ഇഫ്താറുകൾ ചേർത്തുപിടിക്കുക

നമ്മുടെ നാടിന്‍റെ പ്രധാന സവിശേഷതകളിലൊന്ന് അതിന്‍റെ ബഹുസ്വരതയാണ്. മത വൈവിധ്യത്തിന്‍റെയും  സാംസ്കാരിക വൈജാത്യത്തിന്‍റെയും ഭാഷാ ബഹുത്വത്തിന്‍റെയും സംഗമഭൂമിയാണിത്. അതിനാല്‍, രാജ്യത്തിന്‍റെയും ജനതയുടെയും ആരോഗ്യകരമായ നിലനില്‍പ്പും പുരോഗതിയും സാധ്യമാകണമെങ്കില്‍ വിവിധ മതസമുദായങ്ങള്‍ക്കിടയില്‍ സ്നേഹവും സൗഹൃദവും സഹകരണവും സഹിഷ്ണുതയും അനിവാര്യമാണ്. അന്യോന്യം അടുത്തറിയുന്നതിലൂടെ മാത്രമേ ഇത് പ്രായോഗികമാകുകയുള്ളൂ. വസ്തുനിഷ്ഠമായ അറിവിന്‍െറ അഭാവത്തിലാണ് അബദ്ധധാരണകള്‍ നിലനില്‍ക്കുക. അത് വലിയ വിപത്തുകള്‍ക്ക് നിമിത്തമാകുകയും ചെയ്യും.

കേരളം സാക്ഷരതയിലും സാംസ്കാരിക പ്രബുദ്ധതയിലും രാഷ്ട്രീയ അവബോധത്തിലും വളരെ മികച്ചുനില്‍ക്കുന്ന പ്രദേശമാണല്ലോ. അതിനാല്‍തന്നെ, സാമൂഹിക സാംസ്കാരിക രാഷ്ട്രീയമേഖലയില്‍ സജീവമായ ചര്‍ച്ചകളും സംവാദങ്ങളും നടക്കാറുണ്ട്. ഇത് വ്യത്യസ്ത ചേരികളില്‍ അണിനിരന്നവര്‍ക്കിടയില്‍പോലും ഉയര്‍ന്ന വ്യക്തിബന്ധം വളര്‍ന്നുവരാനും നിലനില്‍ക്കാനും കാരണമായിത്തീരും.
എന്നാല്‍, മതമേഖലകളില്‍ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ആശയ വിനിമയത്തിനുള്ള അവസരങ്ങള്‍ അത്യപൂര്‍വമത്രെ. ഇത് ഗാഢമായ പരസ്പരബന്ധവും സൗഹൃദവും വളര്‍ന്നുവരുന്നതില്‍ വമ്പിച്ച വിഘാതം സൃഷ്ടിക്കുന്നു. എന്നാല്‍, കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി മലയാളികള്‍ക്കിടയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇഫ്താര്‍ സംഗമങ്ങള്‍ ഈ രംഗത്ത് വളരെ വലിയ ഗുണപരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.

