പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ സംസ്കാര ചടങ്ങിനെച്ചൊല്ലി യാക്കോബായ സഭയില്‍ തര്‍ക്കം രൂക്ഷം

കോട്ടയം: ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ സംസ്കാരച്ചടങ്ങിനെ ചൊല്ലി യാക്കോബായ സഭയില്‍ തര്‍ക്കം രൂക്ഷമാവുന്നു. സംസ്കാരത്തിന് അനുമതി നിഷേധിച്ച കുമരകം ആറ്റാമംഗലം പള്ളി ഇടവകനേതൃത്വത്തെ വിമര്‍ശിച്ച് കോട്ടയം ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ തിമോത്തിയോസ് വെള്ളിയാഴ്ച രംഗത്തത്തെി. പിന്നാലെ മെത്രാപ്പോലിത്തായുടെ വിമര്‍ശങ്ങളെ തള്ളി നിലപാടില്‍ ഉറച്ച് ഇടവക നേതൃത്വവും എത്തി. മെത്രാപ്പൊലീത്തക്കെതിരെ സഭാ സുന്നഹദോസ് നടപടി സ്വീകരിക്കുകയും സഭാ തലവനായ പാത്രിയാര്‍ക്കീസ് ബാവ അത് റദ്ദാക്കുകയും ചെയ്ത പിന്നാലെ മെത്രാപ്പോലീത്ത അനുകൂലികളായ വൈദികരും വിശ്വാസികളും കോട്ടയം ഭദ്രാസന ദേവാലയമായ സെന്‍റ് ജോസഫ് കത്തീഡ്രലില്‍ യോഗം ചേര്‍ന്നു.

കുമരകം പള്ളിയില്‍ നിഷേധിക്കപ്പെട്ട സംസ്കാരച്ചടങ്ങിന് പൊന്‍കുന്നം പള്ളിയില്‍ അനുമതി നല്‍കിയതിന്‍െറ പിന്നാലെ തോമസ് മാര്‍ തിമോത്തിയോസിനെ കോട്ടയം ഭദ്രാസന ചുമതലയില്‍നിന്ന് ഒഴിവാക്കിയതോടെയാണ് ഈ വിഷയത്തില്‍ സഭയയിലെ അഭിപ്രായവ്യത്യാസം പുറത്തായത്. ആറ്റാമംഗലം സെന്‍റ് ജോണ്‍സ് പള്ളി ഇടവകാംഗമായിരുന്ന മേരി ജോണ്‍ ഹിന്ദുമതത്തില്‍പ്പെട്ടയാളെ വിവാഹം ചെയ്ത് ബിഹാറിലായിരുന്നു സ്ഥിരതാമസം. ജന്മനാട്ടിലത്തെുമ്പോള്‍ പള്ളിയില്‍ പ്രാര്‍ഥനക്കായി എത്തുന്ന പതിവുണ്ട്. മാമ്മോദീസ സ്വീകരിച്ച പള്ളിയില്‍ തന്നെ സംസ്കാരവും നടത്തണമെന്ന് മേരി ജോണ്‍ നേരത്തേ ബന്ധുക്കളെ അറിയിച്ചിരുന്നതിന്‍െറ അടിസ്ഥാനത്തിലാണ് മൃതശരീരം സംസ്കരിക്കുന്നതിന് അനുമതി തേടിയത്. എന്നാല്‍, ഇപ്പോള്‍ ഇടവകാംഗമല്ലാത്ത ആളെ സംസ്കരിക്കുന്നതിന് അനുമതി നല്‍കാന്‍ തടസ്സമുണ്ടെന്ന് വികാരി അറിയിച്ചതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ വീട്ടുകാര്‍ പിന്നീട് സഭാനേതൃത്വവുമായി ബന്ധപ്പെട്ട് പൊന്‍കുന്നം സെന്‍റ് തോമസ് യാക്കോബായ പള്ളിയില്‍ സംസ്കാരം നടത്തുകയായിരുന്നു. തോമസ് മാര്‍ തിമോത്തിയോസിന്‍െറ മുഖ്യകാര്‍മികത്വത്തിലായിരുന്നു ചടങ്ങ്.

