തിരുവനന്തപുരം: പ്രവാസികളുടെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞ് അവരുടെ ആവശ്യകതയും അടിയന്തര സ്വഭാവവും മാനദണ്ഡമാക്കി ‘ഗള്‍ഫ് മാധ്യമം’ തെരഞ്ഞെടുത്ത 15 ഇനങ്ങള്‍ പുതിയ സര്‍ക്കാറിന് മുന്നില്‍ പ്രവാസി അവകാശ പത്രികയായി ഇന്ന് സമര്‍പ്പിക്കും. ‘ഞങ്ങളും കേരളീയരാണ്’ എന്ന തലക്കെട്ടിലുള്ള അവകാശ പത്രികയില്‍ പതിറ്റാണ്ടുകളായി പ്രവാസികള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങളും അതിനുള്ള പരിഹാര നിര്‍ദേശങ്ങളുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആറ് ഗള്‍ഫ് രാജ്യങ്ങളിലെ മലയാളി പ്രവാസികളില്‍നിന്ന് അഭിപ്രായങ്ങളും ആവശ്യങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ച് ഒരുമാസം നീണ്ട കാമ്പയിനാണ് ‘ഗള്‍ഫ് മാധ്യമം’ നടത്തിയത്. വന്‍ പ്രതികരണമാണ് വായനക്കാരില്‍നിന്ന് ഇതിന് ലഭിച്ചത്. ആറു രാജ്യങ്ങളിലെ ഒമ്പത് എഡിഷനുകളിലേക്ക് വായനക്കാര്‍ അയച്ചുതന്ന കുറിപ്പുകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട നൂറുകണക്കിന് പ്രതികരണങ്ങള്‍ ‘ഗള്‍ഫ് മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു. തങ്ങളോടുള്ള അവഗണനയില്‍ അവര്‍ക്കുള്ള രോഷം പ്രതിഫലിക്കുന്നതായിരുന്നു മിക്ക കുറിപ്പുകളും. പരിദേവനങ്ങള്‍ മാത്രമല്ല പ്രശ്നപരിഹാരത്തിനുള്ള നിരവധി നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അവര്‍ മുന്നോട്ടുവെച്ചു.
എണ്ണ വിലയിടിവും വിവിധ രാജ്യങ്ങളിലെ സ്വദേശിവത്കരണവുമെല്ലാം മലയാളി പ്രവാസി സമൂഹത്തിന് മുന്നില്‍ ഏറെ ആശങ്ക തീര്‍ക്കുന്ന സാഹചര്യത്തില്‍ അവരുടെ പുനരധിവാസം, തിരിച്ചുവരുന്നവര്‍ക്ക് മുന്നില്‍വെക്കേണ്ട പുതിയ സംരംഭ മാര്‍ഗങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് പ്രവാസി അവകാശ പത്രികയില്‍ വിശദീകരിക്കുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയന് ‘ഗള്‍ഫ് മാധ്യമം’ എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് പ്രവാസി അവകാശ പത്രിക സമര്‍പ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.