ഘടന മാറ്റിയ ബൈക്കുകള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഹൈകോടതി

കൊച്ചി: നിര്‍മാതാക്കള്‍ നിര്‍ദേശിച്ച ഘടനയില്‍ മാറ്റം വരുത്തി നിരത്തിലോടുന്ന ഇരുചക്ര വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഹൈകോടതി. സൈലന്‍സറും ഹാന്‍ഡ്ലും മഡ്ഗാര്‍ഡും സാരി ഗാര്‍ഡുമടക്കം മാറ്റം വരുത്തുന്നവരുടെ രജിസ്ട്രേഷന്‍ റദ്ദാക്കമെന്നും ജസ്റ്റിസ് വി. ചിദംബരേഷ് ഉത്തരവിട്ടു. വാഹനഘടനയില്‍ മാറ്റം വരുത്തുന്നത് സംതുലനാവസ്ഥയെ ബാധിക്കുന്നതായും അപകടത്തിനും ശബ്ദമലിനീകരണത്തിനും കാരണമാകുന്നതായും കോടതി ചൂണ്ടിക്കാട്ടി.
ഘടനാമാറ്റം വരുത്തിയെന്നാരോപിച്ച് പിടികൂടിയ ബൈക്കിന്‍െറ ആര്‍.സി ബുക് അടക്കം  പിടിച്ചെടുത്ത വാഹന വകുപ്പ് അധികൃതരുടെ നടപടി ചോദ്യംചെയ്ത് കടവന്ത്ര സ്വദേശി ഫ്രാന്‍സിസ് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
¥ൈബക്ക് വാങ്ങുന്നവര്‍  ഇഷ്ടമനുസരിച്ച് ഘടനയില്‍ മാറ്റം വരുത്തുന്നത് നിയമവിരുദ്ധമാണ്.  ഈ പ്രവൃത്തിയിലൂടെ പൊതുജനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവാണ്. ശബ്ദം കുറക്കാനാണ് സൈലന്‍സറുകള്‍ ബൈക്കുകളില്‍ ഘടിപ്പിക്കുന്നത്. എന്നാല്‍, ഇത് മാറ്റി കാതടപ്പിക്കുന്ന ശബ്ദമുള്ള സൈലന്‍സറുകള്‍ ഘടിപ്പിക്കുകയാണ്. ഇത് മോട്ടാര്‍ വാഹന നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമാണ്. കമ്പനി ഘടിപ്പിച്ച ഹാന്‍ഡ്ല്‍ മാറ്റി ട്യൂബ് പോലുള്ള ചെറിയ ഹാന്‍ഡ്ല്‍ ബാര്‍ സ്ഥാപിക്കുന്നത് വാഹനത്തിന്‍െറ സമതുലിതാവസ്ഥ ഇല്ലാതാക്കും. ബൈക്കിന്‍െറ ഘടനയില്‍ മാറ്റംവരുത്തുമ്പോള്‍ ആര്‍.സി ബുക്കിലെ വിവരങ്ങള്‍ക്ക് വിരുദ്ധമാകുന്ന അവസ്ഥയുണ്ടാകും. ഇത്തരം ചട്ടലംഘനം കണ്ടത്തെിയാല്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളെടുക്കാന്‍ മോട്ടോര്‍ വാഹന ഇന്‍സ്പെക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കണം. സാധാരണ ലൈറ്റ് മാറ്റി തിളങ്ങുന്നത് സ്ഥാപിക്കാന്‍ അനുവദിക്കരുത്.
 മോട്ടോര്‍ വാഹന നിയമം ലംഘിച്ചതായി കണ്ടത്തെിയാല്‍ ലൈസന്‍സ് പിടിച്ചെടുക്കാന്‍ മാത്രമേ ഉദ്യോഗസ്ഥന് അധികാരമുള്ളൂവെന്ന് കോടതി വ്യക്തമാക്കി. വാഹനത്തിന്‍െറ ഘടന നിയമാനുസൃതമായ രീതിയില്‍ തിരികെ മാറ്റിയെന്ന് ഉറപ്പുവരുത്താനാണെങ്കില്‍പോലും രജിസ്ട്രേഷന്‍ ബുക്കോ മറ്റ് രേഖകളോ പിടിച്ചെടുക്കാന്‍ വകുപ്പില്ല. അതിനാല്‍, പിടിച്ചെടുത്ത രേഖകള്‍ പിഴയൊടുക്കുകയും നിയമാനുസൃതമായ രീതിയില്‍ വാഹനം ഹാജരാക്കുകയും ചെയ്യുമ്പോള്‍ തിരികെ നല്‍കാനും കോടതി നിര്‍ദേശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.