അബൂലഹബിന്‍െറ ദുര്യോഗം

മുഹമ്മദ് നബിയുടെ പിതൃവ്യനായ അബൂലഹബ് ഖുറൈശി പ്രമുഖനും പണക്കാരനും പ്രതാപിയുമായിരുന്നു. അതോടൊപ്പം, നബിയുടെ കഠിന ശത്രുവും. നബിയുടെ വീടിന്‍െറ തൊട്ടയല്‍പക്കത്തായിരുന്നു അബൂലഹബിന്‍െറ താമസം. അബൂലഹബിന്‍െറ ഭാര്യ ഉമ്മുജമീലിന്‍െറ പ്രധാന പരിപാടി നബിയുടെ വീട്ടിലേക്ക് മാലിന്യം എറിയലും തെറിവിളിക്കലും നബി നടക്കുന്ന വഴിയില്‍ മുള്ള് വിതറലുമായിരുന്നു. പിതാവിന്‍െറ സ്ഥാനത്ത് നില്‍ക്കേണ്ട അബൂലഹ്ബ് പക്ഷേ, നബിയുമായി ഉണ്ടായിരുന്ന എല്ലാ കുടുംബബന്ധങ്ങളും അറുത്തെറിയുകയാണ് ചെയ്തത്.

നബിയുടെ പുത്രിമാരുമായി കല്യാണബന്ധമുണ്ടായിരുന്ന തന്‍െറ ആണ്‍മക്കളോട് അത് അവസാനിപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. വര്‍ഷങ്ങളോളം അദ്ദേഹവും ഭാര്യയും നബിക്കെതിരെ ഇത്തരത്തിലുള്ള പീഡനങ്ങള്‍ തുടര്‍ന്ന പശ്ചാത്തലത്തിലാണ് ഖുര്‍ആന്‍ അബൂലഹബിനും ഭാര്യക്കുമെതിരെ ശക്തമായ ഒരു പ്രവചനവുമായി രംഗത്തുവരുന്നത്. മസദ്, ലഹബ് തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ആ പ്രവചനം ഇങ്ങനെ വായിക്കാം. ‘അബൂലഹബിന്‍െറ ഇരുകരങ്ങളും നശിച്ചുപോയി. അവനും നശിച്ചുകഴിഞ്ഞു. അവന്‍െറ ധനമോ സന്താനങ്ങളോ അവന് ഒരു പ്രയോജനവും ചെയ്തില്ല. തീര്‍ച്ചയായും അവനും വിറക് ചുമട്ടുകാരിയായ അവന്‍െറ ഭാര്യയും ആളിക്കത്തുന്ന നരകത്തില്‍ പ്രവേശിക്കും.

അവളുടെ കഴുത്തില്‍ ഈന്തപ്പനകൊണ്ടുള്ള ഒരു കയറുമുണ്ടായിരിക്കും (വി.ഖു. 111:1-5). അബൂലഹബും ഭാര്യയും ജീവിച്ചിരിക്കെയാണ് നബിയുടെ നാവിലൂടെ അല്ലാഹു ഇത്തരത്തിലൊരു പ്രവചനം നടത്തുന്നത് എന്നോര്‍ക്കണം. ഈ പ്രവചനം പരാജയമാണെന്ന് തെളിയിക്കാന്‍ കപടമായിട്ടെങ്കിലും അബൂലഹബും ഭാര്യയും ഇസ്ലാം സ്വീകരിച്ചിരുന്നുവെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ എന്നാലോചിച്ചുനോക്കുക. നിരന്തരം അവര്‍ക്കിടയില്‍ പാരായണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഖുര്‍ആനില്‍ പ്രഖ്യാപിച്ചതിന് വിരുദ്ധമായിട്ടാണ് കാര്യങ്ങള്‍ സംഭവിക്കുന്നതെങ്കില്‍ മുഹമ്മദിനെ വിശ്വസിക്കാന്‍ പിന്നെ ആരെ കിട്ടും. എന്നാല്‍, ഖുര്‍ആന്‍ പ്രവചിച്ചപോലെ തന്നെ കാര്യങ്ങള്‍ അക്ഷരംപ്രതി പുലരുന്നതാണ് നാം പിന്നീട് കാണുന്നത്. ഈ പ്രവചനം കേട്ടമാത്രയില്‍ അബൂലഹബും ഭാര്യയും രോഷാകുലരായി. കോപംകൊണ്ട് ജ്വലിച്ച അബൂലഹബിന്‍െറ ഭാര്യ ഉമ്മുജമീല്‍, എവിടെ മുഹമ്മദ് എന്നാര്‍ത്തുവിളിച്ചുകൊണ്ട് തെറിപ്പാട്ട് പാടി തെരുവിലൂടെ അലയുകയായിരുന്നു.

