കെ. മുരളീധരന്‍െറ വിജയം അസാധുവാക്കണമെന്ന് കുമ്മനം ഹൈകോടതിയില്‍

കൊച്ചി: വട്ടിയൂര്‍കാവ് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള കെ. മുരളീധരന്‍െറ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എതിര്‍സ്ഥാനാര്‍ഥിയായിരുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍െറ ഹരജി. നാമനിര്‍ദേശ പത്രികക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ യഥാര്‍ഥ വരവ് -ബാധ്യതകള്‍ മറച്ചുവെച്ചുവെന്നും പരാതിയുണ്ടായിട്ടും വരണാധികാരി പത്രിക സ്വീകരിച്ചത് ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി.
നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ വ്യക്തിയുടെ മുഴുവന്‍ ആസ്തിയും വരവും ബാധ്യതയും കാണിക്കണമെന്നാണ്. എന്നാല്‍, മുരളീധരന്‍ മാനേജിങ് ഡയറക്ടറായ ജനപ്രിയ കമ്യൂണിക്കേഷന്‍ കോര്‍പറേറ്റ്കാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ച റിട്ടേണിലെ സാമ്പത്തിക ബാധ്യതകളേയോ വരവിനെയോ കുറിച്ച് സത്യവാങ്മൂലത്തില്‍ പരാമര്‍ശമില്ളെന്ന് ഹരജിയില്‍ പറയുന്നു. ഇതേ കമ്പനിയില്‍നിന്ന് മാനേജ്മെന്‍റിലെ  പ്രധാന വ്യക്തിയെന്ന നിലയില്‍ മുരളീധരന് വ്യക്തിഗത വായ്പയായി 2.28 കോടി രൂപ നല്‍കിയിട്ടുള്ളതായാണ് റിട്ടേണ്‍ സമര്‍പ്പിച്ചിട്ടുള്ളത്. പത്രിക സൂക്ഷ്മ പരിശോധന വേളയില്‍ ചില കാര്യങ്ങള്‍ സത്യവാങ്മൂലത്തില്‍ മറച്ചുവെച്ചിട്ടുള്ളതായി വരണാധികാരി മുമ്പാകെ പരാതിപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ല. മതിയായ തെളിവുകള്‍ സൂക്ഷ്മ പരിശോധന സമയം പൂര്‍ത്തിയാകും മുമ്പേ എത്തിക്കാമെന്ന് അറിയിച്ചിട്ടും അനുവദിച്ചില്ല. തുടര്‍ന്നാണ് മുരളീധരന്‍െറ പത്രിക സ്വീകരിച്ച് മത്സരിക്കാന്‍ അനുമതി നല്‍കിയതെന്നുംഹരജിയില്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.