ഡി.ജി.പി എന്ന നിലയില്‍ സെന്‍കുമാര്‍ സമ്പൂര്‍ണ പരാജയമായിരുന്നുവെന്ന് സര്‍ക്കാര്‍

കൊച്ചി: ടി.പി. സെന്‍കുമാറിനെ ക്രമസമാധാന ചുമതലയുള്ള പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയത് കര്‍ത്തവ്യനിര്‍വഹണത്തിലെ നിരന്തര വീഴ്ച കണക്കിലെടുത്തെന്ന് സംസ്ഥാന സര്‍ക്കാര്‍. അതേസമയം, സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശം ലംഘിച്ചാണ് സെന്‍കുമാറിന്‍െറ സ്ഥലംമാറ്റമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഡി.ജി.പി സ്ഥാനത്തുനിന്ന് നീക്കംചെയ്തത് ചോദ്യംചെയ്ത് സെന്‍കുമാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യുണലിനെ (സി.എ.ടി) നിലപാടറിയിച്ചത്. ഹരജിയില്‍ ഇരു സര്‍ക്കാറുകളോടും വിശദീകരണം തേടിയിരുന്നു. കേരള പൊലീസ് ചട്ടവും അഖിലേന്ത്യാ സിവില്‍ സര്‍വിസ് ചട്ടവും ലംഘിച്ചാണ് തന്‍െറ സ്ഥലംമാറ്റമെന്ന് ചൂണ്ടിക്കാട്ടിയാണ് സെന്‍കുമാറിന്‍െറ ഹരജി. രണ്ടുവര്‍ഷം വരെ ഈ തസ്തികയില്‍ തുടരാമെന്നിരിക്കെ കാരണമില്ലാതെ മാറ്റുകയായിരുന്നുവെന്നാണ് സെന്‍കുമാറിന്‍െറ ആരോപണം. എന്നാല്‍, കേരള പൊലീസ് ചട്ടപ്രകാരം ഡി.ജി.പി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ നിശ്ചിത കാലാവധി തികയുംമുമ്പുതന്നെ വ്യക്തമായ കാരണങ്ങളാല്‍ നീക്കംചെയ്യാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. മതിയായ കാരണങ്ങളുള്ളതുകൊണ്ടാണ് ഡി.ജി.പിയെ മാറ്റിയത്. പ്രകാശ് സിങ് കേസിലെ സുപ്രീംകോടതി മാര്‍ഗനിര്‍ദേശപ്രകാരം പ്രകടനമികവ് വിലയിരുത്താന്‍ സമിതി രൂപവത്കരിക്കുകയും അതിന്‍െറ  റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ സ്ഥലം മാറ്റുകയുമാണ് ചെയ്തത്.

പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിലും ജിഷ വധക്കേസിലും പൊലീസിന് വീഴ്ചയുണ്ടായതിന് ഉത്തരവാദി ഡി.ജി.പിയാണ്. സര്‍ക്കാറിനെ ഏറെ വിഷമവൃത്തത്തിലാക്കിയ നടപടികളാണ് ഹരജിക്കാരനില്‍നിന്നുണ്ടായത്. ജിഷ വധക്കേസില്‍ ഉത്തരവാദികളായ പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യുന്നതിനു പകരം സംരക്ഷിക്കാനാണ് ശ്രമിച്ചത്. ജനങ്ങള്‍ക്കിടയില്‍ അതൃപ്തി പടരാന്‍ ഇത് ഇടയാക്കി. ജനങ്ങള്‍ക്കും പൊലീസ് സേനക്കും തെറ്റായതും അപകടകരവുമായ സന്ദേശമാണ് ഇത് നല്‍കിയത്. പുറ്റിങ്ങല്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്‍െറ കാര്യത്തിലും  ഡി.ജി.പിയുടെ ഇടപെടലുണ്ടായി. എ.ഡി.ജി.പി (ക്രൈംസ്) ആവശ്യപ്പെട്ട അംഗങ്ങളെ ഒഴിവാക്കി മറ്റു ചിലരെയാണ് സംഘത്തിന്‍െറ പാനലില്‍ ഉള്‍പ്പെടുത്തിയത്. അംഗങ്ങളെ മാറ്റരുതെന്ന് എ.ഡി.ജി.പിക്ക് അഭ്യര്‍ഥിക്കേണ്ടിവന്നു. ജിഷ വധക്കേസിന്‍െറ തുടക്കം മുതല്‍ വീഴ്ചകളുണ്ടായി. കൊലപാതകം അവഗണിക്കാനുള്ള ശ്രമമാണ് ആദ്യമുണ്ടായത്. പോസ്റ്റ്മോര്‍ട്ടത്തിലും മൃതദേഹം ദഹിപ്പിക്കുന്നതിലുംവരെ വീഴ്ചകളുണ്ടായി. സര്‍ക്കാറിന് വിവരം നല്‍കുന്ന റിപ്പോര്‍ട്ട് അഞ്ചാം ദിവസമാണ് ഡി.ജി.പി സമര്‍പ്പിച്ചത്. അതിലാകട്ടെ അന്വേഷണസംഘത്തിന്‍െറ മഹത്ത്വമാണ് വിവരിച്ചിരുന്നത്. വീണ്ടും രണ്ടുതവണ കൂടി റിപ്പോര്‍ട്ട് നല്‍കിയെങ്കിലും മറ്റു കാര്യങ്ങളാണ് വിവരിച്ചിരുന്നത്. പൊലീസ് മേധാവി എന്ന നിലയില്‍ സമ്പൂര്‍ണ പരാജയമായിരുന്നു ഹരജിക്കാരന്‍.

പുതിയ ഡി.ജി.പി ചുമതലയേറ്റതോടെ ജിഷ വധക്കേസിലെ അന്വേഷണത്തിലടക്കം ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്. കേവലം ഭരണമാറ്റത്തെ തുടര്‍ന്നുള്ള സ്ഥലംമാറ്റമല്ല ഇത്. സീനിയറായിരുന്ന മഹേഷ്കുമാര്‍ സിംഗ്ളയെ തഴഞ്ഞാണ് സീനിയറല്ലാതിരുന്ന സെന്‍കുമാറിനെ കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ചത്. ഇതിനുമുമ്പ് പ്രകടനമികവ് പരിശോധിക്കാന്‍ സമിതിയെ നിയമിക്കുക പോലും ചെയ്തില്ല. ഇത് പ്രകാശ്സിങ് കേസിലെ മാര്‍ഗനിര്‍ദേശത്തിന് വിരുദ്ധമായിരുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി ആയിരിക്കെ വാങ്ങിയ ശമ്പളംതന്നെയാകും പുതിയ തസ്തികയിലും നല്‍കുകയെന്ന് അക്കൗണ്ടന്‍റ് ജനറലിന്‍െറ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥലംമാറ്റം ശിക്ഷാ നടപടിയുടെ ഭാഗമല്ളെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം, രണ്ടു വര്‍ഷം പൂര്‍ത്തിയാക്കാതെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ നീക്കം ചെയ്യാനാവില്ളെന്ന സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശം ലംഘിച്ചതായി ട്രൈബ്യൂണലിനെ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് അറിയിച്ചു. സ്ഥലം മാറ്റണമെങ്കില്‍ പ്രത്യേക കമീഷനെ നിയമിച്ച് അവരുടെ റിപ്പോര്‍ട്ട് കിട്ടിയിട്ട് മാത്രമേ ആകാവൂവെന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥരെ നിലവിലെ ശമ്പള സ്കെയിലിനേക്കാള്‍ കുറഞ്ഞ തസ്തികകളില്‍ നിയമിക്കരുതെന്ന മാര്‍ഗനിര്‍ദേശം ലംഘിച്ചതായും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.  വെള്ളിയാഴ്ച രാവിലെ  കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ കേസ് വീണ്ടും ജൂലൈ ഒന്നിന് പരിഗണിക്കാനായി മാറ്റി.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.