തിരുവനന്തപുരം: സ്വാശ്രയ എന്‍ജിനീയറിങ് സീറ്റ് പങ്കിടല്‍ സംബന്ധിച്ച് സര്‍ക്കാറുമായി തിങ്കളാഴ്ച നടക്കുന്ന ചര്‍ച്ചക്ക് മുന്നോടിയായി മാനേജ്മെന്‍റ് അസോസിയേഷന്‍െറ നിര്‍ണായക യോഗം ഞായറാഴ്ച കൊച്ചിയില്‍ നടക്കും. വിദ്യാര്‍ഥിപ്രവേശം റാങ്ക് പട്ടികയില്‍നിന്ന് മാത്രമേ അനുവദിക്കൂവെന്ന് സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതോടെ വഴങ്ങാനുള്ള പോംവഴി മാത്രമേ മാനേജ്മെന്‍റുകള്‍ക്ക് മുന്നിലുള്ളൂ. റാങ്ക് പട്ടികയില്‍നിന്നേ പ്രവേശം അനുവദിക്കാനാകൂവെന്ന സുപ്രീംകോടതി വിധിയും ജസ്റ്റിസ് ജയിംസ് കമ്മിറ്റി ഉത്തരവും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ കര്‍ശന നിലപാടിലേക്ക് മാറിയത്.
പ്രവേശ പരീക്ഷയുടെ സമീകരണ പ്രക്രിയക്ക് മുമ്പുള്ള പട്ടികയില്‍നിന്ന് മാനേജ്മെന്‍റ് സീറ്റിലേക്ക് പ്രവേശം അനുവദിക്കണമെന്ന നിലപാടിലാണ് മാനേജ്മെന്‍റുകള്‍. ഇതുവഴി പ്രവേശ പരീക്ഷയില്‍ യോഗ്യത നേടാത്തവര്‍ക്ക് വരെ പ്രവേശം ലഭിക്കുന്ന സാഹചര്യമുണ്ടാകും. സര്‍ക്കാര്‍ നിലപാടിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ച അസോസിയേഷന്‍ പ്രസിഡന്‍റ് പ്രഫ. കെ. ശശികുമാര്‍ ഭാരവാഹിത്വം രാജിവെച്ചിരുന്നു. അസോസിയേഷനില്‍ ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഞായറാഴ്ച യോഗം ചേരുന്നത്.
സര്‍ക്കാറുമായുള്ള ചര്‍ച്ചയില്‍ അസോസിയേഷന്‍ സ്വീകരിക്കേണ്ട നിലപാട് യോഗം പരിഗണിക്കും. സര്‍ക്കാര്‍ നിലപാട് അസോസിയേഷന്‍ അംഗങ്ങളായ മാനേജ്മെന്‍റുകളെ ബോധ്യപ്പെടുത്താനായിരിക്കും നേതൃത്വം ശ്രമിക്കുക. തുടര്‍ന്ന് തിങ്കളാഴ്ച വിദ്യാഭ്യാസ മന്ത്രിയുമായി അസോസിയേഷന്‍ ഭാരവാഹികള്‍ ചര്‍ച്ച നടത്തും.
ചര്‍ച്ച വിജയകരമായാല്‍ തിങ്കളാഴ്ച വൈകീട്ടോ ചൊവ്വാഴ്ചയോ കരാറില്‍ ഒപ്പിടും. പ്രസിഡന്‍റുസ്ഥാനം രാജിവെച്ച പ്രഫ. ശശികുമാറും ഞായറാഴ്ചത്തെ അസോസിയേഷന്‍ യോഗത്തില്‍ പങ്കെടുക്കും. മാനേജ്മെന്‍റ് സീറ്റുകളില്‍ പ്രവേശത്തിന് പല കോളജുകളും പ്രവേശപരീക്ഷ വിജയിക്കാത്ത വിദ്യാര്‍ഥികളെ മാനേജ്മെന്‍റ് സീറ്റില്‍ പ്രവേശിപ്പിക്കാന്‍ കളമൊരുക്കുന്നതിനിടെയാണ് ഇതിന് തടയിടുന്ന സര്‍ക്കാര്‍ തീരുമാനം വന്നത്. അതേസമയം, സര്‍ക്കാര്‍ സീറ്റുകളിലെ പ്രവേശത്തിനുള്ള ഓപ്ഷന്‍ സമര്‍പ്പണത്തിനുള്ള സമയം 28ന് വൈകീട്ട് അഞ്ചിന് അവസാനിക്കും. ട്രയല്‍ അലോട്ട്മെന്‍റ് ഞായറാഴ്ച പ്രസിദ്ധീകരിക്കും. 30ന് ആദ്യ അലോട്ട്മെന്‍റും പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.