷണിയുണ്ടെന്നും പാപ്പു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.