ബാര്‍ കോഴ: ബാബുവിനെതിരെ തുടര്‍ നടപടി സ്വീകരിക്കേണ്ടത് വിജിലന്‍സ് കോടതിയെന്ന്

കൊച്ചി: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ. ബാബുവിനെതിരെ തുടര്‍ നടപടിയുണ്ടാകേണ്ടത് വിജിലന്‍സ് കോടതിയില്‍നിന്നാണെന്ന് ഹൈകോടതി. ദ്രുതപരിശോധന നടത്തി വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ തുടരന്വേഷണം നടത്താന്‍ ആവശ്യമായ തെളിവുണ്ടോയെന്ന് കേസ് പരിഗണിക്കുന്ന തൃശൂര്‍ വിജിലന്‍സ് കോടതിയാണ് പരിശോധിക്കേണ്ടത്.
 ദ്രുതപരിശോധനക്ക് ഉത്തരവിട്ടശേഷം റിപ്പോര്‍ട്ടിന് കാത്തിരിക്കാതെ തുടരന്വേഷണത്തിന് ഉത്തരവിട്ടതിനാലാണ് വിജിലന്‍സ് കോടതി ഉത്തരവ് നേരത്തേ സ്റ്റേ ചെയ്തതെന്നും ജസ്റ്റിസ് പി. ഉബൈദ് വ്യക്തമാക്കി. ബാര്‍ കോഴക്കേസില്‍ തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം വേണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ കെ. ബാബു സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. കെ. ബാബുവിനെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി പരിഗണനയിലുള്ള ഡിവിഷന്‍ ബെഞ്ച് മുമ്പാകെ ഈ ഹരജിയും വിടണമെന്ന ആവശ്യം അനുവദിച്ചില്ല.
 ദ്രുതപരിശോധന റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച സാഹചര്യത്തില്‍ തുടര്‍ നടപടി അവസാനിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും കോടതി പറഞ്ഞു.  ബിജു രമേശിന്‍െറ ക്രിമിനല്‍ നടപടിക്രമം 164 പ്രകാരമുള്ള മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിച്ചതില്‍ തെറ്റില്ളെന്നും വാദത്തിനിടെ കോടതി പരാമര്‍ശിച്ചു. അഭിഭാഷകന്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ കേസ് മാര്‍ച്ച് പത്തിന് വീണ്ടും പരിഗണിക്കാന്‍ മാറ്റുന്നതായും കോടതി വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.