ചെന്നൈ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങള്‍ അന്വേഷിക്കാന്‍ കേന്ദ്ര വനിതാ-മനുഷ്യാവകാശ കമീഷനുകള്‍ കേരളം സന്ദര്‍ശിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങളെക്കുറിച്ച് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയ അധികൃതരെയും വനിതാ-മനുഷ്യാവകാശ കമീഷന്‍ അധികൃതരെയും ഡല്‍ഹിയില്‍ നേരിട്ടുകണ്ട് വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം ആക്രമണത്തില്‍ കേന്ദ്രസര്‍ക്കാറിനും ബി.ജെ.പി കേന്ദ്രനേതൃത്വത്തിനും ഉത്കണ്ഠയും പ്രതിഷേധവുമുണ്ട്. ഇതിനെതിരെ ജനകീയപ്രതിരോധം തീര്‍ക്കും. കേരളത്തിന്‍െറ സമഗ്രവികസനത്തിന് പദ്ധതികള്‍ നടപ്പാക്കുമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങളുമായി ഇക്കാര്യം ചര്‍ച്ചനടത്തി. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന മുറക്ക് പദ്ധതികള്‍ക്ക് അനുമതി നല്‍കുമെന്നാണ് വാഗ്ദാനം.
ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലില്‍ സുരക്ഷിതനാണെന്നും മോചിപ്പിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊണ്ടുവരുകയാണെന്നും കേന്ദ്രമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കിയതായി കുമ്മനം പറഞ്ഞു. ഉഴുന്നാലിനെ കുറിച്ച വിവരങ്ങള്‍ സഭക്കും കുടുംബത്തിനും നിരന്തരം കൈമാറുന്നുണ്ട്.
കായികവകുപ്പ് മന്ത്രി ഇ.പി. ജയരാജനില്‍നിന്ന് അഞ്ജു ബോബി ജോര്‍ജിനുണ്ടായ അനുഭവം പ്രതിഷേധാര്‍ഹമാണ്. തങ്ങള്‍ക്കെതിരെ ചിന്തിക്കുന്നവരെപ്പോലും വെച്ചുപൊറുപ്പിക്കില്ളെന്ന നയമാണ് മന്ത്രിയുടേത്. ഭീഷണിയും വെല്ലുവിളിയും നടത്തിയത് ശരിയായില്ല. എതിരാളിയോടെന്ന പോലെയാണ് മന്ത്രി കായികതാരത്തിനോട് പെമരുമാറിയത്. കായികമന്ത്രി ജയരാജന്‍ മാപ്പുപറയണം. നിഷേധാത്മക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.
അഞ്ജുവിനെ ആശ്വസിപ്പിക്കുകയായിരുന്നു പിണറായി ചെയ്യേണ്ടത്. തെറ്റു ചെയ്യുന്ന മന്ത്രിമാര്‍ക്ക് കൂട്ടുനില്‍ക്കുന്ന നിലപാടാണ് പിണറായിയുടേത്. ഇതിനെതിരെ കായികരംഗത്തെ സ്നേഹിക്കുന്നവരുമായി ചേര്‍ന്ന് ശക്തമായ പ്രതിഷേധമുയര്‍ത്തും.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍വകക്ഷി യോഗം എടുത്ത തീരുമാനം ഏകപക്ഷീയമായി മാറ്റിപ്പറയാനുണ്ടായ സാഹചര്യം മുഖ്യമന്ത്രി വ്യക്തമാക്കണം. തീരുമാനം മാറ്റാനുണ്ടായ വികാരമെന്താണ്. മന്ത്രിസഭാ തീരുമാനമാണോ വ്യക്തിപരമായ തീരുമാനമാണോ എന്നും അദ്ദേഹം പറയണം. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പാസെടുത്ത് സന്ദര്‍ശക ഗാലറിയില്‍ ഇരിക്കേണ്ടിവരും.
പൊതുരംഗത്തെ പ്രവര്‍ത്തനത്തിനുള്ള കാഞ്ചി കാമ കോടി പീഠം ഏര്‍പ്പെടുത്തിയ സേവാരത്ന പുരസ്കാരം ഏറ്റുവാങ്ങാന്‍ ചെന്നൈയില്‍ എത്തിയതാണ് കുമ്മനം.
ഉച്ചകഴിഞ്ഞ് നടന്ന ചടങ്ങില്‍ കാഞ്ചിപീഠം മഠാധിപതി ജയേന്ദ്ര സരസ്വതിയും വിജയേന്ദ്ര സരസ്വതിയും ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.