പുറ്റിങ്ങല്‍ ദുരന്തം: പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്താനാവില്ലേയെന്ന് ഹൈകോടതി

കൊച്ചി: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തക്കേസില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യു.എ.പി.എ) ചുമത്താത്തതെന്തെന്ന് ഹൈകോടതി. സ്ഫോടനം നടത്തി ജനങ്ങളില്‍ ഭീതി സൃഷ്ടിക്കുന്നത് യു.എ.പി.എ നിയമത്തിന്‍െറ പരിധിയില്‍വരുമെന്നതിനാല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തക്കേസിനും യു.എ.പി.എ ബാധകമാകില്ളേയെന്ന് ആരാഞ്ഞ ജസ്റ്റിസ് പി. ഉബൈദ് ഇത് സംബന്ധിച്ച വിശദീകരണം നല്‍കാന്‍ സര്‍ക്കാറിനോട് നിര്‍ദേശിച്ചു. നിശ്ചിത ദിവസത്തിനകം കുറ്റപത്രം നല്‍കാന്‍ കഴിയുമോയെന്ന ചോദ്യത്തിന് സര്‍ക്കാര്‍ മുദ്ര വെച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പൂര്‍ണമല്ളെന്ന് വ്യക്തമാക്കിയ കോടതി റിപ്പോര്‍ട്ടിന്‍െറ ഉള്ളടക്കത്തില്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ക്ഷേത്രം ഭാരവാഹികളടക്കമുള്ളവരുടെ ജാമ്യഹരജികളാണ് കോടതി പരിഗണിച്ചത്.

കോടതിയുടെ ചോദ്യത്തിന് ഉത്തരം നല്‍കുന്നതല്ല സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടെന്ന് കോടതി വ്യക്തമാക്കി. കേസില്‍ അന്തിമ റിപ്പോര്‍ട്ട് ഉടന്‍ നല്‍കാനാവുമോയെന്നായിരുന്നു കോടതിയുടെ ചോദ്യം. ഇതിന് വ്യക്തമായ മറുപടി നല്‍കാനാണ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, കൃത്യമായ മറുപടിയില്ലാതെയും അപൂര്‍ണവുമായാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്താനാവുമോയെന്ന് നേരത്തേ ആരാഞ്ഞിരുന്നു. പറ്റില്ളെങ്കില്‍ എന്തുകൊണ്ട് യു.എ.പി.എ ചുമത്തിക്കൂടാ. സ്ഫോടക വസ്തു പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ദുരന്തത്തില്‍ നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്. സ്ഫോടക വസ്തുക്കള്‍ അനധികൃതമായി അധിക അളവില്‍ സൂക്ഷിച്ചതാണ് സ്ഫോടനത്തിന് കാരണമായത്.

ജനമനസ്സുകളില്‍ ഭീതിയുളവാക്കാന്‍ ഇത് മതിയാകുന്നതാണെന്നിരിക്കെ ഈ കേസ് യു.എ.പി.എ ചുമത്താന്‍ പര്യാപ്തമാണെന്ന് കോടതി വ്യക്തമാക്കി.
ഈ സാഹചര്യത്തില്‍ അന്തിമ റിപ്പോര്‍ട്ട് ഉടന്‍ നല്‍കാനും പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്താന്‍ കഴിയുമോയെന്നത് സംബന്ധിച്ച് വ്യക്തമായ വിശദീകരണം നല്‍കാനും കോടതി നിര്‍ദേശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.