ഹെല്‍മറ്റില്ലാത്തവര്‍ക്ക് ആഗസ്റ്റ് ഒന്നുമുതല്‍ ഇന്ധനമില്ല

തിരുവനന്തപുരം: ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്രവാഹനയാത്രികര്‍ക്ക് ആഗസ്റ്റ്  ഒന്നുമുതല്‍ പമ്പുകളില്‍നിന്ന് ഇന്ധനം നല്‍കില്ല. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ പമ്പുകളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. സംസ്ഥാനത്തെ പ്രമുഖ എണ്ണക്കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്നും നിര്‍ദേശം നടപ്പാക്കാമെന്ന് എല്ലാവരും ഉറപ്പുനല്‍കിയതായും ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഹെല്‍മറ്റ് ധരിക്കാത്തതുമൂലം അപകടങ്ങളില്‍ മരിക്കുന്ന ഇരുചക്രവാഹന യാത്രികരുടെ എണ്ണം  വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ നടപടി. അടുത്ത ഘട്ടമായി സംസ്ഥാനതലത്തില്‍ നടപ്പാക്കും. പൊലീസിന്‍െറ സഹായവും പ്രയോജനപ്പെടുത്തും. ഇക്കാര്യത്തില്‍ ഡി.ജി.പിക്ക് കത്തെഴുതിയിട്ടുണ്ട്.

എല്ലാ പെട്രോള്‍ പമ്പിലും പുതിയ നിയന്ത്രണത്തെക്കുറിച്ച് ബോര്‍ഡ് പ്രദര്‍ശിപ്പിക്കും. ജൂലൈ ഒന്നുമുതലാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെങ്കിലും പമ്പുടമകള്‍ സാവകാശം ആവശ്യപ്പെട്ടതിനാണ് ഒരു മാസം അനുവദിച്ചത്. മൂന്ന് കോര്‍പറേഷന്‍ പരിധിയിലും എല്ലാ പെട്രോള്‍ പമ്പിലും നിരീക്ഷണ കാമറകള്‍ ഘടിപ്പിക്കും. ഇത് മോട്ടോര്‍ വാഹനവകുപ്പിന്‍െറ നിരീക്ഷണ സംവിധാനവുമായി ബന്ധിപ്പിക്കും. ഹെല്‍മറ്റില്ലാതെ എത്തി ഇന്ധനത്തിന് പ്രശ്നമുണ്ടാക്കുന്നവരെ പിടികൂടാനാണിത്. പമ്പുകളില്‍നിന്ന് വിവരമറിയിക്കുന്നതനുസരിച്ച് ഇടപെടാന്‍ എന്‍ഫോഴ്സ്മെന്‍റ് വിഭാഗത്തെയും ക്രമീകരിക്കും. ഹെല്‍മറ്റില്ലാതെ യാത്ര ചെയ്യുന്നവരില്‍നിന്ന് 100  മുതല്‍ 1000 രൂപ പിഴ ഈടാക്കാനാണ് നിര്‍ദേശം. ഒന്നില്‍ക്കൂടുതല്‍ തവണ ഹെല്‍മറ്റില്ലാതെ യാത്ര ചെയ്ത് പിടിക്കപ്പെടുന്നവരുടെ ലൈസന്‍സ് റദ്ദാക്കാനും ആലോചിക്കുന്നുണ്ട്.   

സംസ്ഥാനത്ത് റോഡപകടങ്ങളില്‍ മരിക്കുന്നവരില്‍ പകുതിയോളം ബൈക്ക് യാത്രക്കാരാണെന്നാണ് കണക്ക്. 2015ല്‍ 14482 ഇരുചക്രവാഹനാപകടങ്ങളിലായി മരിച്ചത് 1330 പേരാണ്. മരണം സംഭവിക്കുന്നതില്‍ 80 ശതമാനവും തലച്ചോറിലേല്‍ക്കുന്ന ക്ഷതം മൂലമാണ്. 2016ല്‍ ഇതുവരെ 17000 വാഹനാപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 10000 ഓളവും ഇരുചക്ര വാഹനയാത്രികരാണ്. കേന്ദ്രം പുതുതായി വിഭാവനം ചെയ്യുന്ന റോഡ് സുരക്ഷാബില്ലില്‍ ഹെല്‍മറ്റ് രഹിത യാത്രക്കുള്ള പിഴ 2500 രൂപയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.