വിദ്യാഭ്യാസരംഗത്ത് വന്‍ക്രമക്കേടെന്ന് ഉപസമിതി

തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറ അവസാനകാല തീരുമാനങ്ങളില്‍ വിദ്യാഭ്യാസമേഖലയിലും വന്‍ക്രമക്കേട്. മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതി നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ബുധനാഴ്ച ഉന്നതവിദ്യാഭ്യാസം, പൊതുവിദ്യാഭ്യാസം, ആരോഗ്യം, ആഭ്യന്തരം എന്നീ വകുപ്പുകളുടെ ഉത്തരവുകളാണ് പരിശോധിച്ചത്. പുതിയ എയ്ഡഡ് കോളജുകളും അധിക പ്ളസ് ടു ബാച്ചുകളും അനുവദിച്ചതിലും സ്വകാര്യ സ്പെഷല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കിയതിലുമാണ് ക്രമക്കേട് നടന്നത്. ഇതിനുപുറമെ അറബിക് കോളജുകളില്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോഴ്സുകള്‍ അനുവദിച്ചതിന്‍െറ മറവില്‍ തസ്തികകള്‍ അനുവദിച്ചതും ക്രമവിരുദ്ധമായിട്ടായിരുന്നു. ഒരു അറബിക് കോളജിനെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജാക്കി മാറ്റാനും  തീരുമാനിച്ചിരുന്നു.

പുതിയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ ആരംഭിക്കാന്‍ നിരാക്ഷേപ പത്രം അനുവദിക്കാന്‍ ഉത്തരവിട്ടത് 2016 മാര്‍ച്ച് ഒന്നിനാണ്. കഴക്കൂട്ടം ദേവസ്വം ബോര്‍ഡ് കോളജ്, അമ്പലപ്പുഴ വേദവ്യാസ, പട്ടാഴി വിശ്വകര്‍മ, കൊട്ടാരക്കര പരുത്തിപ്പാറ കെ.വി.വി.എസ്, മുണ്ടക്കയം ശബരിനാഥ്, കോട്ടയം കല്ലറ വീരശൈവ, പാറശാല ബൈബ്ള്‍ ഫെയ്ത്ത്, സായിഗ്രാമം സത്യസായി ട്രസ്റ്റ്, വാഴൂര്‍ അംബേദ്കര്‍ മെമ്മോറിയല്‍, തൃശൂര്‍ എഴുത്തച്ഛന്‍ സമാജം, കിളിമാനൂര്‍ ശ്രീശങ്കര, കോന്നി വി.എന്‍.എസ് തുടങ്ങിയ 12 കോളജുകള്‍ക്കാണ് എന്‍.ഒ.സി നല്‍കിയത്. ഇതിലെല്ലാം നിയമവിരുദ്ധ നീക്കങ്ങള്‍ കണ്ടത്തെിയിട്ടുണ്ട്. 79 സ്പെഷല്‍ സ്കൂളും 34 ബഡ്സ് സ്കൂളും അനുവദിച്ചതിലും നിയമലംഘനം നടന്നു. കുറഞ്ഞത് 100 കുട്ടികളുള്ള സ്കൂളുകളെ എയ്ഡഡ് പദവിയിലേക്കുയര്‍ത്താന്‍ തീരുമാനിച്ചശേഷം കുട്ടികളുടെ എണ്ണം 50 ആക്കി കുറച്ചു.

ഭിന്നശേഷി വിദ്യാര്‍ഥികളെ  മറ്റുകുട്ടികള്‍ക്കൊപ്പം പഠിപ്പിച്ചാലേ മാനസികവും  ബുദ്ധിപരവുമായ വളര്‍ച്ച സാധ്യമാകൂവെന്ന ശാസ്ത്രീയ കാഴ്ചപ്പാട് അട്ടിമറിക്കുകയും ചെയ്തു. ഡോ. എന്‍.കെ. ജയരാജ് കമ്മിറ്റിയുടെ ശിപാര്‍ശകള്‍ അനുസരിച്ചാണ് തീരുമാനം എന്നായിരുന്നു ന്യായം. എന്നാല്‍, ഇദ്ദേഹത്തിന്‍െറ ഭാര്യ ഉള്‍പ്പെടെ സ്വകാര്യ സ്കൂളുകളുടെ ഭാഗമാണെന്ന് കണ്ടത്തെി. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് സ്വകാര്യ സ്പെഷല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച രഹസ്യതീരുമാനം ‘മാധ്യമം’ പുറത്തുകൊണ്ടുവരികയായിരുന്നു. ആരോഗ്യവകുപ്പിലെ ഫയലുകള്‍ മന്ത്രി കെ.കെ. ശൈലജയുടെ പരിശോധനക്കുശേഷം പരിഗണിക്കും. മറ്റ് വകുപ്പുകളിലെ ഫയലുകളും പരിശോധിക്കാന്‍ തീരുമാനിച്ചതായി അറിയുന്നു. മന്ത്രിമാരായ തോമസ് ഐസക്, വി.എസ്. സുനില്‍കുമാര്‍, മാത്യു ടി. തോമസ്, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.