കണ്ടാല്‍ മുഹമ്മദ് നബിയുടെ മുഖത്തെറിയാന്‍ ഒരുപിടി മണ്ണും കൈയില്‍ കരുതിവെച്ചിട്ടുണ്ടായിരുന്നു. അനുചരന്മാരുമൊത്ത് കഅ്ബയുടെ പരിസരത്തുണ്ടായിരുന്ന നബിയുടെ അടുത്തേക്ക് അവര്‍ വന്നെങ്കിലും അവര്‍ക്ക് നബിയെ കാണാനോ ഉപദ്രവിക്കാനോ സാധിച്ചില്ല. ശാപവാക്കുകള്‍ ഉരുവിട്ടുകൊണ്ട് അവര്‍ തിരിച്ചുപോയി. ഭാവിയില്‍ നടക്കാന്‍പോകുന്ന കാര്യങ്ങള്‍ എങ്ങനെയാണ് നബിക്ക് കൃത്യമായി പ്രവചിക്കാന്‍ കഴിഞ്ഞത് എന്ന ചോദ്യത്തിന്‍െറ ഉത്തരം ഇത് അല്ലാഹുവിന്‍െറ വേദഗ്രന്ഥമാണ് എന്നാണ്. ദിവ്യബോധനം മുഖേനയല്ലാതെ അത് സാധ്യമല്ല തന്നെ. അബൂലഹബിന്‍െറ മക്കളിലൊരാളായ ഉതൈബ നബിയെ പരസ്യമായി അവഹേളിക്കുകയും നബിയുടെ മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പുകയും ചെയ്തു. ഇത്രത്തോളമായപ്പോള്‍ നബി ഇയാളെ ഏതെങ്കിലും മൃഗങ്ങള്‍ക്ക് ഭക്ഷണമാക്കേണമേ എന്ന് അല്ലാഹുവിനോട് പ്രാര്‍ഥിച്ചു.

ഉതൈബ അതിനെ പുച്ഛിച്ച് തള്ളിയെങ്കിലും ഒരിക്കല്‍ യാത്രപോവുമ്പോള്‍ ഉതൈബയെ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഹമ്മദിന്‍െറ പ്രാര്‍ഥനയെ എനിക്ക് വല്ലാതെ പേടിയുണ്ട് എന്നും അബൂലഹബ് ഒപ്പമുള്ളവരോട് പ്രത്യേകം നിഷ്കര്‍ഷിക്കുകയുണ്ടായി. പക്ഷേ, എന്തുചെയ്യാം, രാത്രി യാത്രാസംഘം കിടന്നുറങ്ങുമ്പോള്‍ ഒരു സിംഹം വന്ന് സുരക്ഷാവലയം ഭേദിച്ച് ഉതൈബയെ കടിച്ചുകീറി. അബൂലഹബിന്‍െറ ഇരുകരങ്ങളും നശിച്ചുപോയി എന്ന് ഖുര്‍ആന്‍ പറഞ്ഞത് പോലത്തെന്നെ അദ്ദേഹത്തിന്‍െറ പിന്‍ബലമായി വര്‍ത്തിക്കുന്ന സകല ശക്തികളും ചോര്‍ന്ന് പോവാന്‍ തുടങ്ങി. അവസാനം ബദ്റില്‍ വെച്ച് അദ്ദേഹത്തിന്‍െറ സഹായികളായിരുന്ന പ്രധാന ഖുറൈശി പ്രമാണിമാരൊക്കെ കൊല്ലപ്പെട്ട വാര്‍ത്തയറിഞ്ഞ് അദ്ദേഹം തളര്‍ന്നുപോയി. യുദ്ധത്തില്‍നിന്ന് തന്ത്രപരമായി മുങ്ങിയ അദ്ദേഹം പക്ഷേ, അല്ലാഹുവിന്‍െറ പ്രവചന പൂര്‍ത്തീകരണത്തിന് വേണ്ടിമാത്രം ബാക്കിയായി.

കഠിന ദു$ഖവും മോഹഭംഗവും അദ്ദേഹത്തെ രോഗിയാക്കി. പിന്നെ 10 ദിവസത്തിനപ്പുറം അദ്ദേഹത്തിന് ജീവിക്കാന്‍ കഴിഞ്ഞില്ല. ദേഹത്ത് ഒരു തരം വൃത്തികെട്ട കുരുക്കള്‍ പൊങ്ങി വ്രണമായി മാറി. അറപ്പും വെറുപ്പും സഹിക്കവയ്യാതെ വീട്ടിലുണ്ടായിരുന്നവര്‍ അദ്ദേഹത്തെ വിട്ടേച്ചുപോയി. ആരും സഹായിക്കാനില്ലാതെ ഒരിറ്റ് വെള്ളം നല്‍കാന്‍ മക്കള്‍പോലുമില്ലാതെ ആ ഖുറൈശി പ്രമാണി പുഴുത്തുമരിച്ചു. മരിച്ചശേഷം മൂന്നു ദിവസത്തോളും ആരും അങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല. മൃതദേഹം പുഴുത്ത് ജീര്‍ണിച്ച് നാറി. ഒടുവില്‍ നാറ്റം സഹിക്കവയ്യാതെ അയല്‍ക്കാര്‍ ബന്ധുക്കളെ കഠിനമായി ആക്ഷേപിക്കാന്‍ തുടങ്ങിയപ്പോഴാണ് അവര്‍ കുറച്ച് അബ്സീനിയക്കാരെ കൂലിക്ക് വിളിച്ച് മൃതദേഹം മറവുചെയ്യാന്‍ പറഞ്ഞത്. അവര്‍ വന്ന് വീടിനുമുന്നില്‍തന്നെ ഒരു കുഴിയെടുത്ത് പുഴുത്ത ശരീരം ഒരു വടികൊണ്ട് കുഴിയിലേക്ക് തോണ്ടിയിടുകയായിരുന്നു. ഖുറൈശികളിലെ പ്രതാപശാലിയുടെ ദുര്യോഗം!

സമ്പാദനം: ഫൈസല്‍ മഞ്ചേരി

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.