തൃശൂര്‍: ജീവിച്ചിരിക്കുന്ന കാലഘട്ടത്തിനും മനുഷ്യരാശിക്കും വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയുകയാണ് മനുഷ്യനെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യമെന്ന് എം.ടി. ഓര്‍മിപ്പിച്ചു. മണപ്പുറം പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാഹിത്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പുരസ്കാരങ്ങളും അംഗീകാരങ്ങളും ലഭിക്കുന്നത് സന്തോഷമാണ്. അതേസമയം അത് വലിയ ഉത്കണ്ഠയും ഉണ്ടാക്കുന്നുണ്ട്. ഓരോ അവാര്‍ഡും എഴുത്തുകാരനിലുള്ള വായനക്കാരുടെ പ്രതീക്ഷ വളര്‍ത്തുന്നു. അതിനൊപ്പം ഉയരാന്‍ കഴിയുമോ എന്ന ഉത്കണ്ഠ തന്നെ എപ്പോഴും വേട്ടയാടുന്നുണ്ടെന്ന് എം.ടി പറഞ്ഞു.
കലാ-സാഹിത്യ വിഭാഗം പുരസ്കാരമാണ് എം.ടിക്ക് സമ്മാനിച്ചത്. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയും ഡല്‍ഹിയിലെ സെന്‍റര്‍ ഫോര്‍ എണ്‍വയണ്‍മെന്‍റല്‍ കമ്യൂണിക്കേഷന്‍ ഡയറക്ടറുമായ ഡോ. സുനിത നാരായണന്‍ (പരിസ്ഥിതി വിഭാഗം), ധനകാര്യ സ്ഥാപനമായ ഇക്വറ്റാസ് ഹോള്‍ഡിങ് ലിമിറ്റഡ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ പി.എന്‍. വാസുദേവന്‍ (വ്യവസായ-വാണിജ്യ സംരംഭകന്‍), കുടുംബശ്രീ മിഷന്‍ ശില്‍പി ടി.കെ. ജോസ് (പൊതുഭരണ മികവ്) എന്നിവരും പുരസ്കാരം ഏറ്റുവാങ്ങി. രണ്ടുലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങിയതാണ് പുരസ്കാരം.
മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ചു. മണപ്പുറം എം.ഡിയും സി.ഇ.ഒയുമായ വി.പി.നന്ദകുമാര്‍ സ്വാഗതവും സീനിയര്‍ വൈസ് പ്രസിഡന്‍റ് ഡോ. സുമിത നന്ദന്‍ ജയശങ്കര്‍ നന്ദിയും പറഞ്ഞു. അവാര്‍ഡ് ജൂറി ചെയര്‍മാനായ ഇന്‍കെല്‍ എം.ഡി ടി. ബാലകൃഷ്ണന്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.