ജിതേന്ദ്രിയനാവണം നോമ്പുകാരന്‍

സ്ഫുടംചെയ്തെടുത്ത മനോവിശുദ്ധികൊണ്ട് മാത്രം നേടാവുന്നതാണ് ഇഹപര ജീവിതവിജയങ്ങള്‍. വ്യക്തിയുടെ ഇച്ഛകള്‍ക്കുമേല്‍ കടിഞ്ഞാണിടാന്‍ അവന്‍െറ വിവേകത്തിന് സാധ്യമാകുമ്പോഴാണ് ഈ മന$ശുദ്ധി ലഭ്യമാവുക. ദേഹത്തിന്‍െറ അനിയന്ത്രിതമായ ഇഷ്ടങ്ങളുടെ പിന്നാലെ ഓടുകയും അവ സഫലീകരിക്കാനുള്ള വ്യഗ്രതയില്‍ നാശഗര്‍ത്തത്തില്‍ ആപതിക്കുകയും ചെയ്യുന്നതാണ് വ്യക്തിയുടെയും സമഷ്ടിയുടെയും ദുരന്തങ്ങള്‍ക്ക് കാരണമായി മാറുന്നത്. ദേഹേച്ഛകളെ ആരാധ്യ വസ്തുക്കളാക്കി മാറ്റുംവിധം മോഹങ്ങളുടെ മാത്രം തടവറയില്‍ കഴിയുന്നവനെ രക്ഷപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ല.  വിവേകവും ആത്മനിഷ്ഠമായ ചൈതന്യവും നശിച്ച് തകര്‍ന്നുപോവും അത്തരം വ്യക്തികള്‍.  

ദേഹേച്ഛകളെ ജയിക്കാതെ ആത്മീയത പ്രകടിപ്പിക്കുന്ന സന്യാസിയെ മിഥ്യാചാരന്‍ എന്നു വിളിക്കുന്നുണ്ട് ഭഗവദ്ഗീത. ആചാരങ്ങളുടെ പ്രകടനപരതക്കപ്പുറത്ത് ഇന്ദ്രിയസുഖങ്ങളില്‍നിന്ന് മാറിനില്‍ക്കാത്ത കള്ളസന്യാസിമാരെയാണ് ഗീത പരിഹസിക്കുന്നത്. വ്രതാനുഷ്ഠാനത്തിലൂടെ അല്ലാഹുവിന്‍െറ തൃപ്തിക്കുമാത്രം പ്രാധാന്യം കൊടുക്കുന്ന വ്യക്തിത്വവികാസമാണ് വിശ്വാസി നേടിയെടുക്കുന്നത്. ശരീരകേന്ദ്രിതമായ സമഗ്രമോഹങ്ങളെയും ത്യജിക്കാനാണ് വ്രതം പഠിപ്പിക്കുന്നത്. അതുവഴി ശരീരവും മനസ്സും ആത്മാവും ഒരുപോലെ പരിശുദ്ധമായിത്തീര്‍ന്ന വ്യക്തിസൗരഭ്യത്തിലേക്ക് വിശ്വാസിക്ക് എത്താനാവും. ജിതേന്ദ്രിയന്‍ എന്ന് ഉപനിഷത്തുകള്‍ പറയുന്ന ഇന്ദ്രിയസുഖങ്ങളെ മുഴുവന്‍ ജയിച്ചവനാണ് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്ന മുത്തഖിയും. ഇന്ദ്രിയസുഖങ്ങളെ സമ്പൂര്‍ണമായി ത്യജിക്കുന്നതിനുപകരം അവ നിയന്ത്രിക്കുന്ന കൈയടക്കം മുത്തഖിയില്‍ ഉണ്ടാവുന്നു.

ത്യജിക്കുന്നതിലൂടെയേ ദേഹമോഹങ്ങളെ നിയന്ത്രിക്കാനാവൂ. ത്യാഗത്തിന്‍െറ പ്രഥമപടിയാണ് അന്നപാനീയാദികള്‍ വെടിഞ്ഞ വ്രതാനുഷ്ഠാനം. ശരീരത്തിന്‍െറ ജാഡ്യഭാവത്തോട്് പൊരുതാന്‍ തുടങ്ങുകയാണ് വ്രതാനുഷ്ഠാനത്തിലൂടെ വിശ്വാസി ചെയ്യുന്നത്. പട്ടിണി ജയിക്കുക എന്നത് നിസ്സാരകാര്യമല്ല. ഇബ്നുഖല്‍ദൂന്‍ സൂചിപ്പിക്കുന്നതുപോലെ പട്ടിണികൊണ്ട് ആരും മരിച്ചിട്ടില്ല, മറിച്ച് പട്ടിണിയെ ജയിക്കാനാവാത്തതാണ് മരണഹേതു. എന്നാല്‍, പട്ടിണി ജയിക്കാനായ ജനതയാണ് ചരിത്രത്തിലെ വിജയനായകരെല്ലാം എന്ന് ഇബ്നുഖല്‍ദൂന്‍.

