ന്യൂസ് പേപ്പർ ഏജന്റ്സ് അസോസിയേഷൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാർ സംസ്ഥാന പ്രസിഡന്റ് പി.കെ. സത്താർ ഉദ്ഘാടനം ചെയ്യുന്നു

‘പത്രവായനയുടെ അഭാവം വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുന്നു’

തിരുവനന്തപുരം: സമൂഹമാധ്യമ അമിതഭ്രമം പുതുതലമുറയെ പത്രവായനയിൽനിന്ന് അകറ്റിയത് വിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരത്തെയടക്കം സാരമായി ബാധിച്ചതായി ന്യൂസ് പേപ്പർ ഏജന്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു.

പാഠപുസ്തകത്തിനപ്പുറം വിദ്യാർഥികൾക്ക് ലഭിക്കേണ്ട പൊതുവായ അറിവുകൾ സ്വയത്തമാക്കാനുളള മികച്ച വഴിയായിരുന്നു പ്രതിദിന പത്ര വായന. ചുറ്റുപാടുമുള്ള കാര്യങ്ങൾ മനസ്സിലാക്കി അപഗ്രഥിക്കാനും സ്വന്തം ആശയങ്ങളും അഭിപ്രായങ്ങളും നിലപാടുകളും രൂപപ്പെടുത്താനും പത്രവായനയോളം മികച്ചതും എളുപ്പവുമായ മറ്റൊരു മാധ്യമവുമില്ല.

വിദ്യാർഥികളിലെ മാതൃഭാഷാപരമായ പരിജ്ഞാനവും പദസമ്പത്തും വർധിപ്പിക്കാനാകുന്നത് പത്രവായനയിലൂടെയാണ്. പ്രതിദിന പത്രവായനയും അപഗ്രഥനവും പാഠ്യപദ്ധതിയുടെ ഭാഗമാക്കിയുള്ള പരിഷ്കരണം സംസ്ഥാന പാഠ്യപദ്ധതിയിൽ ഉണ്ടാകണമെന്ന് സെമിനാർ അഭിപ്രായപ്പെട്ടു. ജനുവരി 26ന് കോഴിക്കോട് സംഘടിപ്പിക്കുന്ന എൻ.പി.എ.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായായിരുന്നു സെമിനാർ.

സംസ്ഥാന പ്രസിഡന്റ് പി.കെ സത്താർ ഉദ്ഘാടനം ചെയ്തു. പ്രഫ. ഡോ. സനേഷ് ചോലക്കാട് പ്രബന്ധം അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി സി.പി. അബ്ദുൽ വഹാബ് മോഡറേറ്ററായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ചേക്കുട്ടി കരിപ്പൂർ സ്വാഗതവും ട്രഷറർ അജീഷ് കൈവേലി നന്ദിയും പറഞ്ഞു.

Tags:    
News Summary - newspaper agents association seminar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.