വ്രതശുദ്ധിയുടെ നാളുകള്‍ക്ക് തുടക്കം

കോഴിക്കോട്:  നന്മകള്‍ പെരുമഴയായി പെയ്തിറങ്ങുന്ന റമദാന്‍ മാസത്തിന് തിങ്കളാഴ്ച തുടക്കം. കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിനാല്‍ സംസ്ഥാനത്ത് തിങ്കളാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് വിവിധ ഖാദിമാരും കേരള ഹിലാല്‍ കമ്മിറ്റിയും അറിയിച്ചു. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് റമദാന്‍ ഒന്ന്. വിശ്വാസിയുടെ വഴികാട്ടിയും മനുഷ്യകുലത്തിന്‍െറ മാര്‍ഗദര്‍ശിയുമായ വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായതിന്‍െറ ഓര്‍മപുതുക്കലാണ് റമദാന്‍. ഖുര്‍ആനിന്‍െറ വെളിച്ചത്തില്‍ കഴിഞ്ഞകാലങ്ങളെ വിലയിരുത്താനും വരുംകാല ജീവിതത്തെ പുതുക്കിപ്പണിയാനും വിശ്വാസികള്‍ വ്രതമാസത്തിന്‍െറ പകലിരവുകള്‍ ചെലവഴിക്കും. ഇച്ഛകളെയും ആശകളെയും നിയന്ത്രിക്കുന്നതിലൂടെ ദൈവഹിതത്തിനാണ് തന്‍െറ ജീവിതത്തില്‍ പ്രമുഖ്യമെന്ന് പ്രഖ്യാപിക്കുകയാണ് ഓരോ വിശ്വാസിയും. സമ്പത്തിന്‍െറ ശുദ്ധീകരണമായ സകാത്തും മറ്റു ദാനധര്‍മങ്ങളും നിര്‍വഹിക്കുന്നതിന് വിശ്വാസികള്‍ തെരഞ്ഞെടുക്കുന്ന സന്ദര്‍ഭംകൂടിയാണ് പുണ്യങ്ങളുടെ ഈ മാസം.

തിങ്കളാഴ്ച നോമ്പ് തുടങ്ങുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാദിമാരായ കെ.വി. ഇമ്പിച്ചമ്മദ് ഹാജി, നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബുദ്ദീന്‍ തങ്ങള്‍, മുഹമ്മദ് കോയ ജമലുലൈ്ളലി തങ്ങള്‍, കാഞ്ഞങ്ങാട് ഖാദി മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്‍റ് വി.എം. മൂസ മൗലവി, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് മദനി, കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്‍റ് എ. അബ്ദുല്‍ ഹമീദ് മദീനി, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവരും സ്ഥിരീകരിച്ചു. മാസപ്പിറവി ദൃശ്യമായതായി സ്ഥിരീകരിച്ച റിപ്പോര്‍ട്ട് ലഭിച്ചതിന്‍െറ അടിസ്ഥാനത്തില്‍  തിങ്കളാഴ്ച റമദാന്‍ ഒന്ന് ആയിരിക്കുമെന്ന് പാളയം ഇമാം മൗലവി വി.പി. സുഹൈബ്, ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി എന്നിവര്‍ അറിയിച്ചു. പാളയം ജുമാമസ്ജിദില്‍ ഞായറാഴ്ച വൈകീട്ട് ചേര്‍ന്ന ഇമാമുമാരുടെ യോഗത്തിന്‍േറതാണ് തീരുമാനം.  

ദക്ഷിണകേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്‍റ് വടുതല വി.എം. മൂസാമൗലവിയും തിങ്കളാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച മാസപ്പിറവി ദൃശ്യമായതായി വിവരം ലഭിച്ചതിനത്തെുടര്‍ന്ന് റമദാന്‍ ഒന്ന് തിങ്കളാഴ്ചയായിരിക്കുമെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവിയും ജംഇയ്യതുല്‍ ഉലമ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവിയും അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.