മതവും ശാസ്ത്രവും

മതവും ശാസ്ത്രവും ഭിന്ന ധ്രുവങ്ങളിലാണ് നിലകൊള്ളുന്നത് എന്നൊരു തെറ്റിദ്ധാരണയുണ്ട്. യഥാര്‍ഥത്തില്‍ അവ രണ്ടും പരസ്പരപൂരകങ്ങളാണ്. ചരിത്രത്തില്‍ പല സന്ദര്‍ഭങ്ങളിലും മതത്തിന്‍െറ ദണ്ഡുപയോഗിച്ചുകൊണ്ട് അധികാരം വാണിരുന്ന പുരോഹിതന്മാര്‍ ശാസ്ത്രത്തിനുനേരെ പുറംതിരിഞ്ഞുനില്‍ക്കുകയും ശാസ്ത്രജ്ഞന്മാരെ പീഡിപ്പിക്കുകയും ചെയ്തതുകൊണ്ടാവാം ഇത്തരത്തിലുള്ള ഒരു തെറ്റിദ്ധാരണ പരന്നത്. ഖുര്‍ആന്‍ ഒരു ശാസ്ത്രഗ്രന്ഥമല്ളെങ്കിലും ഖുര്‍ആന്‍ വിശദീകരിച്ച ശാസ്ത്രീയ കാര്യങ്ങള്‍ യഥാര്‍ഥ ശാസ്ത്രസത്യങ്ങള്‍ക്ക് വിരുദ്ധമാവില്ല. കാരണം, യഥാര്‍ഥ ശാസ്ത്രവും ഖുര്‍ആനും തമ്മില്‍ വൈരുധ്യമുണ്ടാവുക എന്നത് അസംഭവ്യമാണ്. ഖുര്‍ആന്‍ അല്ലാഹു മനുഷ്യന് അവതരിപ്പിച്ചുകൊടുത്ത ജീവിതവ്യവസ്ഥയാണ്.

ശാസ്ത്രമാവട്ടെ അല്ലാഹുവിന്‍െറ സൃഷ്ടിയെക്കുറിച്ചുള്ള പഠനവുമാണ്. ധാര്‍മികനിയമങ്ങളാണ് മതത്തിന്‍െറ വിഷയം, ശാസ്ത്രത്തിന്‍േറത് പ്രകൃതിനിയമങ്ങളാണ്. രണ്ടും അല്ലാഹുവിന്‍േറതായിരിക്കെ അവ തമ്മില്‍ വൈരുധ്യമുണ്ടാവുകയില്ല. എന്നല്ല, ശാസ്ത്ര വിജ്ഞാനം ഉപയോഗപ്പെടുത്തിക്കൊണ്ട് ആധ്യാത്മികതയുടെയും മതവിശ്വാസത്തിന്‍െറയും പ്രസക്തി സമര്‍ഥിക്കുന്ന രീതി മതസമൂഹങ്ങള്‍ ഇപ്പോള്‍ വ്യാപകമായി ഉപയോഗപ്പെടുത്തപ്പെടുന്നുണ്ട്. ഖുര്‍ആനിലെ ശാസ്ത്രസൂചനകള്‍ വിശകലനം ചെയ്യപ്പെടുന്നതിന്‍െറ മുന്നോടിയായി മതവും ശാസ്ത്രവും കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ ഭിന്നതലങ്ങള്‍ കൂടി നാം വിലയിരുത്തേണ്ടതുണ്ട്. അവ തമ്മില്‍ വൈരുധ്യമില്ളെങ്കില്‍പോലും. മനുഷ്യന് ധാരാളം കഴിവുകളുണ്ടെങ്കിലും അതിലേറെ പരിമിതികളുമുണ്ട്. കണ്ണുകൊണ്ട് കേള്‍ക്കാനോ കാതുകൊണ്ട് കാണാനോ അവന് കഴിയില്ല. എന്നല്ല, മറ്റു പല ജീവികള്‍ക്കുമുള്ളത്ര കൃത്യമായ കാഴ്ചശക്തിയോ സൂക്ഷ്മമായ കേള്‍വി ശക്തിയോ മനുഷ്യനില്ല. ജനനമരണങ്ങളുടെ നിയന്ത്രണം അവന്‍െറ കൈയിലല്ല.

