ചിന്തിക്കാനും വായിക്കാനും പഠിക്കാനുമുള്ള ഖുര്‍ആനിന്‍െറ ആഹ്വാനം ഉള്‍ക്കൊണ്ട് മുസ്ലിംകള്‍ വിജ്ഞാനത്തിന്‍െറ വാഹകരായി ലോകംചുറ്റി. ശാസ്ത്ര ലോകത്തിന് നിരവധി സംഭാവനകള്‍ നല്‍കി. ആറാം നൂറ്റാണ്ട് മുതല്‍ 14ാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തെ ഇരുണ്ട കാലഘട്ടം എന്നായിരുന്നു ചരിത്രഗ്രന്ഥങ്ങള്‍ വിശേഷിപ്പിച്ചത്. എന്നാല്‍, അക്കാലത്ത് യൂറോപ്പിലായിരുന്നു പ്രധാനമായും അജ്ഞതയുടെ ഇരുട്ട് പരന്നിരുന്നത്. ആ ഇരുണ്ട കാലഘട്ടത്തില്‍ വെളിച്ചം തെളിച്ചത് മുസ്ലിംകളായിരുന്നു. എട്ടാം നൂറ്റാണ്ട് മുതല്‍ 15ാം നൂറ്റാണ്ട് വരെയുള്ള കാലം വൈജ്ഞാനികരംഗത്തെ ഇസ്ലാമിന്‍െറ സുവര്‍ണ കാലഘട്ടമായിട്ടാണ് അറിയപ്പെടുന്നത്. 15ാം നൂറ്റാണ്ടില്‍ യുറോപ്പിലുണ്ടായ നവോത്ഥാനത്തിന് ഉത്തോലകശക്തിയായി വര്‍ത്തിച്ചത് കലാസാഹിത്യ വൈജ്ഞാനികരംഗത്തെ മുസ്ലിംകളുടെ മുന്നേറ്റമായിരുന്നു. ഖേദകരമെന്നുപറയട്ടെ പിന്നീട് വൈജ്ഞാനികരംഗത്തുനിന്ന് മുസ്ലിംകള്‍ പതുക്കെ അപ്രത്യക്ഷമാവുന്ന കാഴ്ചയാണ് നാം കാണുന്നത്. മധ്യകാലഘട്ടത്തിലെ പ്രധാന ശാസ്ത്ര പ്രതിഭകളെയും അവരുടെ സംഭാവനകളെയും പരിചയപ്പെടുന്നത് അക്കാലത്തെ വൈജ്ഞാനിക പുരോഗതി മനസ്സിലാക്കാന്‍ ഉപകരിക്കും.
മുഹമ്മദ് ഇബ്നു മൂസ അല്‍ ഖവാറസ്മി (ക്രി. 780-850) എന്ന ഗണിതശാസ്ത്രജ്ഞന്‍ അക്കങ്ങളുടെയും പൂജ്യത്തിന്‍െറയും ഉപയോഗം സമൂഹത്തെ പഠിപ്പിച്ചുകൊടുത്ത മഹാനാണ്. നാം ഇന്ന് സാധാരണയായി ഉപയോഗിക്കുന്ന അക്കങ്ങള്‍ ഇന്തോ-അറബിക് ന്യൂമെറല്‍സ് (ഇന്ത്യന്‍ അറബി അക്കങ്ങള്‍) എന്ന പേരില്‍ അറിയപ്പെടാന്‍ കാരണം ഈ രംഗത്തെ അറിയപ്പെടുന്ന ഗണിത ശാസ്ത്രജ്ഞരായ ഖവാറസ്മിയുടെയും അല്‍കിന്തി( ക്രി. 801-873) യുടെയുമൊക്കെ ഇടപെടലുകളാണ്. അല്‍ജിബ്ര എന്ന പേരുതന്നെ ഖവാറസ്മിയുടെ സംഭാവനയാണ്. സ്വിഫ്റ് സംസ്കൃതത്തിലേക്ക് ഭാഷാന്തരം ചെയ്തപ്പോഴാണ് സീറോ ഉണ്ടായത് എന്ന് പറയപ്പെടുന്നു. അവിസെന്ന എന്ന പേരില്‍ അറിയപ്പെട്ട ഇബ്നുസീന (ക്രി. 980-1037 വരെ) വൈദ്യശാസ്ത്രരംഗത്തെ അവിസ്മരണീയ പ്രതിഭയാണ്.
