30 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന ചൂട്; പലയിടത്തും ജലക്ഷാമം

തിരുവനന്തപുരം: ചൂട് അസഹനീയമാംവിധം ഉയരവെ സംസ്ഥാനത്ത് പല ഭാഗങ്ങളും കുടിവെള്ള ക്ഷാമത്തിന്‍െറ പിടിയിലായി. കഴിഞ്ഞ 30 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ചൂടാണ് ഇക്കുറി അനുഭവപ്പെടുന്നത്. കുടിവെള്ളം കിട്ടാതെ പല ഭാഗത്തും ജനം നെട്ടോട്ടത്തിലാണ്. വിലകൊടുത്ത് കുടിവെള്ളം വാങ്ങുന്ന പ്രദേശങ്ങളുമുണ്ട്. പൊള്ളുന്ന കുംഭച്ചൂടില്‍ പുറത്ത് പണിയെടുക്കുന്നവര്‍ക്ക് സൂര്യാതപം ഏല്‍ക്കുന്നതായി പല ഭാഗത്തുനിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരം തൊഴിലാളികളുടെ ജോലി സമയത്തില്‍ തൊഴില്‍ വകുപ്പ് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗവും കുതിച്ചുയര്‍ന്നു. ഫെബ്രുവരി 26ന്  71.22 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ഇത് സര്‍വകാല റെക്കോഡാണ്. കഴിഞ്ഞ ദിവസം രാവിലെയും വൈകീട്ടുള്ള വൈദ്യുതി ഉപയോഗവും എക്കാലത്തെയും ഉയര്‍ന്ന തോതിലായി. ചൂടാണ് ഈ വര്‍ധനക്ക് കാരണമായത്. ചൂട് കൂടിയ വേനല്‍ക്കാലമാണെന്നും എന്നാല്‍, ഇത് വരള്‍ച്ചയല്ളെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അംഗം ഡോ. ശേഖര്‍ എല്‍. കുര്യാക്കോസ് ‘മാധ്യമ’ത്തോട് പറഞ്ഞു. ശക്തമായ ചൂട് അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ 30 വര്‍ഷത്തെ ഉയര്‍ന്ന ചൂടാണിത്. എന്നാല്‍, ഇതിനെക്കാള്‍ ഉയര്‍ന്ന ചൂട് നേരത്തേ സംസ്ഥാനത്ത് അനുഭവപ്പെട്ടിട്ടുണ്ട്.

നൂറു വര്‍ഷത്തെ ഉയര്‍ന്ന ചൂട് പോലുമല്ല ഇത്. ഇക്കുറി മഴയില്‍ നേരിയ കുറവ് മാത്രമേ ഉണ്ടായിട്ടുള്ളൂ. അതുകൊണ്ടുതന്നെ ഇത് വരള്‍ച്ചയല്ല. വേനലാണ്. ജലാശയങ്ങളില്‍ ഇപ്പോഴും ജല ലഭ്യതയുണ്ട്. പ്രാദേശികമായി ചില കുറവുകളുണ്ടാകും. ചൂട് വര്‍ധിച്ചതിന് മഴയുമായി ബന്ധമില്ല. ജല ലഭ്യത ഉറപ്പാക്കാന്‍ ഇതിനകംതന്നെ എല്ലാ ജില്ലകള്‍ക്കും ഒരു കോടി രൂപ വീതം ദുരന്തനിവാരണ ഫണ്ടില്‍നിന്ന് ലഭ്യമാക്കിയിട്ടുണ്ട്. ഇതുപയോഗിച്ച് ജലലഭ്യതക്ക് വിവിധ പരിപാടികള്‍ നടന്നുവരുന്നു. കുളങ്ങളും ജലാശയങ്ങളും ഉപയോഗിക്കാന്‍ കഴിയുംവിധം വൃത്തിയാക്കുന്നതടക്കം മികച്ച പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. മലയാളികള്‍ വേനല്‍ നേരിടാന്‍ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. വേനലിനെ നേരിടാന്‍ തയാറാകാന്‍ ശീലിക്കണം. എന്നും പൈപ്പിലൂടെ വെള്ളം ലഭിക്കാനുള്ള സാധ്യത കുറവാണെന്നും ജലസ്രോതസ്സുകള്‍ സംരക്ഷിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.