മറ്റു ജീവികളില്‍നിന്നും അവനെ വ്യത്യസ്തനാക്കുന്ന ചിന്താശക്തിക്കും പക്ഷേ, പഞ്ചേന്ദ്രിയങ്ങളുടെ വലയം ഭേദിച്ച് പുറത്തുകടക്കുക സാധ്യമല്ല. പുറംലോകത്തേക്ക് നോക്കാന്‍ അല്ലാഹു മനുഷ്യന് നല്‍കിയിരിക്കുന്ന അഞ്ച് കിളിവാതിലുകളാണ് പഞ്ചേന്ദ്രിയങ്ങള്‍. ഈ കിളിവാതിലുകളിലൂടെ നോക്കിക്കാണുന്നതിനപ്പുറം മറ്റൊന്നുമില്ളെന്ന് വിചാരിക്കുന്നത് മണ്ടത്തമാണ്. ഇനി ഈ പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട് തന്നെ നാം കാണുന്ന പലതും യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാത്തതാണ് എന്നതിന് മരുഭൂമിയിലെ മരീചിക തന്നെ വ്യക്തമായ തെളിവാണ്. അപ്പോള്‍ അപൂര്‍ണതയും പരിമിതിയും മനുഷ്യന്‍െറ കൂടപ്പിറപ്പുകളായ യാഥാര്‍ഥ്യമാണ്. അനുദിനം അവന്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുകയും ചിന്തിക്കുകയും പഠിക്കുകയും ചെയ്യുന്നു എന്നതുതന്നെ ഇനിയും എത്രയോ അറിയാനുണ്ട് എന്നതിന്‍െറ സൂചനയാണല്ളോ. ചിന്താശക്തി ഒരേസമയം അവന്‍െറ ശക്തിയും ദൗര്‍ബല്യവുമാണ് എന്ന് സാരം. അവന്‍ ചിന്തിക്കുന്നു, പഠിക്കുന്നു, കണ്ടത്തെുന്നു. പിന്നെയും ചിന്തിക്കുന്നു, തിരുത്തുന്നു, പുതിയ കാര്യങ്ങള്‍ കണ്ടത്തെുന്നു. ഈ പ്രക്രിയ മനുഷ്യാവസാനം വരെ തുടര്‍ന്നുകൊണ്ടിരിക്കും. ശാസ്ത്രത്തില്‍നിന്ന് വ്യത്യസ്തമായി മതത്തിന് അടിസ്ഥാനപരമായി മൂന്നു സവിശേഷതകളുണ്ട്.