ഏറ്റുമുട്ടാന്‍ പോകുന്ന ത്വാലൂത്തിന്‍െറ സൈന്യം വിശന്നുവലഞ്ഞ് നദീതീരത്തിലൂടെ സഞ്ചരിക്കുന്നുണ്ട്. ദാഹാര്‍ത്തരായ ആ സൈനികസംഘത്തെ അല്ലാഹു പരീക്ഷിക്കുന്നത് ഒരു കൈക്കുമ്പിളിനപ്പുറം ജലപാനം നടത്തിയവനെ മാറ്റിനിര്‍ത്തിയിട്ടാണ്. ദാഹം അസഹ്യമായി നില്‍ക്കുമ്പോള്‍ ശരീരത്തോട് അടങ്ങാന്‍ ആവശ്യപ്പെടുന്നതു വഴി മോഹങ്ങളെ മുഴുവന്‍ കീഴ്പ്പെടുത്താനാവുന്ന മഹാവ്യക്തികളായി മാറിയ ചെറുസൈന്യമാണ് ത്വാലൂത്തിന്‍െറ നായകത്വത്തിന് കീഴില്‍ വലിയ വിജയം നേടിയത്. ഇതേവിജയമാണ് നബിതിരുമേനിയുടെ അനുചരന്മാര്‍ ബദ്ര്‍ യുദ്ധത്തിലും നേടിയത്. ഈ രണ്ട് ചെറുസൈന്യങ്ങളും ആദ്യം ജയിച്ചത് ശത്രുക്കളെയല്ല മറിച്ച്, ഇച്ഛകളെയാണ്.

അന്നപാനീയാദികള്‍ ഉപേക്ഷിക്കുന്നതിലൂടെ മാത്രം നേടാവുന്നതല്ല ആത്മശുദ്ധി. പ്രത്യുത, ദേഹേച്ഛകളെ മുഴുവന്‍ ജയിക്കാനാവണം. ഭൗതികപ്രമത്തതയെ മുഴുവന്‍ ജയിക്കുന്ന അപൂര്‍വമനസ്സ് ലഭ്യമാവുന്നതാണ് വ്രതത്തിന്‍െറ പുണ്യം. അപ്പോഴാണ് ശരീരത്തിന്‍െറ ജാഡ്യങ്ങള്‍ ബാധിക്കാത്ത അപൂര്‍വത അവനില്‍ ലഭ്യമാവുക. അമിതനിദ്രയില്‍ ആലസ്യം കൊള്ളാത്തവിധം ഇരുപാര്‍ശ്വങ്ങളും ഭാരരഹിതമായി അര്‍ധരാത്രികളില്‍ ആരാധനാനിമഗ്നനാവുന്ന അടിമകളുണ്ട് അല്ലാഹുവിന്.  ആശയും പ്രതീക്ഷയും കൈവിടാതെ ഭക്തിയോടെ ജഗന്നിയന്താവിനെ ആരാധിക്കുകയും സ്രഷ്ടാവ് ഉദാരമായി നല്‍കിയ സമ്പത്ത് സ്വാര്‍ഥ ബോധമില്ലാതെ ചെലവഴിക്കുകയും ചെയ്യുന്നവരെ ശരീരഭാരമില്ലാത്തവര്‍ എന്ന് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നുണ്ട്. അതിനര്‍ഥം ദേഹേച്ഛയെ ജയിച്ചവന് ഭാരരഹിതമായ മനസ്സും വപുസും ലഭ്യമാവുമെന്നാണ്. പ്രകാശിതമാവും അവ. അപ്പോള്‍ അവന്‍െറ പാദപാണികള്‍, കര്‍ണനയനങ്ങള്‍ ദിവ്യ ചൈതന്യത്തിന്‍െറ പ്രഭചൊരിയുന്നവയാവും. കണ്ടതിനപ്പുറം കാണുകയും കര്‍മങ്ങളില്‍ അദ്ഭുതം നിറക്കുകയും ചെയ്യുന്ന അപൂര്‍വ വ്യക്തിത്വമായി അവര്‍ മാറും.
അവനാണ് സര്‍വ ആസക്തികളെയും ജയിച്ച ജിതേന്ദ്രിയന്‍. മുത്തഖി. ദിവ്യപ്രകാശത്തെ കടംകൊണ്ട സൗഭാഗ്യവാന്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.