പൊടിച്ച സിമന്‍റ് സീല്‍ ചെയ്യണമെന്ന് ഹൈകോടതി

കോഴിക്കോട്: മലബാര്‍ സിമന്‍റ്സിന്‍െറ ചേര്‍ത്തല യൂനിറ്റില്‍ അനുവദനീയമല്ലാത്ത മാര്‍ഗത്തില്‍ ഉണ്ടാക്കിയ 527 ടണ്‍ സിമന്‍റും സിമന്‍റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍നിന്ന് ഒരു കൊല്ലം മുമ്പ് വാങ്ങി ചാക്കില്‍ സൂക്ഷിച്ചിരിക്കുന്ന 50 ടണ്‍ സിമന്‍റും ഗോഡൗണില്‍നിന്ന് പുറത്തുപോകാതിരിക്കാനായി സീല്‍ ചെയ്യാന്‍ ഹൈകോടതി ഉത്തരവിട്ടു.
മലബാര്‍ സിമന്‍റ്സ് പഴകിയ സിമന്‍റ് പൊടിച്ചുവിറ്റതായി പരിശോധനയില്‍ കണ്ടത്തെിയതിനെ തുടര്‍ന്ന് ചേര്‍ത്തല യൂനിറ്റില്‍ ഉല്‍പാദനം നിരോധിച്ച ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബിസ്) നടപടിക്കെതിരെ കമ്പനി ഫയല്‍ ചെയ്ത ഹരജിയിലാണ് ഇടക്കാല ഉത്തരവ്.
സിമന്‍റ് സൂക്ഷിച്ചിരിക്കുന്ന സ്ഥലം സീല്‍ ചെയ്യാന്‍ അഡ്വക്കറ്റ് കമീഷനായ ജോസ് സെബാസ്റ്റ്യനെയാണ് ജസ്റ്റിസ് ടി.വി. സുരേഷ്കുമാര്‍ ചുമതലപ്പെടുത്തിയത്. ഉല്‍പാദനം പുനരാരംഭിക്കാന്‍ അനുമതി നല്‍കണമെന്ന മലബാര്‍ സിമന്‍റ്സിന്‍െറ അപേക്ഷ കോടതി അനുവദിച്ചു.
എന്നാല്‍, അനുവദനീയമായ മാര്‍ഗത്തില്‍ ഉണ്ടാക്കുകയും അതിനുശേഷം ബിസ് ഗുണനിലവാരം ശരിവെക്കുകയും വേണം. നിലവില്‍ അനുവദിച്ച നിര്‍മാണരീതിയില്‍ ഉല്‍പാദനം പുനരാരംഭിക്കുന്നതില്‍ എതിര്‍പ്പില്ളെന്ന് ബിസ് കോടതിയില്‍ വ്യക്തമാക്കി. ബിസിന്‍െറ മേല്‍നോട്ടത്തില്‍ ട്രയല്‍ റണ്‍ നടത്തണമെന്ന് കോടതി നിര്‍ദേശിച്ചു. സിമന്‍റ് കോര്‍പറേഷനില്‍നിന്ന് വാങ്ങിയത് വില്‍ക്കാന്‍ പറ്റാതെ ഗോഡൗണില്‍ കെട്ടിക്കിടന്നശേഷം ഒമ്പതുമാസം കഴിഞ്ഞാണ് പൊടിച്ചുവിറ്റത്.
പെരിയാര്‍വാലി ഇറിഗേഷന്‍ പദ്ധതിക്കാണ്  കൂടുതല്‍ കൊടുത്തത്. സുരക്ഷിതത്വ ഭീഷണിയുള്ള സിമന്‍റ് വിപണിയില്‍നിന്ന് തിരിച്ചുവിളിക്കണമെന്ന് ആലുവയിലെ പൊതുപ്രവര്‍ത്തകന്‍ റിയാസ് അഡ്വ. വാഹിദ മുഖേന നല്‍കിയ പൊതുതാല്‍പര്യ ഹരജിയില്‍ അപേക്ഷിച്ചിരുന്നു.
റിയാസ് ബിസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ബിസ് അന്വേഷണം നടത്തി ചേര്‍ത്തല യൂനിറ്റ് പൂട്ടാന്‍ നിര്‍ദേശിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.