1) വിശ്വാസ സംഹിത 2) ഒരു കര്‍മപദ്ധതി 3) ഒരു സംഘടിത സമൂഹം. ഖുര്‍ആന്‍ ഇസ്ലാമിന്‍െറ അടിസ്ഥാനപ്രമാണമായി വര്‍ത്തിക്കുമ്പോള്‍ പ്രവാചകന്‍െറ ജീവിതചര്യയിലൂടെ അതിനനുസരിച്ച ഒരു കര്‍മപദ്ധതിക്ക് രൂപം നല്‍കി. അത് പ്രായോഗികമായി നിലനിര്‍ത്തുന്ന ഒരു സംഘടിത സമൂഹവും നിലവിലുണ്ട്. വ്യക്തികളെയും സമൂഹത്തെയും രൂപപ്പെടുത്താനുള്ള സമഗ്രമായ കാഴ്ചപ്പാടാണ് ഇസ്ലാം സമര്‍പ്പിക്കുന്നത്. എന്നാല്‍, ശാസ്ത്രം ജീവിതത്തിന്‍െറ ഒരു വശം മാത്രമേ സ്പര്‍ശിക്കുന്നുള്ളൂ. ശാസ്ത്രം ഒരു അറിവാണ്. അത് നല്ലതിനും ചീത്തക്കും ഉപയോഗിക്കാം. അത് എങ്ങനെ ഉപയോഗിക്കണമെന്ന് ശാസ്ത്രബാഹ്യമായ ഒരു സ്രോതസ്സില്‍നിന്ന് അറിവ് ലഭിക്കണം. അവിടെയാണ് മതത്തിന്‍െറ പ്രസക്തി. ശാസ്ത്രം ആപേക്ഷിക സത്യത്തെ അവലംബിച്ച് മുന്നോട്ടുനീങ്ങുമ്പോള്‍ ഖുര്‍ആന്‍ ഇളക്കമില്ലാത്ത സ്ഥിര സത്യത്തെ മുറുകെപ്പിടിക്കുന്നു. ‘ഈ വേദഗ്രന്ഥം ഇതില്‍ സംശയമേതുമില്ല’ (വി.ഖു. 2:2). ശാസ്ത്ര നിയമങ്ങള്‍ ഇന്ന് സത്യമാണെന്ന് കണക്കാക്കപ്പെട്ടാലും നാളെ മാറാവുന്നതാണ്. അങ്ങനെ പലതും മാറിയിട്ടുമുണ്ട്. ഖുര്‍ആനിക നിയമങ്ങളും സത്യങ്ങളും തീര്‍ത്തും വ്യത്യസ്തമാണ്. അതൊരിക്കലും മാറില്ല.

മതത്തില്‍ ചിന്തയെപ്പോലെ തന്നെ വികാരത്തിനും പ്രാധാന്യമുണ്ട്. ശാസ്ത്രത്തില്‍ ചിന്തക്ക് മാത്രമേ പ്രാധാന്യമുള്ളൂ. അവിടെ കാരുണ്യം, ദയ പോലുള്ള വികാരങ്ങള്‍ക്ക് പ്രസക്തിയില്ല.യഥാര്‍ഥത്തില്‍ മതവും ശാസ്ത്രവും തമ്മില്‍ സംഘര്‍ഷമുണ്ടാവേണ്ട കാര്യമില്ല. പരിമിതമായ ബുദ്ധികൊണ്ട് കണ്ടത്തൊന്‍ കഴിയാത്തതോ കണ്ടത്തെിയാല്‍ തന്നെ നീതിപൂര്‍വകവും സമഗ്രവുമാകാന്‍ വഴിയില്ലാത്തതോ ആയ കാര്യങ്ങളാണ് അല്ലാഹു പ്രവാചകന്‍ മുഖേന മനുഷ്യന് നല്‍കിയിരിക്കുന്നത്. അദൃശ്യവും അഭൗതികവുമായ മാര്‍ഗങ്ങളാണ് അതിന് ഉപയോഗിച്ചിരിക്കുന്നത്. പ്രപഞ്ചത്തെ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ പഠിക്കാനും അവക്ക് നിയമങ്ങള്‍ ചമക്കാനുമാണ് ശാസ്ത്രം ശ്രമിക്കുന്നത്. എന്നാല്‍ അഗാധവും അദൃശ്യവുമായ ആത്മീയതയും ദൈവികതയുമാണ് മതവിജ്ഞാനീയങ്ങളുടെ ഉറവിടം. അതുകൊണ്ടാണ് പ്രപഞ്ചത്തെക്കുറിച്ച മനുഷ്യനിഗമനങ്ങള്‍ നിരന്തരം തെറ്റുമ്പോഴും പ്രപഞ്ചത്തെക്കുറിച്ച ഖുര്‍ആനിക പ്രസ്താവനകള്‍ ഒരിക്കലും തെറ്റാതിരിക്കുന്നത്.

സമ്പാദനം: ഫൈസല്‍ മഞ്ചേരി

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.