യു.ഡി.എഫ് സാമുദായിക സംഘടനകള്‍ക്ക് കീഴടങ്ങിയത് പരാജയ കാരണം –ജനതാദള്‍-യു


കോഴിക്കോട്: യു.ഡി.എഫ് സാമുദായിക സംഘടനകള്‍ക്ക് വഴിപ്പെട്ടത് പരാജയ കാരണമായെന്ന് ജനതാദള്‍-യു സംസ്ഥാന സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ്. നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെക്കുറിച്ചും ഭാവി കാര്യങ്ങളെപ്പറ്റിയും ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും ജില്ലാ പ്രസിഡന്‍റുമാരുടെയും പോഷക സംഘടനാ അധ്യക്ഷന്മാരുടെയും യോഗതീരുമാനങ്ങളെപ്പറ്റി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 മുമ്പില്ലാത്ത വിധമുള്ള തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കാന്‍ സംസ്ഥാനകമ്മിറ്റി തയാറായെങ്കിലും പ്രസിഡന്‍റ് എം.പി. വീരേന്ദ്രകുമാറിന്‍െറ നേതൃത്വത്തിലെ യോഗം അംഗീകരിച്ചില്ളെന്ന് അദ്ദേഹം അറിയിച്ചു. വൈസ് ചാന്‍സലര്‍, ദേവസ്വം ബോര്‍ഡ്, പ്രോസിക്യൂട്ടര്‍ തുടങ്ങി പല പദവികള്‍ക്കുമായി സാമുദായിക സംഘടനകള്‍ വിലപേശി. കഴിഞ്ഞ പാര്‍ട്ടി സെക്രട്ടേറിയറ്റിന്‍െറ നിരീക്ഷണങ്ങള്‍ തന്നെയാണ് ഇന്നലത്തെ യോഗവും ഏറക്കുറെ കൈക്കൊണ്ടത്. രാഷ്ട്രീയ പരാജയത്തെക്കാള്‍ സാമുദായിക ധ്രുവീകരണമാണ് യു.ഡി.എഫിന് തിരിച്ചടിയായത്. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പ്രചാരണം കൂടിയായപ്പോള്‍ ബി.ജെ.പിയെ ഭയന്ന് ന്യൂനപക്ഷം എല്‍.ഡി.എഫിന് വോട്ട് ചെയ്യുകയായിരുന്നു. ഭൂരിപക്ഷ വിഭാഗത്തില്‍ സാമുദായികവും സാമ്പത്തികവുമായി ഉയര്‍ന്നവര്‍ ബി.ജെ.പിയെയും തുണച്ചു.
യു.ഡി.എഫ് വിടണമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയില്‍ ആവശ്യമുയര്‍ന്നപ്പോള്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലാ കമ്മിറ്റികള്‍ എതിര്‍ത്തതിനാല്‍ വീണ്ടുമൊരു പിളര്‍പ്പൊഴിവാക്കാനായി തല്‍സ്ഥി തുടരുകയായിരുന്നു.  2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്‍െറ നേതൃത്വത്തില്‍ ബി.ജെ.പിക്ക് ദേശീയ ബദല്‍ ഒരുക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ആദ്യപടിയായി മെംബര്‍ഷിപ് കാമ്പയിന്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി.ഹാരിസും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.