നീതിക്ക് വേണ്ടി നിലകൊള്ളുക

അല്ലാഹുവിനെക്കുറിച്ചുള്ള സൂക്ഷ്മതയും അവന്‍െറ സാന്നിധ്യത്തെക്കുറിച്ചുള്ള ഓര്‍മയും ആ ബോധ്യത്തില്‍ നിന്ന് നമ്മുടെ കര്‍മങ്ങള്‍ അല്ലാഹുവിന് ഇഷ്ടപ്പെട്ടതാക്കിത്തീര്‍ക്കുകയും ചെയ്യുന്ന അവസ്ഥയ്ക്കാണ് തഖ്വ എന്ന് പറയുന്നത്. പരിശുദ്ധ ഖുര്‍ആന്‍ തഖ്വയോട് ഏറ്റവും അടുത്തുനില്‍ക്കുന്നതെന്ന് വിശേഷിപ്പിച്ച ഒരു സംഗതിയുണ്ട്. അഞ്ചാമത്തെ അധ്യായമായ സൂറത്തുല്‍ മാഇദയിലെ എട്ടാമത്തെ സൂഖ്തത്തില്‍ അല്ലാഹു ഇങ്ങനെ പറയുന്നു:

‘സത്യവിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവിനെ മുറുകെപ്പിടിക്കുന്നവരാവുക, നിങ്ങള്‍ നീതിക്ക് സാക്ഷ്യം വഹിക്കുന്നവരാവുക, ഏതെങ്കിലും ജനതയോടുള്ള വിരോധവും വിദ്വേഷവും അവരോട് നീതി പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് നിങ്ങളെ തടയരുത്. നിങ്ങള്‍ നീതി മുറുകെപ്പിടിക്കുക. അതാണ് തഖ്വയോട് ഏറ്റവും അടുത്തുനില്‍ക്കുന്നത്. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെ അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.’
നീതി പ്രവര്‍ത്തിക്കുക, നീതി പറയുക, നീതിക്ക് വേണ്ടി നിലകൊള്ളുക ഇതൊക്കെ തഖ്വയോട് ഏറ്റവും അടുത്തുനില്‍ക്കുന്നതാണെന്ന് അല്ലാഹു പഠിപ്പിക്കുന്നു. നമസ്കാരം, നോമ്പ്, ഹജ്ജ് തുടങ്ങിയ ആരാധന കര്‍മങ്ങളിലുള്ള തഖ്വയെക്കുറിച്ചാണ് നാം അധികവും കേട്ടിട്ടുള്ളത്. എന്നാല്‍, ഇവിടെ തികച്ചും ഭൗതികം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഗതിയാണ് തഖ്വയുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ആളുകളുമായി സംസാരിക്കുമ്പോള്‍, അത് നീതിക്ക് വേണ്ടിയാവുക. ആളുകളുമായി ഇടപഴകുമ്പോള്‍ നീതിയോടെയാവുക. എല്ലാം നീതിപൂര്‍വം ചെയ്യണമെന്നാണ് അല്ലാഹു പറയുന്നത്.

ഖുര്‍ആനിലെ നാലാമത്തെ അധ്യായമായ സൂറത്തുല്‍ നിസാഇല്‍ 135ാമത്തെ സൂഖ്തം ഇങ്ങനെയാണ്: ‘സത്യവിശ്വാസികളെ നിങ്ങള്‍ നീതിക്ക് വേണ്ടി നിലകൊള്ളുന്നവരാവുക, അല്ലാഹുവിന് സാക്ഷ്യം വഹിക്കുന്നവരാവുക, ആ നീതിക്ക് വേണ്ടി നിലകൊള്ളുന്നതും അല്ലാഹുവിന് സാക്ഷ്യംവഹിക്കുന്നതും നിങ്ങള്‍ക്ക് എതിരാണെങ്കില്‍ പോലും, അല്ളെങ്കില്‍ നിങ്ങളുടെ മാതാപിതാക്കള്‍ക്ക് എതിരാണെങ്കിലും, നിങ്ങളുടെ അടുത്ത ബന്ധുക്കള്‍ക്ക് എതിരാണെങ്കില്‍ പോലും നീതിയുടെ പക്ഷത്ത് നില്‍ക്കുക’.

ഇസ്ലാമില്‍ എത്രമാത്രം നീതിക്ക് പ്രാധാന്യമുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. ഇസ്ലാമില്‍ ഏറ്റവും കൂടുതല്‍ പാലിക്കേണ്ട ഒരു തത്വത്തെക്കുറിച്ചാണ് അത് തഖ്വയാണ് എന്ന് പറഞ്ഞത്. നോമ്പ് കൊണ്ട് നമുക്ക് ഉണ്ടാവേണ്ട ഗുണങ്ങളിലൊന്നാണ് തഖ്വ. നമുക്ക് സമൂഹത്തില്‍ പലതരത്തിലുള്ള ഇടപെടലുകള്‍ നടത്തേണ്ടി വരും. വിവിധ ആളുകള്‍ തമ്മിലുള്ള പ്രശ്നങ്ങളില്‍ ഇടപെടേണ്ടിവരും. പല നിലപാടുകള്‍ സ്വീകരിക്കേണ്ടി വരും. അതിലെല്ലാം എല്ലാ വിഭാഗത്തിന്‍െറയും അവകാശങ്ങള്‍ വകവെച്ചുകൊടുക്കുന്ന നീതിയുടെ നിലപാടാണ് സ്വീകരിക്കേണ്ടത്. ഇവിടെയാണ് വാസ്തവത്തില്‍ നമ്മുടെ തഖ്വ ഏറ്റവും കൂടുതല്‍ പരീക്ഷിക്കപ്പെടുന്നത്. നമസ്കാരത്തിലും നോമ്പിലുമെല്ലാം വേണ്ട തഖ്വയോളം പ്രാധാന്യമുള്ളതാണ് ഈ വിഷയവും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.