അദ്ദേഹത്തിന്‍െറ അല്‍ ഖാനൂനു ഫി ത്വിബ്ബ് (വൈദ്യശാസ്ത്ര നിയമങ്ങള്‍) എന്ന ഗ്രന്ഥം ഈ രംഗത്തെ ഏറ്റവും ആധികാരിക ഗ്രന്ഥമായി പരിഗണിക്കപ്പെടുന്നു. അദ്ദേഹത്തിന്‍െറ പല ഗ്രന്ഥങ്ങളും മെഡിക്കല്‍ യൂനിവേഴ്സിറ്റികളില്‍ വൈദ്യശാസ്ത്ര രംഗത്തെ ഗവേഷണ പാഠപുസ്തകങ്ങളാണ്. വൈദ്യശാസ്ത്രരംഗത്ത് അനസ്തേഷ്യ നല്‍കി സര്‍ജറി സംവിധാനം പരിചയപ്പെടുത്തിയത് ഇബ്നുസീനയാണ്. അല്‍ബിറൂനി (ക്രി. 973-1051) ഫിസിക്കല്‍ സയന്‍സിലെ അഗ്രഗണ്യനായിരുന്നു. ഫാദര്‍ ഓഫ് കെമിസ്ട്രി എന്ന പേരില്‍ അറിയപ്പെടുന്ന ആളാണ് ജാബിര്‍ ബിന്‍ ഹയ്യാന്‍ (ക്രി. 722-804). ഇറാഖി ശാസ്ത്രജ്ഞനായ അല്‍ഹസന്‍ ഇബ്നുല്‍ ഹൈതമിന്‍െറ (ക്രി. 965-1040) ബുക് ഓഫ് ഒപ്റ്റിക്കല്‍സ് എന്ന ഗ്രന്ഥമാണ് ഇന്നത്തെ കാമറയുടെ കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്.
പ്രശസ്ത സഞ്ചാരിയായ ഇബ്നു ബത്തൂത്തയും ചരിത്രകാരനായ ഇബ്നു ഖല്‍ദൂനും സ്മരിക്കപ്പെടേണ്ട നാമങ്ങളാണ്. ക്രി. 1166 ല്‍ അല്‍ ഇദ്രീസി ഒരു വിശ്വഭൂപടം തയാറാക്കുകയുണ്ടായി. അക്കാലത്ത് വൈദ്യശാസ്ത്രം, ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, ഭൂമിശാസ്ത്രം, ശരീരശാസ്ത്രം, രസതന്ത്രം, ഊര്‍ജശാസ്ത്രം, ജന്തുശാസ്ത്രം, നാവിക സഞ്ചാരം തത്ത്വശാസ്ത്രം തുടങ്ങി അറിവിന്‍െറ എല്ലാ മേഖലകളിലും മുസ്ലിംകള്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചു. പ്രമുഖ ജിയോളജിസ്റ്റായ സഗലൂല്‍ അല്‍ നജ്ജാര്‍ എഴുതി; ‘ആധുനിക യൂറോപ്പിന്‍െറ വ്യവസായിക സംസ്കാരം ഉടലെടുത്തത് യൂറോപ്പിലല്ല, മറിച്ച് അന്തലൂസിലെയും പൗരസ്ത്യ ദേശങ്ങളിലേയും ഇസ്ലാമിക സര്‍വകലാശാലകളിലാണ്. പരീക്ഷാരീതി എന്ന തത്ത്വം ഇസ്ലാമിന്‍െറ സംഭാവനയാണ് (Science and Islam in Conflict -Discover magazine 06.21.2007).’ ഇസ്ലാമിന്‍െറ പ്രപഞ്ചത്തെക്കുറിച്ച കാഴ്ചപ്പാടിനെ പഠനവിധേയമാക്കിയ പണ്ഡിതനായിരുന്നു ഇമാം റാസി (ക്രി. 1149-1209). ഭൂമി പ്രപഞ്ചത്തിന്‍െറ മധ്യത്തിലാണെന്ന അരിസ്റ്റോട്ടിലിയന്‍ സിദ്ധാന്തത്തെ വിശുദ്ധ ഖുര്‍ആന്‍െറ ആയത്തുകള്‍ വെച്ച് അദ്ദേഹം ഖണ്ഡിച്ചു. 16ാം നൂറ്റാണ്ടില്‍ മാത്രം കോപ്പര്‍ നിക്കസും ഗലീലിയോയും തിരുത്തിയ അരിസ്റ്റോട്ടിലിയന്‍ വാദങ്ങള്‍ 12ാം നൂറ്റാണ്ടില്‍തന്നെ അറബ്ലോകത്ത് തിരുത്തപ്പെട്ടിരുന്നു.
