തിരുവനന്തപുരം: കേരകൃഷി സംരക്ഷിക്കാന്‍ കര്‍മപദ്ധതിക്ക് രൂപംനല്‍കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ നിയമസഭയില്‍ അറിയിച്ചു. നാളികേരത്തില്‍നിന്ന് മൂല്യവര്‍ധിത ഉല്‍പന്നങ്ങളും വൈവിധ്യവത്കരണവും ലക്ഷ്യമിട്ട് അന്താരാഷ്ട്ര നിലവാരത്തില്‍ നാളികേര പാര്‍ക്കുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാറയ്ക്കല്‍ അബ്ദുല്ലയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നാളികേരള പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്ന ലേഖന പരമ്പര കഴിഞ്ഞ ആഴ്ച ‘മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു. കൃഷിഭവനുകള്‍ വഴി പച്ചത്തേങ്ങ സംഭരിക്കുമെന്നും സുനില്‍കുമാര്‍ അറിയിച്ചു. നിലവില്‍ തെരഞ്ഞെടുത്ത കൃഷിഭവനുകള്‍ വഴി പച്ചത്തേങ്ങ സംഭരണം നടക്കുന്നുണ്ട്. ഏകദേശം ഒന്നേകാല്‍ ലക്ഷം ടണ്‍ നാളികേരം സംഭരിച്ചുകഴിഞ്ഞു. തേങ്ങ സംഭരിച്ചതില്‍ 43 കോടി കുടിശ്ശിക നല്‍കാനുണ്ടായിരുന്നു. ഇതില്‍ 18 കോടി കൊടുത്തു. ബാക്കി ഉടന്‍ തന്നെ നല്‍കും. കാസര്‍കോട് മാത്രം നിലവിലുള്ള കേരഗ്രാമം പദ്ധതി സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 30 ഗ്രാമപഞ്ചായത്തുകളില്‍ കൂടി വ്യാപിപ്പിക്കും. കേരസമൃദ്ധി പദ്ധതിയില്‍ കൂടുതല്‍ തുക വകയിരുത്തുമെന്നും മന്ത്രി പറഞ്ഞു.
തെങ്ങുകൃഷിയില്‍നിന്ന് കൃഷിക്കാര്‍ വിട്ടുപോകുന്ന സാഹചര്യം ഉണ്ടാകില്ല. ഈ രംഗത്തെ പ്രതിസന്ധി പരിഹരിക്കാന്‍ ഹ്രസ്വകാല-ദീര്‍ഘകാല പദ്ധതികള്‍ക്ക് രൂപം നല്‍കും. നാഫെഡ് വഴി കൊപ്ര സംഭരിക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
ഹെക്ടറിന് 25000 രൂപ വീതം ധനസഹായം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നാളികേര കൃഷി നേരിടുന്ന പ്രതിസന്ധിയുടെ രൂക്ഷത അക്കമിട്ട് നിരത്തിയാണ് പാറക്കല്‍ അബ്ദുല്ല ശ്രദ്ധക്ഷണിക്കല്‍ അവതരിപ്പിച്ചത്. വിലക്കുറവ് മൂലം കര്‍ഷകര്‍ ഈ കൃഷി അവസാനിപ്പിക്കുന്ന സ്ഥിതിയിലാണ്. സര്‍ക്കാര്‍ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.