ഇഫ്താര്‍ കൂട്ടായ്മകള്‍ വ്യത്യസ്ത സംഘടനകളില്‍ അണിനിരന്ന മുസ്ലിംകള്‍ക്കിടയിലെ അകല്‍ച്ച കുറക്കുന്നതിലും അടുപ്പം വളര്‍ത്തുന്നതിലും വഹിച്ച പങ്ക് ഏറെ സന്തോഷകരമാണ് എന്നതാണ് അനുഭവം. കുറെ വര്‍ഷങ്ങളായി വ്യത്യസ്ത മുസ്ലിം സംഘടനകള്‍ ഇഫ്താര്‍ സംഗമങ്ങള്‍ നടത്തുന്നു. അതില്‍ ഇതര സംഘടനകളിലെ നേതാക്കളെയും പ്രവര്‍ത്തകരെയും അണിനിരത്തുന്നു. അങ്ങനെ എല്ലാവര്‍ക്കും ഒന്നിച്ചിരിക്കാനും സമുദായവും സമൂഹവും നാടും അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനും ഫലപ്രദമായ ചില ധാരണകളിലത്തൊനും സാധിക്കുന്നു. ചിലയിടങ്ങളിലെങ്കിലും ഇത്തരം ഇഫ്താര്‍ സംഗമങ്ങള്‍ തുടര്‍കൂട്ടായ്മക്ക് വഴിയൊരുക്കാറുണ്ട്.
വ്യത്യസ്ത മത സമുദായങ്ങളിലെയും രാഷ്ട്രീയ പാര്‍ട്ടികളിലെയും പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഇഫ്താര്‍ സംഗമങ്ങള്‍ മതമൈത്രിയും സമുദായ സൗഹാര്‍ദവും വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ എൈക്യവും വളര്‍ത്തുന്നതില്‍ വഹിച്ച പങ്ക് വളരെ വലുതാണ്. പലപ്പോഴും ഇത്തരം കൂട്ടായ്മകള്‍ മതപരമായ വിഷയങ്ങള്‍ സംബന്ധിച്ച ആശയവിനിമയത്തിനും വഴിയൊരുക്കാറുണ്ട്.

അത് മതങ്ങള്‍ക്കിടയില്‍ പരസ്പരധാരണയും ശരിയായ അറിവും വളര്‍ത്താന്‍ സഹായകരമായിത്തീരും. ഇഫ്താര്‍ സംഗമങ്ങളിലൂടെ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി നിരവധി ഹൈന്ദവ, ക്രൈസ്തവ സഹോദരങ്ങളുമായി ഉറ്റ സൗഹൃദം സ്ഥാപിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇസ്ലാമിനെ സംബന്ധിച്ച ഗുരുതരമായ പല തെറ്റിദ്ധാരണകളും തിരുത്തിക്കൊടുക്കാനും ഇതിലൂടെ അവസരം ലഭിക്കുകയുണ്ടായി. ഒരേ ഓഫിസില്‍ ഒന്നിച്ച് ജോലിചെയ്യുന്നവര്‍ക്കുപോലും  റമദാനും നോമ്പും എന്താണെന്ന് മനസ്സിലാക്കാന്‍ സാധിക്കാറില്ളെന്ന തിരിച്ചറിവ് എനിക്കുണ്ടായത് ഇത്തരം സന്ദര്‍ഭങ്ങളിലൂടെയാണ്. അതുകൊണ്ടുതന്നെ ഇസ്ലാമിനെയും അതിന്‍െറ ആചാരാനുഷ്ഠാനങ്ങളെയും സംബന്ധിച്ച് മനസ്സിലാക്കാന്‍ മുസ്ലിംകളല്ലാത്തവര്‍ക്കും ഇതിലൂടെ സാധിക്കും. ഇക്കാര്യം ധാരാളം സഹോദരന്മാര്‍ പലപ്പോഴും പറയാറുമുണ്ട്.

മുസലിം സമുദായത്തിലെ വ്യത്യസ്ത സംഘടനകളില്‍, വിവിധ മതവിഭാഗങ്ങളില്‍, വിഭിന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സൗഹാര്‍ദാന്തരീക്ഷത്തില്‍ ഒത്തുകൂടാനുള്ള അത്യപൂര്‍വ സന്ദര്‍ഭങ്ങളിലൊന്നാണ്  ഇഫ്താറുകള്‍. അതിനാല്‍, കേരളീയ സമൂഹത്തെ കൂടുതല്‍ ആരോഗ്യപരമായും ജനാധിപത്യപരമായും സൗഹൃദവും സഹിഷ്ണുതയുമുള്ളവരാക്കി മാറ്റുന്നതില്‍ ഇഫ്താറുകള്‍ വഹിക്കുന്ന പങ്ക് അനല്‍പമാണ്.

(അസി. അമീര്‍, ജമാഅത്തെ ഇസ് ലാമി കേരള)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.