കണ്ണൂര്‍: മൂര്‍ഖന്‍പറമ്പിലൂടെ വ്യോമസേനയുടെ ഡോണിയര്‍-228 വിമാനം വട്ടമിട്ട് പറന്നപ്പോള്‍ കാടാച്ചിറ മാളികപ്പറമ്പിലെ ആയില്യത്ത് രാധാ നമ്പ്യാര്‍ക്ക് അറിയില്ലായിരുന്നു, തന്‍െറ മകന്‍ രഘുനാഥ് നമ്പ്യാരാണ് അതിലെ നായകനെന്ന്. മറ്റുള്ളവരെപോലെ സ്വന്തം നാട്ടില്‍ ആദ്യമായി വിമാനം വന്നിറങ്ങുന്നത് കാണാനുള്ള ആകാംക്ഷയുമായാണ് മകന്‍ യദു നമ്പ്യാര്‍, മകന്‍െറ ഭാര്യ രൂപ നമ്പ്യാര്‍ എന്നിവര്‍ക്കൊപ്പം രാധാ നമ്പ്യാര്‍ മട്ടന്നൂര്‍ മൂര്‍ഖന്‍പറമ്പിലത്തെിയത്.
പരീക്ഷണ പറക്കലിന്‍െറ ഭാഗമായുള്ള വിമാനം ആകാശത്ത് വട്ടമിട്ട് പറക്കാന്‍ തുടങ്ങിയപ്പോള്‍ പൈലറ്റിന്‍െറ പേര് വെളിപ്പെടുത്തി അനൗണ്‍സ്മെന്‍റ് ഉണ്ടായി. അപ്പോള്‍ മാത്രമാണ് രഘുനാഥ് നമ്പ്യാരാണ് വിമാനം പറത്തുന്നതെന്ന് അറിഞ്ഞത്. മകന്‍ ഇക്കാര്യം മുന്‍കൂട്ടി പറഞ്ഞില്ളെന്ന് രാധാ നമ്പ്യാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. പാവങ്ങളുടെ പടത്തലവന്‍ എ.കെ.ജിയുടെയും ജനനായകന്‍ മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെയും കുടുംബാംഗമാണ് രഘുനാഥ് നമ്പ്യാര്‍.
നിര്‍മാണം പൂര്‍ത്തിയാക്കുകയും റണ്‍വേയുടെ നീളം വര്‍ധിപ്പിക്കുകയും ചെയ്താല്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള വിമാനത്താവളമായി കണ്ണൂര്‍ മാറുമെന്ന് മകന്‍ പിന്നീട് പറഞ്ഞതായി രാധാ നമ്പ്യാര്‍ വ്യക്തമാക്കി. വ്യോമസേനയിലെ മറ്റൊരു സംഘത്തെയായിരുന്നു പരീക്ഷണ പറക്കലിന് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, പണി പൂര്‍ത്തിയാകാത്തിടത്ത് വിമാനമിറക്കാന്‍ ചിലര്‍ വൈമനസ്യം പ്രകടിപ്പിച്ചപ്പോള്‍ രഘുനാഥ് നമ്പ്യാര്‍ സ്വയം സന്നദ്ധനായി. വേദിയിലേക്ക് കടന്നുവന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മകന്‍െറ അഭിമാനനേട്ടത്തിന് സാക്ഷിയാകാനത്തെിയ രാധാ നമ്പ്യാരെ അഭിനന്ദിച്ചു.
പരേതനായ സ്ക്വാഡ്രന്‍ ലീഡര്‍ പത്മനാഭന്‍ നമ്പ്യാരുടെ മകനായ രഘുനാഥ് നമ്പ്യാര്‍ 1981ലാണ് വ്യോമസേനയില്‍ പൈലറ്റായത്. ലഘുയുദ്ധവിമാനത്തിന്‍െറ പ്രോജക്ട് ടെസ്റ്റ് വിഭാഗത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വ്യോമസേനയുടെ മിറാഷ് 2000 വിമാനം ഏറ്റവും കൂടുതല്‍ പറപ്പിച്ച ഇദ്ദേഹം 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ടൈഗര്‍ ഹില്‍ യുദ്ധമുന്നണിയില്‍ സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചു.
ഒഫന്‍സിവ് ഓപറേഷന്‍ പ്രിന്‍സിപ്പല്‍ ഡയറക്ടറായും വ്യോമ പരിശീലന വിഭാഗത്തില്‍ സ്പേസ് ആപ്ളിക്കേഷന്‍ ഡയറക്ടറായും ഇസ്രായേലില്‍ ഇന്ത്യയുടെ പ്രതിരോധ അറ്റാഷെയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിവിശിഷ്ട സേവാമെഡലും വായുസേനാ മെഡലും നേടിയിട്ടുണ്ട്. ലക്ഷ്മി നമ്പ്യാരാണ് ഭാര്യ. ഏകമകന്‍ അശ്വിന്‍ നമ്പ്യാര്‍ ഡല്‍ഹിയില്‍ കമേര്‍ഷ്യല്‍ പൈലറ്റാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.