പിന്നീട് പ്രിയങ്ക ചോപ്ര ആറ്റാമംഗലം പള്ളി അധികൃതരുടെ നിലപാടില്‍ പ്രതിഷേധം രേഖപ്പെടുത്തിയതോടെയാണ് സംഭവം ശ്രദ്ധനേടിയത്. പള്ളി അധികാരികളുടെ നടപടി തികച്ചും ദൗര്‍ഭാഗ്യകരമാണെന്നാണ് പ്രിയങ്ക പ്രതികരിച്ചത്. പ്രിയങ്കയുടെ മാതാവ് മധു അശോക് ചോപ്രയുടെ മാതാവാണ് മേരി ജോണ്‍(94). മുംബൈയില്‍നിന്ന് മൃതദേഹത്തിനൊപ്പം പ്രിയങ്കയും അമ്മയും സഹോദരങ്ങളും എത്തിയിരുന്നു. വിഷയം സഭക്കുള്ളില്‍ വ്യതസ്തനിലപാട് ഉണ്ടാക്കിയതോടെ ഇരുചേരികളും തങ്ങളുടെ നിലപാട് കടുപ്പിച്ചു.

ഇതിനിടെയാണ് സഭാ സുന്നഹദോസ് ചേര്‍ന്ന് മാര്‍ തിമോത്തിയോസിനെ ഭദ്രാസന ചുമതലയില്‍നിന്ന് ഒഴിവാക്കിയ നടപടി പാത്രിയര്‍ക്കീസ് ബാവ റദ്ദാക്കിയത്. പൊന്‍കുന്നം പള്ളിയില്‍ സംസ്കാരത്തിന് അനുമതി നല്‍കിയത് വിശ്വാസങ്ങള്‍ക്ക് നിരക്കുന്നതല്ളെന്നതും സ്വത്ത് കൈവശം വെക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളും മെത്രാപ്പോലീത്തക്കെതിരായ ചില പരാതികളുമാണ് നടപടിക്ക് ആക്കംകൂട്ടിത്. കാതോലിക്ക ബാവ സ്ഥാനമൊഴിയാനിരിക്കെ പരിഗണിക്കപ്പെടേണ്ടവരിലൊരാളായ തിമോത്തിയോസിനെതിരായ ആസൂത്രിത നീക്കമായും നടപടികളെ വ്യാഖ്യാനിക്കുന്നുണ്ട്. ബി.ജെ.പി നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതിന്‍െറപേരിലും സഭക്കുള്ളില്‍ ബിഷപ്പിനോട് എതിര്‍പ്പുണ്ട്. പക്ഷെ ചുമതലയില്‍ നിന്നൊഴിവാക്കിയതിന്‍െറ കാരണം നേതൃത്വം വെളിപ്പെടുത്തിയിട്ടില്ല.

സംസ്കാരാനുമതി നിഷേധിച്ചത് ഇടവകാംഗമല്ലാതിരുന്നതിനാല്‍ –വികാരി
കോട്ടയം: ഇടവകാംഗമല്ലാതിരുന്നതിനാലാണ് മേരി ജോണ്‍ അഖൗരിയുടെ സംസ്കാരത്തിന് അനുമതി നല്‍കാതിരുന്നതെന്ന് കുമരകം ആറ്റാമംഗലം സെന്‍റ് ജോണ്‍സ് പള്ളി വികാരി ഫാ. സൈമണ്‍ മാനുവല്‍. ഇക്കാര്യത്തില്‍ കീഴ്വഴക്കങ്ങള്‍ പാലിച്ച് മാത്രമാണ് നിലപാട് സ്വീകരിച്ചത്. താരമാണ് എന്നതുകൊണ്ട് പ്രിയങ്ക ചോപ്രയോട് സഭക്ക് പ്രത്യേകത കാട്ടാനാവില്ല, ഇടവകാംഗങ്ങളും അവരുടെ താല്‍പര്യവുമാണ് ഇടവകക്ക് പ്രധാനമെന്നും ഫാ. സൈമണ്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.