നമ്മുടെ പ്രാര്‍ഥന അല്ലാഹു കാത്തിരിക്കുന്നു

റമദാനിനെക്കുറിച്ച് ഖുര്‍ആനില്‍ അല്‍ ബക്റ അധ്യായത്തില്‍ പരാമര്‍ശിക്കുന്നതിന്‍െറ ഒടുവിലായി അല്ലാഹു പ്രവാചകനോട് ഇങ്ങനെ പറയുന്നുണ്ട്. ‘എന്‍െറ അടിമ താങ്കളോട് എന്നെക്കുറിച്ച് ചോദിച്ചാല്‍, തീര്‍ച്ചയായും ഞാന്‍ അടുത്തുണ്ട്. പ്രാര്‍ഥിക്കുന്ന ഏതൊരുവന്‍െറ പ്രാര്‍ഥനക്കും ഞാന്‍ നിര്‍ബന്ധമായും ഉത്തരം നല്‍കിയിരിക്കും. അതുകൊണ്ട് നിങ്ങള്‍ എന്നോട് ഉത്തരം തേടുക. എന്നില്‍ വിശ്വസിക്കുക. നിങ്ങള്‍ക്ക് സന്‍മാര്‍ഗം പ്രാപിക്കാന്‍ സാധിച്ചേക്കാം. നിങ്ങള്‍ക്ക് വിവേകം ലഭിച്ചേക്കാം.’

വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ് ഈ ആയത്തുകളിലൂടെ അല്ലാഹു നമ്മോട് പറയുന്നത്. സത്യവിശ്വാസികളെ നേരിട്ട്, അല്ളെങ്കില്‍ മനുഷ്യരെ നേരിട്ട് വിളിക്കുന്ന രീതിയില്‍ നിന്ന് വ്യത്യസ്തമായി നബിയെ അഭിസംബോധന ചെയ്യുന്നതാണ് ഈ വരികള്‍. അല്ലാഹു അവന്‍െറ അടിമകളുമായി അത്രത്തോളം അടുത്താണെന്ന് പറയുകയാണ് ഇതിലൂടെ. ‘നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കുകയേ വേണ്ടൂ, ഞാന്‍ ഉത്തരം നല്‍കും.’ ‘ഞാന്‍ നിര്‍ബന്ധമായി ഉത്തരം നല്‍കിയിരിക്കും.’ തുടങ്ങിയ ഭാഷാപ്രയോഗങ്ങളെല്ലാം അല്ലാഹു പ്രാര്‍ഥിക്കുന്നവരോട് എത്ര അടുത്താണെന്ന് വ്യക്തമാവുന്നതാണ്. നാം അവന്‍െറ കണ്ഠനാളിയേക്കാള്‍ അടുത്തവനാണെന്ന് മറ്റൊരു ആയത്തില്‍ പറയുന്നുണ്ട്. നമ്മള്‍ ചോദിക്കുന്നത് അല്ലാഹു കാത്തിരിക്കുകയാണ്.

നബി (സ) പറഞ്ഞിട്ടുണ്ട്:  ‘നോമ്പുകാരന് രണ്ട് സന്തോഷങ്ങളാണുള്ളത്. ഒന്ന് നോമ്പു തുറക്കുമ്പോഴുണ്ടാവുന്ന സന്തോഷം. രണ്ടാമത്തേത് അവന്‍െറ പ്രാര്‍ഥന അല്ലാഹു സ്വീകരിക്കുന്നതിന്‍െറ സന്തോഷം.’ അപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രാര്‍ഥനക്ക് ഉത്തരം കിട്ടുന്ന സന്ദര്‍ഭമാണ് നോമ്പുതുറക്കാന്‍ കാത്തിരിക്കുന്ന വേളയിലേത്. അതുപോലെ രാത്രിയുടെ അന്ത്യയാമങ്ങളില്‍- ഖിയാമുലൈ്ളലിന്‍െറ സന്ദര്‍ഭം. സുഹൂറിന്‍െറ സമയം ഇതെല്ലാം പ്രാര്‍ഥനക്ക് ഉത്തമമായ അവസരങ്ങളാണ്. നോമ്പുകാരന്‍ ഏത് സമയത്ത് പ്രാര്‍ഥിച്ചാലും ഉത്തരം ലഭിക്കുമെന്നും റസൂല്‍ (സ) നമ്മെ പഠിപ്പിക്കുന്നു.

പ്രാര്‍ഥനക്ക് ഫലം ലഭിക്കുന്നില്ളെന്ന് നിരാശപ്പെടുന്നവരെ നമുക്കിടയില്‍ കാണാറുണ്ട്. എന്നാല്‍, മൂന്ന് തരത്തില്‍ പ്രാര്‍ഥനക്ക് ഉത്തരം നല്‍കപ്പെടാറുണ്ട്. നാം ചോദിക്കുന്നത് തന്നെ അല്ലാഹു തരുന്നതാണ് ഒന്ന്. നാം ചോദിച്ചത് നേരിട്ട് നല്‍കാതെ, നമ്മുടെ വിധിയില്‍ നിന്ന് എന്തെങ്കിലും അത്യാഹിതത്തെ തടുക്കുന്നതാണ് മറ്റൊന്ന്. ഇതൊന്നുമല്ലാതെ, നാം ചോദിച്ചതൊന്നും നല്‍കാതെ പരലോകത്ത് നിന്ന് നല്‍കപ്പെടുന്നതാണ് മൂന്നാമത്തേത്. അതുകൊണ്ട് ആത്മവിശ്വാസത്തോടെ അല്ലാഹുവിനോട് ചോദിച്ചുകൊണ്ടിരിക്കുകയെന്നതാണ് വിശ്വാസികള്‍ക്ക് ചെയ്യാനുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.