കാലിക്കറ്റ് സിന്‍ഡിക്കേറ്റില്‍ സര്‍ക്കാര്‍ ഇടപെടല്‍ ശക്തം

കോഴിക്കോട്: സംസ്ഥാനത്തെ ഭരണമാറ്റം കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റിലും പ്രതിഫലിച്ചുതുടങ്ങി. സിന്‍ഡിക്കേറ്റ് യോഗം നടത്തുന്നതു മുതല്‍ അജണ്ട വരെയുള്ള കാര്യങ്ങളിലാണ് സര്‍ക്കാറിന്‍െറ ശക്തമായ ഇടപെടല്‍. പ്രോ ചാന്‍സലര്‍ കൂടിയായ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്‍െറ ഓഫിസ് നേരിട്ടാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. മന്ത്രിയുടെ ഇടപെടല്‍ കാരണം പഠനബോര്‍ഡ് പുന;സംഘടിപ്പിക്കലും സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പും ഇതിനകം മാറ്റി.
സിന്‍ഡിക്കേറ്റ് യോഗം നടത്തുന്നതിലും സര്‍ക്കാര്‍ ഇടപെടുന്നുണ്ട്. കഴിഞ്ഞയാഴ്ച നടന്ന യോഗം നടത്തുന്നത് മന്ത്രിയുടെ ഓഫിസ് വിലക്കി. യോഗം നിശ്ചയിച്ച സ്ഥിതിക്ക്, നിര്‍ണായക തീരുമാനങ്ങള്‍ ഒന്നും കൈക്കൊള്ളരുതെന്ന നിബന്ധനയിലാണ് യോഗം നടത്തിയത്.

നൂറോളം പഠനബോര്‍ഡുകള്‍ പുന$സംഘടിപ്പിക്കുന്നത് ഇതുമൂലം മാറ്റിവെച്ചിരിക്കയാണ്. കഴിഞ്ഞ സിന്‍ഡിക്കേറ്റ് യോഗത്തിലാണ് പുതിയ പഠനബോര്‍ഡ് അംഗങ്ങളുടെ പട്ടിക ചര്‍ച്ചക്ക് വന്നത്. രണ്ട് ഇടതംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനമെടുക്കുന്നതില്‍നിന്ന് യോഗാധ്യക്ഷനായ വി.സിക്ക് പിന്മാറേണ്ടി വന്നു. പഠനബോര്‍ഡ് പുന$സംഘടിപ്പിക്കല്‍ വി.സിയുടെ തീരുമാനത്തിന് വിട്ടുവെന്നാണ് ഒൗദ്യോഗിക വിശദീകരണം. എന്നാല്‍, മന്ത്രിയുടെ നിര്‍ദേശം കണക്കിലെടുത്ത് ഫയലില്‍ തീരുമാനമെടുക്കേണ്ടെന്നാണ് വി.സിയുടെ നിലപാടെന്നാണ് സൂചന. ഇതിനു പിന്നാലെയാണ് സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പ് തീയതിയും മാറ്റിയത്. മുന്‍ എം.എല്‍.എ ടി.എന്‍. പ്രതാപന്‍ രാജിവെച്ച ഒഴിവിലേക്ക് ജൂണ്‍ 14നാണ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. 78 സെനറ്റംഗങ്ങളാണ് സിന്‍ഡിക്കേറ്റിലെ വോട്ടര്‍മാര്‍. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനാണ് സെനറ്റില്‍ മേല്‍ക്കൈ.

അതിനാല്‍, തെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ ഇടതുസംഘടനകള്‍ പരമാവധി ശ്രമിച്ചു. കോടതിയെയും സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചില്ല. ഒടുവില്‍ മന്ത്രിയുടെ ഓഫിസ് ഇടപ്പെട്ടതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ജൂലൈ രണ്ടിലേക്ക് മാറ്റി. സിന്‍ഡിക്കേറ്റിലെ സര്‍ക്കാര്‍ നാമനിര്‍ദേശിത അംഗങ്ങളെ നിശ്ചയിച്ചശേഷം തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്നാണ് ഇടതുസംഘടനകളുടെ നിലപാട്. സിന്‍ഡിക്കേറ്റിലെ ആറും സെനറ്റിലെ 18ഉം നാമനിര്‍ദേശിത അംഗങ്ങളെ പിന്‍വലിക്കുകയാണ് സര്‍ക്കാറിന്‍െറ ലക്ഷ്യം. ഇതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
നാമനിര്‍ദേശ അംഗങ്ങള്‍ കൂടിയത്തെിയാലേ സിന്‍ഡിക്കേറ്റില്‍ വന്‍ ഭൂരിപക്ഷം ഇടതിനു ലഭിക്കൂ. 27 അംഗ സിന്‍ഡിക്കേറ്റില്‍ മൂന്നംഗങ്ങള്‍ മാത്രമാണ് നിലവില്‍ ഇടതിനുള്ളത്. എക്സ്ഒഫീഷ്യോ അംഗങ്ങളായ സര്‍ക്കാര്‍ സെക്രട്ടറിമാരെയും നാമനിര്‍ദേശ അംഗങ്ങളും കൂടിയാവുമ്പോള്‍ ഇടതിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.