കുടിശ്ശിക കുമിഞ്ഞുകൂടുന്നു; സപൈ്ളകോയും കണ്‍സ്യൂമര്‍ഫെഡും പ്രതിസന്ധിയില്‍

കോട്ടയം: പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിന് സാമ്പത്തിക പ്രതിസന്ധി തടസ്സമാകുന്നു. അവശ്യസാധന വില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാറിന് സഹായകമായ സിവില്‍ സപൈ്ളസ് കോര്‍പറേഷനും കണ്‍സ്യൂമര്‍ ഫെഡിനും സബ്സിഡി അടക്കം വിവിധ ഇനത്തില്‍ സര്‍ക്കാര്‍ നല്‍കാനുള്ളത് 2250 കോടി രൂപയിലധികമാണ്.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സപൈ്ളകോയെയും കണ്‍സ്യൂമര്‍ഫെഡിനെയും സഹായിക്കാനുള്ള സാമ്പത്തിക സ്ഥിതി സര്‍ക്കാറിനും ഇല്ലാതായതോടെ വിലക്കയറ്റം നിയന്ത്രിക്കല്‍ അസാധ്യമായിരിക്കുകയാണ്. സബ്സിഡി ഇനത്തില്‍ സപൈ്ളകോക്കുള്ള കുടിശ്ശിക 535 കോടി രൂപയാണ്. വിതരണക്കാര്‍ക്ക് മാത്രം നല്‍കാനുള്ളത് 55 കോടി. ഇതടക്കം മൊത്തം ബാധ്യത 1075 കോടിയായിരിക്കെ സര്‍ക്കാര്‍ അനുവദിച്ചത് 70 കോടി രൂപ മാത്രം. ഇത് സപൈ്ളകോക്ക് ഒന്നിനും തികയില്ല.
സര്‍ക്കാര്‍ അനുവദിച്ച 70 കോടി രൂപ അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ സപൈ്ളകോ ഉപയോഗിച്ചെങ്കിലും വിലക്കയറ്റം പിടിച്ചുനിര്‍ത്താനോ ബാധ്യത പരിഹരിക്കാനോ കഴിഞ്ഞിട്ടില്ല.
കണ്‍സ്യൂമര്‍ഫെഡിന് നല്‍കാനുള്ള ബാധ്യത 1039 കോടി രൂപയാണ്. വിതരണക്കാര്‍ക്ക് 74 കോടിയും വിവിധ ഇനങ്ങളില്‍ 150 കോടി രൂപയുടെ ബാധ്യത വേറെയുമുണ്ട്. കണ്‍സ്യൂമര്‍ഫെഡിന് സര്‍ക്കാര്‍ അനുവദിച്ചത് 40 കോടിയും. ഈ തുകയും കണ്‍സ്യൂമര്‍ഫെഡിന് ഒന്നിനും തികയാത്ത അവസ്ഥയാണ്. സബ്സിഡി നിരക്കില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുമ്പോള്‍ കുടിശ്ശിക കുമിഞ്ഞുകൂടും.
കുടിശ്ശിക കോടികള്‍ കവിഞ്ഞിട്ടും മുന്‍ സര്‍ക്കാര്‍ നയാപൈസ ഇരുസ്ഥാപനങ്ങള്‍ക്കും നല്‍കിയതുമില്ല.
വിലക്കയറ്റം നിയന്ത്രിക്കാന്‍ അവശ്യസാധനങ്ങള്‍ക്ക് അഞ്ചു വര്‍ഷം വില കൂട്ടില്ളെന്നാണ് ഇടതു സര്‍ക്കാറിന്‍െറ പ്രഖ്യാപനം. ഇത് നടപ്പാക്കണമെങ്കില്‍ അടിയന്തരമായി 1200 കോടിയെങ്കിലും സര്‍ക്കാര്‍ കണ്ടത്തെണം. നെല്ല് സംഭരിച്ചവകയില്‍ കര്‍ഷകര്‍ക്ക് സപൈ്ളകോ നല്‍കാനുള്ളത് 150 കോടിയോളം വരും. ഈ തുക അനുവദിക്കാത്തതിനാല്‍ നെല്‍കര്‍ഷകരും കടുത്ത പ്രതിസന്ധിയിലാണ്.
പൊതുവിപണിയില്‍ അവശ്യസാധന വില 20 മുതല്‍ 40 ശതമാനംവരെ വര്‍ധിച്ചു. ഭക്ഷ്യമന്ത്രിയുമായി അരി വ്യാപാരികള്‍ ചര്‍ച്ച നടത്തിയെങ്കിലും വില കുറക്കാന്‍ അവര്‍ തയാറായിട്ടുമില്ല. അതേസമയം, പച്ചക്കറി വിലയ്ക്ക് നേരിയ കുറവുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.