യു.ഡി.എഫ് ചെയ്ത നല്ല കാര്യങ്ങള്‍ നയപ്രഖ്യാപനത്തില്‍ മറച്ചുവെച്ചു–പ്രതിപക്ഷം; ആരോപണം തള്ളി ഭരണപക്ഷം

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ മറച്ചുവെച്ചുള്ളതാണ് നയപ്രഖ്യാപനമെന്ന് അടൂര്‍ പ്രകാശ്.  ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാന്‍ കഴിഞ്ഞ യു.ഡി. എഫ് സര്‍ക്കാര്‍ തുടങ്ങിയ നടപടി തുടരണമെന്നും മറ്റുകാര്യങ്ങളോട് തനിക്ക് വിയോജിപ്പാണെന്നും അദ്ദേഹം നിയമസഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയില്‍ വ്യക്തമാക്കി. 2,43, 928 ഭൂരഹിതരാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 58,000 പേര്‍ക്കാണ് ഭൂമി നല്‍കിയത്. ബാക്കിയുള്ളവര്‍ക്ക് എപ്പോള്‍ ഭൂമി നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഹാരിസണ്‍ മലയാളം കമ്പനിയുടെ കൈവശമുള്ള ഭൂമി തിരിച്ചെടുക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണം. 38170 ഏക്കര്‍ തിരിച്ചെടുക്കാന്‍ നടപടി തുടങ്ങിയെങ്കിലും ഡിവിഷന്‍ ബെഞ്ചിന്‍െറ സ്റ്റേ നിലനില്‍ക്കുകയാണ്.
അതേസമയം, അടൂര്‍ പ്രകാശ് വസ്തുതകള്‍ മറച്ചുവെക്കുകയാണെന്ന് പ്രമേയത്തെ അനുകൂലിച്ച ഇ.എസ്. ബിജിമോള്‍ പറഞ്ഞു. പെരുഞ്ചാംകുട്ടിയിലെ ആദിവാസികള്‍ ഇടുക്കി കലക്ടറേറ്റിന് മുന്നില്‍ ഏറെ നാളായി ഭൂമിക്കായി സമരം നടത്തിവരുകയാണ്. തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് പരമാവധി ശിക്ഷ നല്‍കിയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇറങ്ങിപ്പോയത്. 36 തവണ പി.എല്‍.സി സിറ്റിങ് നടത്തിയെങ്കിലും അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായില്ല. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രാഷ്ട്രീയ പരിഹാരമാണ് വേണ്ടത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം സ്വാഗതാര്‍ഹമാണ്. യു.ഡി.എഫ് സര്‍ക്കാറിന്‍െറ നയങ്ങളാണ് നയമില്ലാത്ത സര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്ന് പ്രമേയത്തെ എതിര്‍ത്ത ടി.വി. ഇബ്രാഹിം പറഞ്ഞു. സര്‍ക്കാറിന്‍െറ വിദ്യാഭ്യാസ നയം എന്തെന്നു വ്യക്തമാക്കണം. കാര്‍ഷിക മേഖലക്ക് പുത്തന്‍ ഉണര്‍വ് നല്‍കുന്നതാണ് നയപ്രഖ്യാപനമെന്ന് പ്രമേയത്തെ അനുകൂലിച്ച സി.കെ. ശശീന്ദ്രന്‍ പറഞ്ഞു. ആദിവാസികളോട് കടുത്ത ദ്രോഹമാണ് കഴിഞ്ഞ സര്‍ക്കാര്‍ ചെയ്തത്. യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് പൊലീസ് വെടിവച്ചു കൊന്ന ജോഗിയുടെ മകള്‍ക്ക് ജോലി നല്‍കിയത് എല്‍.ഡി. എഫ് സര്‍ക്കാറാണ്. ഭൂമിക്കുവേണ്ടി സമരം ചെയ്ത 1476 ആദിവാസികളെയാണ് അറസ്റ്റ്ചെയ്തത്. ഇതില്‍ 185 പേര്‍ കുട്ടികളായിരുന്നു. മാതാപിതാക്കളില്ലാതെ നാലുവയസ്സുകാരിയെ നാലു ദിവസമാണ് ജയിലില്‍ പാര്‍പ്പിച്ചത്. നവകേരള സൃഷ്ടിയെന്ന പ്രഖ്യാപനം 57 മുതല്‍ കേള്‍ക്കുന്നതാണെന്ന് പ്രമേയത്തെ എതിര്‍ത്ത സി.എഫ്. തോമസ് പറഞ്ഞു. ശരദ്പവാറിന്‍െറ സഹായത്തോടെ കുട്ടനാടിന്‍െറ വികസനത്തിന് 2,140 കോടിയുടെ പദ്ധതി കൊണ്ടുവന്നെങ്കിലും 400 കോടിയുടെ കാര്യങ്ങള്‍ പോലും ചെയ്യാന്‍ യു.ഡി.എഫ് സര്‍ക്കാറിന് കഴിഞ്ഞില്ളെന്ന് പ്രമേയത്തെ അനുകൂലിച്ച തോമസ് ചാണ്ടി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.