കേന്ദ്രവും പച്ചക്കൊടി കാട്ടി; ആശങ്കയോടെ എസ്.ബി.ടി ജീവനക്കാര്‍

കൊച്ചി: എസ്.ബി.ടി- എസ്.ബി.ഐ ലയനത്തിന് കേന്ദ്രസര്‍ക്കാറും പച്ചക്കൊടി കാട്ടിയതോടെ എസ്.ബി.ടി ജീവനക്കാര്‍ കടുത്ത ആശങ്കയിലാണ്. ഇടപാടുകാരെയും ജീവനക്കാരെയും പ്രതികൂലമായി ബാധിക്കില്ളെന്ന് ബാങ്ക് മാനേജ്മെന്‍റ് അടിക്കടി ഉറപ്പുനല്‍കുമ്പോഴും ആശങ്ക ഒഴിയുന്നില്ല.
ശാഖകള്‍ തമ്മില്‍ ലയിപ്പിക്കുമ്പോള്‍ അധികം വരുന്ന ജീവനക്കാര്‍ പുറന്തള്ളപ്പെടുമെന്നും സ്ഥാനക്കയറ്റസാധ്യതയെ ബാധിക്കുമെന്നും വിദൂര സംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറേണ്ടിവരുമെന്നുമൊക്കെയാണ് ആശങ്ക. മൊത്തം 1177 ശാഖകളാണ് എസ്.ബി.ടിക്കുള്ളത്. ഇതില്‍ 852 എണ്ണം കേരളത്തിലാണ്. മൊത്തം 1707 എ.ടി.എമ്മുകളുമുണ്ട്.

14892 ജീവനക്കാരാണ് ബാങ്കിലുള്ളത്. എസ്.ബി.ഐക്കാകട്ടെ സംസ്ഥാനത്ത് 450 ശാഖകളാണുള്ളത്. ലയനം യാഥാര്‍ഥ്യമാകുന്നതോടെ പ്രവര്‍ത്തനസൗകര്യത്തിന്‍െറ പേരിലും ലാഭസാധ്യത കണക്കിലെടുത്തും അടുത്തടുത്ത ശാഖകള്‍ ലയിപ്പിക്കുമെന്ന് മാനേജ്മെന്‍റ് സമ്മതിക്കുന്നുണ്ട്. നഗര-ഗ്രാമ ഭേദമില്ലാതെ പല സ്ഥലങ്ങളിലും എസ്.ബി.ടി, എസ്.ബി.ഐ ശാഖകള്‍ അടുത്തടുത്ത് പ്രവര്‍ത്തിക്കുന്നുമുണ്ട്.ഈ ശാഖകള്‍ ലയിപ്പിക്കുമ്പോള്‍ എസ്.ബി.ടി ശാഖകളില്‍ ജോലിചെയ്തിരുന്ന ജീവനക്കാര്‍ ഒഴിവുള്ള വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലംമാറേണ്ടിവരും.   ലയനം യാഥാര്‍ഥ്യമാകുന്നതോടെ എസ്.ബി.ടിയുടെ സ്വതന്ത്ര അസ്തിത്വം ഇല്ലാതാകുമെന്നും കേരളത്തിന്‍െറ താല്‍പര്യങ്ങള്‍ക്ക് ഹാനികരമാകുമെന്നുമാണ് ജീവനക്കാരുടെ വാദം.നിലവില്‍ സംസ്ഥാനത്ത് കൃഷി, ചെറുകിട വ്യവസായം, സ്വയംതൊഴില്‍ സംരംഭം തുടങ്ങിയ മേഖലകളില്‍ ഏറ്റവുമധികം വായ്പ നല്‍കുന്ന ബാങ്കാണ് എസ്.ബി.ടി. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഏറ്റവുമധികം വായ്പ നല്‍കിയതും എസ്.ബി.ടിയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.