ജേക്കബ് തോമസിനെതിരായ നടപടി  കേന്ദ്ര നിര്‍ദേശമനുസരിച്ച് –ജിജി തോംസണ്‍

തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനെതിരെ കര്‍ശന നടപടിക്ക് ശിപാര്‍ശ ചെയ്തത് കേന്ദ്ര നിര്‍ദേശപ്രകാരമാണെന്ന് ചീഫ് സെക്രട്ടറി പദവിയില്‍നിന്ന് വിരമിച്ച ജിജി തോംസണ്‍. സ്ഥാനം ഒഴിയുന്നതിനുമുമ്പ് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രസര്‍വിസിലുള്ള ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനത്തിന് ചട്ടക്കൂടുണ്ട്. ജേക്കബ് തോമസ് മൂന്നു തവണ അച്ചടക്കം ലംഘിച്ചു. രണ്ടു തവണ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയപ്പോള്‍ തൃപ്തികരമായ മറുപടി നല്‍കിയിരുന്നു. കേന്ദ്രത്തിന്‍െറ അനുമതിയില്ലാതെ സ്വകാര്യ സ്ഥാപനത്തില്‍ ക്ളാസെടുക്കാന്‍ പോയതും ശമ്പളം പറ്റിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍  മറുപടി തൃപ്തികരമായിരുന്നില്ല. എന്നാല്‍ പ്രതിഫലമായി വാങ്ങിയ തുക അദ്ദേഹം മടക്കിനല്‍കിയതിനത്തെുടര്‍ന്ന് ഇതു സംബന്ധിച്ച നടപടികള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രത്തോട് അനുമതി ആവശ്യപ്പെട്ടിരുന്നു. 

ഇത്രയും ഗുരുതരമായ അച്ചടക്ക ലംഘനം കാണിച്ച ഉദ്യോഗസ്ഥനെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ല എന്ന് ചോദിച്ച്  കേന്ദ്രസര്‍ക്കാറില്‍നിന്ന് നോട്ടീസ് ലഭിച്ചു. തുടര്‍ന്നാണ് അദ്ദേഹത്തിന് മൂന്നാമത്തെ തവണയും നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും അംഗീകാരമായാല്‍ നടപടിയുണ്ടാകും. നടപടി സസ്പെന്‍ഷനോ പിരിച്ചുവിടലോ ഇന്‍ക്രിമെന്‍റ് തടഞ്ഞുവെക്കലോ തരംതാഴ്ത്തലോ ആകാം.പഠിപ്പിക്കുന്നത് സല്‍കര്‍മമാണെങ്കിലും കേന്ദ്രസര്‍ക്കാറിന്‍െറ അനുമതി വാങ്ങണമെന്ന് ജിജി തോംസണ്‍ പറഞ്ഞു.  
 
‘രാഷ്ട്രീയകാര്യങ്ങളില്‍ ഉപദേശമില്ല 
തിരുവനന്തപുരം: തെരഞ്ഞെടുപ്പുകാലത്ത് സര്‍ക്കാറിന്‍െറ വന്‍കിട പദ്ധതികള്‍ മുടക്കമില്ലാതെ മുന്നോട്ടുകൊണ്ടുപോകുകയാണ് തന്നെ ഏല്‍പിച്ച ചുമതലയെന്നും രാഷ്ട്രീയകാര്യങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് തന്‍െറ ഉപദേശം ആവശ്യമില്ളെന്നും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി ചൊവ്വാഴ്ച ചുമതലയേല്‍ക്കുന്ന മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍. വന്‍കിട പദ്ധതികളുടെ തടസ്സങ്ങള്‍ നീക്കാന്‍ കൂടുതല്‍ അധികാരം വേണമെന്നുള്ളതിനാലാണ് കാബിനറ്റ് പദവി നല്‍കിയത്. രാഷ്ട്രീയത്തിലിറങ്ങാന്‍ ആലോചിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കടിക്കുന്ന പട്ടിയെ ആരെങ്കിലും പണം കൊടുത്തുവാങ്ങുമോ എന്നായിരുന്നു അദ്ദേഹത്തിന്‍െറ മറുപടി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.