അമ്പലപ്പുഴ: ഉദ്യോഗസ്ഥ പീഡനത്തെ തുടര്‍ന്ന് അമ്പലപ്പുഴയില്‍ ചെറുകിട വ്യാപാരി കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ചു. അമ്പലപ്പുഴ പടിഞ്ഞാറെ നടയിലെ ചിത്രസ്റ്റോഴ്സ് ഉടമ അമ്പലപ്പുഴ കിഴക്കേനട ചൂരക്കാട് വീട്ടില്‍ ശ്രീകുമാറാണ് (56) മരിച്ചത്. വില്‍പന നികുതി ഉദ്യോഗസ്ഥരുടെ നിരന്തര പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് വ്യാപാരികള്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് കത്ത് എഴുതിവെച്ചാണ് ശ്രീകുമാര്‍ ജീവനൊടുക്കിയത്.
ഉദ്യോഗസ്ഥര്‍ തന്നെ പീഡിപ്പിക്കുന്നുവെന്ന് പറയുന്ന കത്തില്‍ തന്‍െറ കുടുംബത്തെ ദയവു ചെയ്ത് ബുദ്ധിമുട്ടിക്കരുതെന്നും പറയുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് ശ്രീകുമാറിന്‍െറ മൃതദേഹവുമായി വ്യാപാരികള്‍ ആലപ്പുഴയിലെ വാണിജ്യ നികുതി വകുപ്പ് ഡെപ്യൂട്ടി കമീഷണറുടെ ഓഫിസിന് മുന്നിലത്തെി പ്രതിഷേധിച്ചു. വ്യാപാരികള്‍ ഓഫിസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാനത്ത് കടകള്‍ അടച്ചിട്ട് ഹര്‍ത്താല്‍ ആചരിക്കുമെന്ന് വ്യാപാരി സംഘടനാ നേതാക്കള്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെ 8.30 ഓടെ കട തുറന്ന ശ്രീകുമാര്‍ പിറകിലെ ഗോഡൗണില്‍ തൂങ്ങി മരിക്കുകയായിരുന്നു. വിവരം അറിഞ്ഞ് വ്യാപാരികളും നാട്ടുകാരും സംഭവസ്ഥലത്ത് തടിച്ചുകൂടി. കലക്ടര്‍ എത്താതെ മൃതദേഹം മാറ്റില്ളെന്ന നിലപാടിലായിരുന്നു വ്യാപാരികള്‍. ഒടുവില്‍ ഉച്ചയോടെ ആര്‍.ഡി.ഒ ബാലമുരളി എത്തി വ്യാപാരികളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചത്. പിന്നീട് മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. സെയില്‍ ടാക്സ് ഉദ്യോഗസ്ഥര്‍ നിരന്തരം പീഡിപ്പിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്ന് ശ്രീകുമാര്‍ പരാതി പറഞ്ഞിരുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ പറഞ്ഞു.
ആറു ലക്ഷം രൂപ അടയ്ക്കണം എന്നാവശ്യപ്പെട്ട് സെയില്‍ ടാക്സ് ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തിന് 20 ദിവസം മുമ്പ് നോട്ടീസ് നല്‍കിയിരുന്നു. ഇതിന്‍െറ മൂന്നില്‍ ഒന്നു തുക അടച്ചാല്‍ മാത്രമേ ഇത് അപ്പീല്‍ നല്‍കാന്‍ കഴിയൂ. ഇതനുസരിച്ച് ഒന്നര ലക്ഷം രൂപ കഴിഞ്ഞ ദിവസം കൊല്ലത്തെ സെയില്‍ ടാക്സ് അപ്പീല്‍ കോടതിയില്‍ അടച്ചു. ഇത് കൂടാതെ മൂന്നര ലക്ഷം രൂപ വീതമുള്ള രണ്ട് റിക്കവറി നോട്ടീസും ഇദ്ദേഹത്തിന് ലഭിച്ചിരുന്നതായി വ്യാപാരികള്‍ പറയുന്നു.
സംഭവത്തിന് ഉത്തരവാദികളായ സെയില്‍ ടാക്സ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം എന്നാവശ്യപ്പെട്ട് വ്യാപാരികള്‍ ഏറെനേരം അമ്പലപ്പുഴ-തിരുവല്ല റോഡും ഉപരോധിച്ചു. അമ്പലപ്പുഴയില്‍ വ്യാപാരികള്‍ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിക്കുകയും ചെയ്തു. ഇതിനിടയില്‍ ഒരു സംഘം വ്യാപാരികള്‍ ആലപ്പുഴയിലെ ഡെപ്യൂട്ടി കമീഷണറുടെ ഓഫിസില്‍ എത്തി പ്രതിഷേധിക്കുകയും ഓഫിസിലേക്ക് തള്ളിക്കയറുകയും ചെയ്തു.
ഓഫിസിനുള്ളില്‍ കടന്ന് ഫര്‍ണിച്ചറുകളും, ഫയലുകളും മറ്റും വലിച്ചെറിഞ്ഞു. നോര്‍ത് പൊലീസ് എത്തി പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കി. ഇവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസ് എടുത്തു. ഇതിനുശേഷമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ മൃതദേഹവുമായി കൂടുതല്‍ വ്യാപാരികള്‍ ഓഫിസിന് മുന്നില്‍ എത്തി പ്രതിഷേധിച്ചത്. സംസ്കാരം പിന്നീട് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ നടന്നു. ഭാര്യ: വിജയലക്ഷ്മി. മക്കള്‍: ശ്രീചിത്ര, ശ്രീക്കുട്ടി. മരുമകന്‍: രഞ്ജിത്ത്. അമ്പലപ്പുഴയില്‍ ചെറുകിട വ്യാപാരി ശ്രീകുമാറിനെ മരണത്തിലേക്ക് തള്ളിവിട്ട ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് ജി. സുധാകരന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ധനവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇതിന് സമാധാനം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.