സോളാര്‍ കമീഷന്‍: ആരോപണങ്ങള്‍ നിഷേധിച്ച് അടൂര്‍ പ്രകാശ്

കൊച്ചി: സോളാര്‍ അഴിമതിയെക്കുറിച്ചന്വേഷിക്കുന്ന കമീഷനു മുന്നില്‍ ആരോപണങ്ങള്‍ നിഷേധിച്ച് മുന്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് എം.എല്‍.എ. സരിത എസ്. നായരും അന്നത്തെ പ്രതിപക്ഷവും ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അറിയില്ളെന്നും തിങ്കളാഴ്ചത്തെ സിറ്റിങ്ങില്‍ അടൂര്‍ പ്രകാശ് പറഞ്ഞു.
പത്തനംതിട്ടയിലെ പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സോളാര്‍പദ്ധതി നടപ്പാക്കുന്നതിന്‍െറ ഭാഗമായാണ് സരിതയെ ആദ്യമായി കാണുന്നതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. പദ്ധതിക്കായി ജില്ലാ കലക്ടര്‍ കണ്‍വീനറായ കമ്മിറ്റിയുടെ ചെയര്‍മാനായിരുന്നു താന്‍. കമ്മിറ്റി അംഗങ്ങള്‍ക്കു മുന്നില്‍വെച്ചായിരുന്നു പദ്ധതി സംബന്ധിച്ച് സരിതയുമായുള്ള കൂടിക്കാഴ്ച. പിന്നീടാണ് തട്ടിപ്പ് മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. തന്‍െറ മണ്ഡലത്തിലെ മറിയാമ്മ എന്ന റിട്ട. അധ്യാപികയുടെ വീട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്നുപറഞ്ഞ് സരിത പണം വാങ്ങിയിരുന്നു. സ്ഥാപിക്കാതെവന്നതോടെ മറിയാമ്മ തന്നോട് പരാതി പറഞ്ഞു. ഇതിനായി സരിതയുമായി രണ്ടു തവണ മാത്രമേ ഫോണില്‍ സംസാരിച്ചിട്ടുള്ളൂ.

സരിതയുമായി അടൂര്‍ പ്രകാശിന്‍െറ ഫോണില്‍നിന്ന് ആറു തവണയും മറ്റൊരു നമ്പറില്‍നിന്ന് 15 തവണയും വിളിച്ചുവെന്ന് കമീഷന്‍ അഭിഭാഷകന്‍ കാള്‍ ലിസ്റ്റ് സഹിതം ചോദിച്ചെങ്കിലും അടൂര്‍ പ്രകാശ് നിഷേധിച്ചു. മന്ത്രിയുടെ അനുയായികളില്‍ ഒരാളായിരുന്ന അജിത്തിന്‍െറ ഫോണില്‍നിന്ന് സരിതയുടെ നമ്പറിലേക്ക് 42 തവണ വിളിച്ചിട്ടുണ്ടെന്നും കാള്‍ ലിസ്റ്റ് സഹിതം അദ്ദേഹം വാദിച്ചു. 2016 ജനുവരി 16നും അജിത്തിന്‍െറ നമ്പറില്‍നിന്ന് സരിതക്ക് കാള്‍ പോയിരുന്നതും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, അജിത്ത് എന്ന ഒരു സ്റ്റാഫ് തനിക്കുണ്ടായിരുന്നില്ളെന്നും അങ്ങനെയൊരാളെ അറിയില്ളെന്നുമായിരുന്നു അടൂര്‍ പ്രകാശിന്‍െറ മറുപടി.  

സരിതയുടെ കത്തില്‍ തന്‍െറ പേര് പരാമര്‍ശിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. മറ്റൊരു പരാതിക്കാരനായ ശ്രീധരന്‍ നായരും സരിതയും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രിയുടെ ഓഫിസില്‍ ചര്‍ച്ച നടത്തിയെന്നതിനെ സംബന്ധിച്ചും തനിക്ക് വിവരങ്ങളൊന്നുമില്ല. സോളാര്‍ കേസ് ഒത്തു തീര്‍പ്പിനായി ബെന്നി ബെഹനാന്‍, തമ്പാനൂര്‍ രവി എന്നിവരെ മുഖ്യമന്ത്രി ദൂതനാക്കിയിരുന്നോയെന്ന ആള്‍ ഇന്ത്യ ലോയേഴ്സ് യൂനിയന്‍ സംസ്ഥാന സെക്രട്ടറി ബി. രാജേന്ദ്രന്‍െറ ചോദ്യത്തിനും അറിയില്ളെന്നായിരുന്നു അദ്ദേഹത്തിന്‍െറ മറുപടി.

കടുത്തുരുത്തി എം.എല്‍.എ മോന്‍സ് ജോസഫിന്‍െറ സിറ്റിങ് 26ലേക്ക് മാറ്റിയതായും സരിതയെ വിസ്തരിക്കുന്ന 17ന് അവരുടെ ആരോപണങ്ങളെ സംബന്ധിച്ച് അവരെ വിസ്തരിക്കാന്‍ അടൂര്‍ പ്രകാശിന് നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ അനുമതിയുണ്ടാകുമെന്നും കമീഷന്‍ അറിയിച്ചു. 14ന് മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍, 15ന് ഹൈബി ഈഡന്‍ എം.എല്‍എ, മുന്‍ എം.എല്‍.എ പി.സി. വിഷ്ണുനാഥ്, 17ന് സരിത, കെ.സി. വേണുഗോപാല്‍ എം.പി എന്നിവരെയും വിസ്തരിക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.