ജിഷ വധം: അന്വേഷണം ജയില്‍ മോചിതരെപ്പറ്റിയും

തൃശൂര്‍: മാനഭംഗ കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ട് അടുത്തിടെ ജയിലില്‍നിന്നിറങ്ങിയവര്‍ക്ക് ജിഷ വധവുമായി ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നു. ഇതിന്‍െറ ഭാഗമായി ഇത്തരക്കാരുടെ വിവരങ്ങള്‍ ജയില്‍ ഡി.ജി.പി മുഖേന പൊലീസ് ശേഖരിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ 30 വരെ ജയിലില്‍നിന്ന് ഇറങ്ങിയ മാനഭംഗക്കേസ് പ്രതികളുടെ വിവരം നല്‍കാനായിരുന്നു പൊലീസ് ആവശ്യപ്പെട്ടത്. ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടവരില്‍ ആര്‍ക്കെങ്കിലും ജിഷയുടെ കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് കണ്ടത്തൊനായിരുന്നു വിവരശേഖരണം. അതനുസരിച്ച് 224 പേര്‍ ഒരുമാസത്തിനകം ജയിലില്‍നിന്നും പുറത്തിറങ്ങിയെന്നാണ് കണ്ടത്തെിയത്.

മാനഭംഗത്തിന് ശിക്ഷ നല്‍കുന്ന ഐ.പി.സി 376ാം വകുപ്പ് പ്രകാരം ജയിലിലുള്ള ആരെങ്കിലും ഏപ്രിലില്‍ പുറത്തിറങ്ങിയിട്ടുണ്ടോ എന്ന് അറിയിക്കാനായിരുന്നു നിര്‍ദേശം. എല്ലാ ജയിലുകളിലേക്കും പ്രത്യേക സര്‍ക്കുലര്‍ അയച്ചാണ് വിവരം ശേഖരിച്ചത്. പൊലീസ് തയാറാക്കിയ പ്രതിയുടെ രേഖാചിത്രവുമായി ഇവരുടെ ചിത്രങ്ങള്‍ ഒത്തുനോക്കണമെന്ന നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തില്‍ ഏപ്രിലില്‍ പുറത്തിറങ്ങിയവരില്‍ സാമ്യമുള്ളവര്‍ ആരും ഇല്ളെന്നാണ് സൂചന.
സംശയമുള്ളവരുടെ പട്ടിക തയാറാക്കിയ അന്വേഷണ സംഘം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറി. ജാമ്യത്തിലിറങ്ങിയവരില്‍ വിചാരണത്തടവുകാരും കീഴ്കോടതികളില്‍ ശിക്ഷ വിധിക്കപ്പെട്ടവരുമുണ്ട്.

എറണാകുളം ജില്ലയില്‍ മേല്‍വിലാസമുള്ള 19 പേരാണ് പുറത്തിറങ്ങിയിട്ടുള്ളത്. അതില്‍ എട്ടുപേര്‍ ജില്ലാ ജയിലില്‍ കഴിഞ്ഞവരും മറ്റുള്ളവര്‍ സംസ്ഥാനത്തെ മറ്റ് ഏഴ് ജയിലുകളില്‍ കഴിഞ്ഞവരുമാണ്. ഇതില്‍ മൂന്നുപേര്‍ ശിക്ഷ അനുഭവിക്കുന്നവരാണ്. എറണാകുളം ജില്ലയില്‍ താമസിക്കുന്ന ഇതര സംസ്ഥാനക്കാരായ ചിലരും ഈ കാലയളവില്‍ ജയിലില്‍നിന്ന് ഇറങ്ങിയവരില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ഇറങ്ങിയ ഏഴില്‍ മൂന്നുപേര്‍ ശിക്ഷാത്തടവുകാരാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നതിനാല്‍ ഇത്തരം കേസുകളിലെ ശിക്ഷാത്തടവുകാര്‍ക്ക് ഏപ്രിലില്‍ പരോള്‍ അനുവദിച്ചിരുന്നില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.