അബൂബക്കര്‍ മുഹമ്മദ് ബിന്‍ സകരിയ അല്‍റാസി (ക്രി. 854 -925) വൈദ്യശാസ്ത്രം, തത്ത്വശാസ്ത്രം തുടങ്ങിയ മേഖലയില്‍ പ്രശസ്തനായ ശാസ്ത്രജ്ഞനാണ്. 1905 ജൂലൈയില്‍ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ വാര്‍ഷിക സമ്മേളനത്തില്‍ ജൂലിസ് ഹര്‍ഷ്ബര്‍ഗ് തന്‍െറ പ്രബന്ധം സമര്‍പ്പിച്ചുകൊണ്ട് പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘ഞാന്‍ നിങ്ങളെ ആയിരം വര്‍ഷങ്ങള്‍ പിറകോട്ട് ക്ഷണിക്കുന്നു. ക്രി. 800 മുതല്‍ ക്രി. 1300 വരെ ഇസ്ലാമിക ലോകം 60ലധികം ലോകപ്രശസ്ത നേത്ര ശാസ്ത്രജ്ഞരെ സംഭാവന ചെയ്യുകയുണ്ടായി. എന്നാല്‍, 12ാം നൂറ്റാണ്ട് വരെ യൂറോപ്പില്‍ ഒരൊറ്റ നേത്ര ശാസ്ത്രജ്ഞരെപ്പറ്റി കേട്ടുകേള്‍വിപോലുമുണ്ടായിരുന്നില്ല’. 1001 ഇന്‍വെന്‍ഷന്‍സ് എന്ന തലക്കെട്ടില്‍ ലോകത്തിന്‍െറ വിവധ ഭാഗങ്ങളില്‍ ഈ അടുത്ത കാലത്ത് നടത്തിയ പ്രദര്‍ശനം മധ്യകാലത്തെ ശാസ്ത്ര വളര്‍ച്ചയുടെ നേര്‍ചിത്രം സമൂഹത്തിന് കാണിച്ച് കൊടുക്കുന്നതായിരുന്നു. ബി.ബി.സി ഫോറും അല്‍ ജസീറയുമൊക്കെ സംപ്രേഷണം ചെയ്ത പ്രശസ്ത ബ്രിട്ടീഷ് ഫിസിസിസ്റ്റും ബ്രോഡ്കാസ്റ്ററുമായ ജിം അല്‍ ഖലീലിയുടെ ഈ വിഷയത്തിലുള്ള ഡോക്യുമെന്‍ററി തമസ്കരിക്കപ്പെട്ട ഇസ്ലാമിക ശാസ്ത്ര പൈതൃകത്തെക്കുറിച്ച നല്ല ഓര്‍മപ്പെടുത്തലാണ്.
സമ്പാദനം: ഫൈസല്‍ മഞ്ചേരി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.