തൊടുപുഴ: അനധികൃത നിര്‍മാണത്തിലൂടെ മൂന്നാറിലെ വന്‍കിട റിസോര്‍ട്ടുകള്‍ സര്‍ക്കാറിന് വരുത്തിവെച്ചത് കോടികളുടെ നഷ്ടം. മൂന്നാര്‍, ചിന്നക്കനാല്‍, പള്ളിവാസല്‍ പഞ്ചായത്തുകളിലെ 21 റിസോര്‍ട്ടുകള്‍ ചേര്‍ന്ന് 19.05 കോടിയുടെ നികുതി വെട്ടിപ്പുനടത്തിയതായി ഓഡിറ്റ് പരിശോധനയില്‍ കണ്ടത്തെി. ഓഡിറ്റ് ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് രണ്ടു ഘട്ടങ്ങളായി മൂന്നു പഞ്ചായത്തുകളില്‍ പരിശോധന നടത്തിയത്.
മൂന്നാര്‍, ചിന്നക്കനാല്‍, പള്ളിവാസല്‍ പഞ്ചായത്തുകളില്‍ എത്ര ലോഡ്ജുണ്ടെന്ന കണക്കുപോലുമില്ലാത്ത പരിതാപകരമായ അവസ്ഥയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നാറിലെ 25 റിസോര്‍ട്ടിലും പള്ളിവാസല്‍, ചിന്നക്കനാല്‍ എന്നിവിടങ്ങളിലെ 15 വീതം റിസോര്‍ട്ടിലും നടത്തിയ പരിശോധനയില്‍ വ്യാപകക്രമക്കേടാണ് കണ്ടത്തെിയത്. നിയമപരമായ രേഖകള്‍ പഞ്ചായത്തിന് കൈമാറാതെ എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് റിസോര്‍ട്ടുകള്‍ നിര്‍മിച്ചിട്ടുള്ളത്. 21 റിസോര്‍ട്ടുകളുടെ അനധികൃത നിര്‍മാണം നിലവിലെ ചട്ടങ്ങള്‍ പ്രകാരം ക്രമവത്കരിച്ചാല്‍ 19.05 കോടി സര്‍ക്കാറിന് ലഭിക്കും.
എന്നാല്‍, ഇക്കാര്യം കണ്ടില്ളെന്ന് നടിച്ചു പഞ്ചായത്ത് ഭരണസമിതികളും വെട്ടിപ്പിന് ഒത്താശ ചെയ്തതായി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. അനധികൃത നിര്‍മാണം യഥാസമയം കണ്ടത്തെി നിയമനടപടിയെടുക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ ശ്രദ്ധിച്ചില്ല. 2011ലെ പഞ്ചായത്ത് കെട്ടിട നിര്‍മാണച്ചട്ടങ്ങളില്‍ അനുശാസിക്കുന്ന രേഖകളൊന്നും ഈ റിസോര്‍ട്ടുകള്‍ സൂക്ഷിച്ചിട്ടില്ല. കാര്‍ഡമം ഹില്‍സ് റിസര്‍വില്‍ ഉള്‍പ്പെടുന്ന സ്ഥലത്ത് ഭാഗികമായി നിര്‍മിച്ച കെട്ടിടത്തിന് പൂര്‍ത്തീകരണ സാക്ഷ്യപത്രം നല്‍കിയതായും പരിശോധനയില്‍ കണ്ടത്തെി. പല വന്‍കിട കെട്ടിടങ്ങളുടെയും നികുതി ചട്ടപ്രകാരമല്ല നിര്‍ണയിച്ചിട്ടുള്ളത്. 2013ലെ നികുതി നിര്‍ണയത്തിനുശേഷം കെട്ടിടം അനധികൃതമായി വിപുലീകരിച്ച് പല സ്ഥാപനങ്ങളും നികുതി വെട്ടിച്ചിട്ടുണ്ട്.
റിസോര്‍ട്ടുകളുടെ ഭാഗമായ കോണ്‍ഫറന്‍സ് ഹാള്‍, കണ്‍വെന്‍ഷന്‍ സെന്‍റര്‍, കോട്ടേജുകള്‍ തുടങ്ങിയവ വ്യത്യസ്ത സര്‍വേ നമ്പറില്‍ വെവ്വേറെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളായി കാണിച്ച് ചില ഭാഗങ്ങള്‍ കുറഞ്ഞ വസ്തുനികുതിയുള്ള വിഭാഗത്തില്‍പെടുത്തിയും നികുതി വെട്ടിച്ചു. ഈ രീതിയില്‍ മൂന്നാര്‍ പഞ്ചായത്തിലെ 11 റിസോര്‍ട്ടുകള്‍ 7,14,249 രൂപയുടെ വെട്ടിപ്പാണ് നടത്തിയത്. പുഴയിലേക്കും സ്കൂളിലേക്കും മാലിന്യമൊഴുക്കിയതിന് നടപടി നേരിട്ട റിസോര്‍ട്ടുകളും നികുതി വെട്ടിച്ചവയില്‍ ഉള്‍പ്പെടുന്നു. നികുതിവെട്ടിച്ച റിസോര്‍ട്ടുകളെക്കുറിച്ച് കൂടുതല്‍ പരിശോധന ആവശ്യമാണെന്നാണ് റിപ്പോര്‍ട്ടിലെ ശിപാര്‍ശ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.